2023 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ തുടക്കത്തിൽ തന്നെ ഗുജറാത്ത് ടൈറ്റൻസ് ടീമിന് വമ്പൻ തിരിച്ചടി. സീസണിലെ ആദ്യ മത്സരത്തിൽ പരിക്കേറ്റ ഗുജറാത്തിന്റെ സൂപ്പർതാരം കെയിൻ വില്യംസൺ 2023 ഐപിഎല്ലിലെ അവശേഷിക്കുന്ന മത്സരങ്ങൾ കളിച്ചേക്കില്ല എന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തു വരുന്നത്. അഹമ്മദാബാദിൽ ചെന്നൈക്കെതിരെ നടന്ന മത്സരത്തിനിടയായിരുന്നു കെയിൻ വില്യംസന്റെ കാൽമുട്ടിന് പരിക്കേറ്റത്. സ്പോർട്സ് ടാക്കിന്റെ റിപ്പോർട്ട് പ്രകാരം, വില്യംസൺ ഈ സീസണിലെ അവശേഷിക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കളിക്കില്ല. ഗുജറാത്ത് ടൈറ്റൻസിനെ സംബന്ധിച്ച് വലിയൊരു നഷ്ടം തന്നെയാണ് ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഉണ്ടായിരിക്കുന്നത്.
ചെന്നൈയ്ക്കെതിരായ മത്സരത്തിൽ ഋതുരാജ് ഗൈക്കുവാഡിന്റെ ഒരു സിക്സർ സേവ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു വില്യംസൺ. ഉയർന്ന് ചാടി പന്ത് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചെങ്കിലും വില്യംസണ് തന്റെ ബാലൻസ് നഷ്ടമാവുകയും, ബൗണ്ടറി ലൈനിലേക്ക് വീഴുകയും ചെയ്തു. ആ സമയത്ത് അദ്ദേഹത്തിന്റെ കാൽമുട്ട് മൈതാനത്ത് ഇടിക്കുകയായിരുന്നു. ശേഷം എഴുന്നേറ്റ് വരാൻ വില്യംസന് സാധിച്ചില്ല. ഉടൻതന്നെ ഗുജറാത്ത് ടൈറ്റൻസിന്റെ മെഡിക്കൽ ടീം വില്യംസണിന്റെ അടുത്തേക്ക് ഓടിയെത്തി. കുറച്ചുസമയം മത്സരത്തിൽ ഇടവേള എടുത്തശേഷം, വില്യംസനെ കൂടുതൽ പരിശോധനയ്ക്കായി മൈതാനത്തു നിന്നും മാറ്റുകയാണ് ചെയ്തത്.
“വില്യംസണിന്റെ പരിക്ക് അത്ര നല്ലതായി തോന്നുന്നില്ല. എന്തായാലും മോശമായി ഒന്നും സംഭവിക്കില്ല എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ പരിക്കിനെ സംബന്ധിച്ചുള്ള പൂർണവിവരങ്ങൾ ഞങ്ങൾ ഉടൻതന്നെ അറിയാൻ ശ്രമിക്കുന്നതാണ്.”- ഗുജറാത്തിന്റെ പരിശീലകൻ ഗ്യാരി ക്രിസ്റ്റിൻ മത്സരത്തിനിടെ പറയുകയുണ്ടായി. ഗുജറാത്തിനെ സംബന്ധിച്ച് തങ്ങളുടെ നിരയിലെ ഒരു പ്രധാന കളിക്കാരൻ തന്നെയായിരുന്നു വില്യംസൺ. അതിനാൽതന്നെ ഇത്തരം വലിയൊരു വിടവ് ഏതുതരത്തിൽ ഗുജറാത്ത് നികത്തും എന്നത് കണ്ടറിയേണ്ടതാണ്.
എന്നിരുന്നാലും ആദ്യ മത്സരത്തിൽ മികവാർന്ന തുടക്കം തന്നെയാണ് ഗുജറാത്ത് ടീമിൽ ലഭിച്ചിരിക്കുന്നത്. 2022ലെ മിന്നും പ്രകടനം ആവർത്തിച്ച് 2023ലും കിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഗുജറാത്ത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ 5 വിക്കറ്റിനായിരുന്നു ഗുജറാത്ത് പരാജയപ്പെടുത്തിയത്. റാഷിദ് ഖാനായിരുന്നു പ്ലെയർ ഓഫ് ദി മാച്ച്.