ഇന്ത്യ-ഓസ്ട്രേലിയ ആദ്യ ടെസ്റ്റിന് മുൻപ് വളരെയേറെ ശ്രദ്ധേയമായ ഒന്നായിരുന്നു ഓസീസിന്റെ പരിശീലന രീതികൾ. ആദ്യ മത്സരത്തിനു മുമ്പായി പരിശീലന മത്സരം ആവശ്യമില്ല എന്ന ഓസിസ് പറയുകയുണ്ടായി. പിന്നാലെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിന്റെ അപരനെ കണ്ടെത്തി ഓസീസ് പരിശീലനങ്ങൾ ആരംഭിക്കുകയാണ് ഉണ്ടായത്. അശ്വിന്റെ ബോളിങ് ആക്ഷനുമായി വളരെയേറെ സാമ്യമുള്ള വിദർഭ സ്പിന്നർ മഹേഷ് പിതിയയെ ആയിരുന്നു ഓസീസ് പരിശീലനത്തിനായി നെറ്റ് ബോളറായി മാറ്റിയത്.
എന്നാൽ ഈ തന്ത്രം പൂർണ്ണമായും പരാജയപ്പെട്ടതായിരുന്നു ആദ്യ മത്സരത്തിൽ കണ്ടത്. അശ്വിന്റെ ഡ്യൂപ്ലിക്കേറ്റിനെ ഇറക്കി കളി പഠിക്കാൻ ശ്രമിച്ചിട്ടും ഓസീസ് അമ്പേ പരാജയപ്പെട്ടു. മത്സരത്തിൽ എട്ട് വിക്കറ്റുകൾ നേടിയ അശ്വിൻ ഓസീസിന്റെ നട്ടെല്ലൊടിച്ചാണ് മടങ്ങിയത്. ഇതിനുശേഷം ഒരുപാട് പരിഹാസവർഷങ്ങൾ ഓസിസീനെതിരെ എത്തുകയുണ്ടായി. ഇപ്പോൾ ഓസ്ട്രേലിയക്കെതിരെ ട്രോളുമായി രംഗത്ത് വന്നിരിക്കുന്നത് ഇന്ത്യയുടെ മുൻ താരം മുഹമ്മദ് കൈഫ് ആണ്.
അശ്വിന്റെ ഡ്യൂപ്ലിക്കേറ്റിനെ കണ്ടെത്തിയതുപോലെ ഓസീസ് ഇനി ജഡേജയുടെ ഡ്യൂപ്ലിക്കേറ്റിനെ അന്വേഷിച്ചു പോകുമോ എന്നാണ് കൈഫ് തന്റെ ട്വിറ്ററിലൂടെ ചോദിച്ചിരിക്കുന്നത്. “ഡ്യൂപ്ലിക്കേറ്റ് അശ്വിനെയും യഥാർത്ഥ അശ്വിനെയും നേരിടുമ്പോഴുള്ള വ്യത്യാസം ഓസ്ട്രേലിയക്ക് ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും. ഒരു യുവ ഫസ്റ്റ് ക്ലാസ് സ്പിന്നറെ പഠിച്ചു കൊണ്ട്, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറിനെതിരെ തന്ത്രം രൂപീകരിക്കുന്നത് പ്രായോഗികമല്ല. ഡൽഹി മത്സരത്തിൽ ഏതായാലും ഓസ്ട്രേലിയ ജഡേജയുടെ ഡ്യൂപ്ലിക്കേറ്റിനെ അന്വേഷിച്ചു പോവില്ല എന്നാണ് വിശ്വാസം.”- മുഹമ്മദ് കൈഫ് പറഞ്ഞു.
മത്സരത്തിൽ അശ്വിനെ പോലെ മികച്ച പ്രകടനം തന്നെയാണ് ജഡേജയും കാഴ്ചവച്ചത്. അശ്വിനെ പോലെ തന്നെ ജഡേജയെയും നേരിടുന്നതിൽ ഓസീസ് മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. ഇരുവരും വരുന്ന മത്സരങ്ങളിലും ഓസിസിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.