ഓരോ ഫോർമാറ്റുകളിലും വ്യത്യസ്ത നായകന്മാരെ നിയമിക്കുന്ന രീതിയിൽ തനിക്ക് താല്പര്യമില്ല എന്ന് മുൻ പാക്കിസ്ഥാൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മൽ. ഇന്ത്യയുടെ എല്ലാ ഫോർമാറ്റുകളിലെയും നായകസ്ഥാനം രോഹിത് ശർമയെ ഏൽപ്പിച്ചത് അദ്ദേഹത്തെ മോശമായി ബാധിച്ചു എന്നും മുൻ പാക്കിസ്ഥാൻ താരം പറഞ്ഞു. പാക്കിസ്ഥാൻ താരത്തിന്റെ പരിഹാസം ന്യൂസിലാൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ ആശയക്കുഴപ്പത്തിൽ ആയത് ചൂണ്ടിക്കാട്ടിയാണ്.
തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു മുൻ പാക്ക് താരത്തിന്റെ പരിഹാസം.വിരാട് കോഹ്ലി ടീം ഇന്ത്യയെ അഞ്ചു വർഷത്തോളം എല്ലാ ഫോർമാറ്റുകളിലും ഫലപ്രദമായി നയിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.”രണ്ട് നായകന്മാരെ നിങ്ങൾക്ക് ഉറപ്പായും നിയമിക്കാം. അങ്ങനെ ജോലി ഭാരം കൈകാര്യം ചെയ്യാം.
മൂന്ന് ഫോർമാറ്റുകളിലും നായകനായി ഇരിക്കുന്നത് എളുപ്പമുള്ള കാര്യമല്ല. 5 വർഷത്തോളം എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിനെ നയിച്ച കോഹ്ലി ധീരനാണ്. ഇപ്പോൾ രോഹിത് ശർമയുടെ അവസ്ഥ നോക്കൂ. അദ്ദേഹം ടോസ് നേടിയാൽ ബാറ്റിംഗ് വേണോ ബൗളിംഗ് വേണോ എന്ന് പറയാൻ പോലും മറന്നിരിക്കുന്നു. ഞാൻ മൂന്ന് ഫോർമാറ്റുകളിലും മൂന്ന് നായകന്മാർ എന്ന രീതി പിന്തുണയ്ക്കില്ല.
ലോകകപ്പ് ക്രിക്കറ്റ് അടുത്തു തന്നെയുണ്ട്. അതുകൊണ്ട് ഇപ്പോൾ നായകനെ മാറ്റുവാൻ ഒന്നും സമയമില്ല. ഇന്ത്യ ട്വന്റി-ട്വന്റി ലോകകപ്പ് കഴിഞ്ഞ ഉടനെ തന്നെ നായകനെ മാറ്റണമായിരുന്നു. അപ്പോൾ പുതിയ നായകന് കുറച്ച് സമയം ലഭിക്കുമായിരുന്നു.”-മുൻ പാക്കിസ്ഥാൻ താരം പറഞ്ഞു. ട്വെൻ്റി ട്വൻ്റി പരമ്പരയിൽ നിന്നും രോഹിത് ശർമയെ നായക സ്ഥാനത്തു നിന്നും ഒഴിവാക്കിയിരുന്നു. നിലവിൽ ഹർദിക് പാണ്ഡ്യയാണ് ഇന്ത്യയെ ട്വൻ്റി20 ഫോർമാറ്റിൽ നയിക്കുന്നത്.