ഇന്ത്യ-ഓസ്ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിലെ നാല് മത്സരങ്ങളുടെ പരമ്പരയിൽ കമന്ററി പാനലിന്റെ ഭാഗമാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ദിനേശ് കാർത്തിക്. ഇപ്പോഴിതാ കാർത്തിക് നടത്തിയ ഒരു വെളിപ്പെടുത്തൽ ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. തന്റെ കമന്ററിയുമായി ബന്ധപ്പെട്ട് ധോണി തന്നോട് പറഞ്ഞ കാര്യമാണ് കാർത്തിക് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ തന്റെ കമന്ററി കരിയർ ആരംഭിച്ചത് 2001ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടയാണ്. ധോണിയും കാർത്തികും തമ്മിൽ കളിക്കളത്തിന് അകത്തും പുറത്തും മികച്ച ബന്ധമാണ് ഉള്ളത്.
ഈ അടുത്തിടെയാണ് കളിക്കുന്ന കാലത്ത് തന്റെ പ്രിയപ്പെട്ട ബാറ്റിംഗ് പങ്കാളികളിൽ ഒരാളാണ് ധോണി എന്ന് കാർത്തിക് വെളിപ്പെടുത്തിയത്. ആരാധകരും വിമർശകരും ഒരു കമൻ്റേറ്റർ എന്ന നിലയിൽ കാർത്തികിന്റെ പ്രവർത്തനത്തെ ഒരുപോലെ പ്രശംസിക്കാറുണ്ട്. എന്നാൽ താരത്തിന് ലഭിച്ച ഏറ്റവും വലിയ പ്രശംസ കാർത്തിക് ഒരിക്കലും വിചാരിക്കാത്ത ഒരാളിൽ നിന്നുമാണ്. അത് മുൻ ഇന്ത്യൻ നായകനും നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായകനുമായ മഹേന്ദ്ര സിംഗ് ധോണിയുടെ പക്കൽ നിന്നും ആണ്.
ധോണി തൻ്റെ കമൻ്ററി ആസ്വദിച്ചു എന്നും അത് തന്റെ ജോലി കൂടുതൽ സവിശേഷമാക്കി എന്നും ഇന്ത്യൻ വിക്കറ്റ് കീപ്പർ വെളിപ്പെടുത്തി. ധോണിയെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ വായിക്കാം..”എൻ്റെ ഏറ്റവും വലിയ അംഗീകാരം ലഭിച്ചത് ഞാൻ പ്രതീക്ഷിക്കാത്ത വ്യക്തിയിൽ നിന്നുമാണ്. അത് എം.എസ് ധോണിയാണ്. എന്നെ വിളിച്ച് അദ്ദേഹം പറഞ്ഞു.”ശരിക്കും നിങ്ങളുടെ കമന്ററി ഞാൻ ആസ്വദിച്ചു.
നിങ്ങൾ സംസാരിക്കുന്നത് വളരെ വളരെ നല്ല രീതിയിൽ ആണ്.”എന്താണ് പെട്ടെന്ന് പറയേണ്ടത് എന്ന് എനിക്ക് അറിയില്ലായിരുന്നു. എനിക്ക് വലിയ സന്തോഷമാണ് അദ്ദേഹം ഇത് ആസ്വദിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ തോന്നിയത്. ഞാൻ വിചാരിച്ചത് അദ്ദേഹം സാധാരണ ഇതൊന്നും ശ്രദ്ധിക്കില്ല എന്നായിരുന്നു. എന്നാൽ ധോണി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കായിക വിനോദങ്ങൾ കാണുന്ന ഒരാളാണ്.”- കാർത്തിക് പറഞ്ഞു.