നിലവിൽ ഇന്ത്യയെ സംബന്ധിച്ച് നിലനിൽക്കുന്ന വലിയൊരു പ്രതിസന്ധിയാണ് വിക്കറ്റ് കീപ്പർ ബാറ്ററുടെ തിരഞ്ഞെടുപ്പ്. റിഷാഭ് പന്തിന് പരിക്കേറ്റതിനുശേഷം ഇന്ത്യ പല വിക്കറ്റ് കീപ്പർമാരെയും ടീമിൽ ഉൾപ്പെടുത്തുകയുണ്ടായി. എന്നാൽ ഇവർക്കാർക്കും ടീമിൽ കൃത്യമായ സന്തുലിതാവസ്ഥ ഉണ്ടാക്കിയെടുക്കാൻ സാധിച്ചില്ല എന്നതാണ് വസ്തുത. നിലവിൽ കെ എൽ രാഹുൽ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവരുടെ പേരുകളാണ് അടുത്ത ഏകദിന ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പർ എന്ന പട്ടികയിൽ ഉയർന്നു വന്നിട്ടുള്ളത്. ഇവരിൽ രാഹുലാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് എന്നാണ് ഇന്ത്യൻ താരം ദിനേശ് കാർത്തിക് പറയുന്നത്.
രാഹുലിന്റെ ഇന്ത്യൻ ടീമിലെ പ്രകടനങ്ങൾ വിലയിരുത്തിയ ശേഷമാണ് കാർത്തിക് ഈ അഭിപ്രായം ഉന്നയിച്ചിരിക്കുന്നത്. “നിലവിലെ സാഹചര്യം കണക്കിലെടുക്കുകയാണെങ്കിൽ കെ എൽ രാഹുൽ തന്നെയാണ് ഈ മൂന്നുപേരിൽ ഒന്നാമൻ. അക്കാര്യം പറയാതിരിക്കാൻ സാധിക്കില്ല. ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിൽ അഞ്ചാം നമ്പറിലാണ് രാഹുൽ കളിച്ചിരുന്നത്. അതിനാൽ തന്നെ രാഹുൽ പരിക്കിൽ നിന്ന് തിരികയെത്തുമ്പോൾ നേരിട്ട് ടീമിൽ കയറാനാണ് സാധ്യത. രാഹുലിന് ശേഷം സഞ്ചുവും ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവാൻ യോഗ്യന്മാർ.”- ദിനേശ് കാർത്തിക് പറഞ്ഞു.
ഇതോടൊപ്പം കഴിഞ്ഞ വർഷങ്ങളിൽ സഞ്ജു സാംസണിന് വന്നിരിക്കുന്ന പുരോഗതിയെ കുറിച്ചും കാർത്തിക് പറയുകയുണ്ടായി. “കഴിഞ്ഞവർഷം ഏറ്റവും പുരോഗമനമുണ്ടായിട്ടുള്ള ക്രിക്കറ്റർ സഞ്ജു സാംസൺ തന്നെയാണ്. പ്രത്യേകിച്ച് ട്വന്റി20 ലോകകപ്പിന് മുൻപുള്ള സമയത്ത്. സഞ്ജുവിന് അന്ന് വെസ്റ്റിൻഡീസിനെതിരായ ട്വന്റി20യിലും ഏകദിനത്തിലും അവസരം ലഭിച്ചിരുന്നു. അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്താൻ അദ്ദേഹത്തിന് സാധിച്ചു. കഴിഞ്ഞ 12 മാസങ്ങളായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും മികച്ച പ്രകടനമാണ് സഞ്ജു സാംസൺ കാഴ്ചവെച്ചിട്ടുള്ളത്.”- കാർത്തിക്ക് കൂട്ടിച്ചേർക്കുന്നു.
“അടുത്ത മൂന്നു മാസങ്ങളിൽ സഞ്ജുവിന് ആവശ്യമായ അവസരങ്ങൾ ലഭിക്കുമെന്നാണ് ഞാൻ കരുതുന്നത്. വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ സഞ്ജുവിന് അവസരം ലഭിക്കും. അതിനുശേഷം ഏഷ്യാകപ്പിലും അയർലണ്ടിനെതിരായ പരമ്പരയിലും ലഭിക്കും എന്നാണ് എന്റെ വിലയിരുത്തൽ. ഇത്തരം അവസരങ്ങൾ ഏറ്റവും മികച്ച രീതിയിൽ വിനിയോഗിക്കുകയാണെങ്കിൽ സഞ്ജുവിന്റെ ഭാവി ഇന്ത്യൻ ടീമിൽ സുരക്ഷിതമാവും എന്നാണ് ഞാൻ കരുതുന്നത്.”- കാർത്തിക് പറഞ്ഞുവയ്ക്കുന്നു.