മലയാളി ക്രിക്കറ്റ് പ്രേമികളുടെ എല്ലാം തന്നെ വലിയ പ്രതീക്ഷയാണ് വിക്കെറ്റ് കീപ്പർ ബാറ്റ്‌സ്മാൻ കൂടിയായ സഞ്ജു സാംസൺ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് നായകനായ സഞ്ജു സാംസണിനെ പക്ഷേ സൗത്താഫ്രിക്കക്ക് എതിരായ ടി :20 പരമ്പരയിലേക്ക് പോലും ഇന്ത്യൻ സെലക്ടർമാർ പരിഗണിച്ചില്ല. ഇക്കഴിഞ്ഞ ഐപിഎല്ലിൽ 400ലധികം റൺസ് 150 പ്ലസ് സ്ട്രൈക്ക് റേറ്റിൽ നേടിയ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് അർഹമായ അവസരം ലഭിക്കുന്നില്ല എന്നുള്ള വിമർശനം അടക്കം ശക്തമാണ്. കൂടാതെ സഞ്ജുവിനെ മനഃപൂർവ്വം ഒഴിവാക്കുന്നു എന്നുള്ള ആരോപണം മുൻ താരങ്ങൾ അടക്കം ഉന്നയിക്കുന്നുണ്ട്.
എന്നാൽ ഇപ്പോൾ സഞ്ജുവിന്റെ സ്ഥിരതയില്ലായ്മയെ വിമർശിച്ച് രംഗത്ത് എത്തുകയാണ് മുൻ ഇന്ത്യൻ താരമായ കപിൽ ദേവ്. സഞ്ജുവിന്റെ കഴിവിൽ ആർക്കും തന്നെ യാതൊരു സംശയവും ഇല്ലെന്ന് പറയുന്ന ഇതിഹാസ താരം സഞ്ജുവിന് പലരും പ്രതീക്ഷിക്കുന്ന പ്രകടനം സ്ഥിരതയോടെ പുറത്തെടുക്കാൻ കഴിയാറില്ല എന്നും കുറ്റപ്പെടുത്തി.
ലോകക്കപ്പ് മുന്നിൽ നിൽക്കേ ദിനേശ് കാർത്തിക്ക്, ഇഷാൻ കിഷൻ, റിഷാബ് പന്ത്, സഞ്ജു എന്നിവരാണ് ഇന്ത്യൻ ടീമിന് മുൻപിലെ വിക്കെറ്റ് കീപ്പിംഗ് ഓപ്ഷൻസ് എന്നും പറഞ്ഞ കപിൽ ദേവ് സഞ്ജു തന്റെ കഴിവിനെ പൂർണ്ണമായി ഉപയോഗിക്കുന്നില്ല എന്നും വിശദമാക്കി.
‘ ദിനേശ് കാർത്തിക്ക്, ഇഷാൻ കിഷൻ, സഞ്ജു എന്നിവരിൽ ആരാണ് ഏറ്റവും മികച്ച കീപ്പർ എന്നതിൽ എനിക്ക് ഉത്തരമില്ല. എങ്കിലും ബാറ്റിങ്ങിൽ ഇവർ അവസരങ്ങൾ ഉപയോഗിക്കണം. സഞ്ജുവിന്റെ കാര്യത്തിൽ തന്നെയാണ് ഞാൻ ഏറെ നിരാശൻ. അദ്ദേഹം അനേകം കഴിവുകളുള്ള ഒരു ബാറ്റ്‌സ്മാനാണ്. എന്നാൽ അദ്ദേഹം കാഴ്ചവെക്കുന്ന പ്രകടനത്തിൽ ഇത് കാണാൻ കഴിയുന്നില്ല.കൂടാതെ ഒന്നോ രണ്ടോ കളികൾക്ക് ശേഷം അദ്ദേഹം നിരാശ മാത്രമാണ് നൽകുന്നത്. ഇത് കേവലം സ്ഥിരതയില്ലായ്മ തന്നെയാണ്” കപിൽ ദേവ് അഭിപ്രായം വ്യക്തമാക്കി.