കോഹ്ലിയെ ബിസിസിഐ വഞ്ചിയ്ക്കുകയാണ്. എന്തിനാണ് ഇനിയും ക്രൂരത?? ചോദ്യവുമായി മുൻ ഓസീസ് താരം.

ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ഫൈനൽ ടെസ്റ്റിൽ ബാറ്റിംഗിൽ അത്ര മികച്ച പ്രകടനം പുറത്തെടുക്കാൻ വിരാട് കോഹ്ലിക്ക് സാധിച്ചിരുന്നില്ല. നിർണായകമായ ആദ്യ ഇന്നിങ്സിൽ കേവലം 14 റൺസ് മാത്രമായിരുന്നു വിരാട് കോഹ്ലി നേടിയത്. കോഹ്ലിയുടെ ഈ മോശം ഇന്നിങ്സിനെതിരെ വലിയ രീതിയിൽ സാമൂഹ്യ മാധ്യമങ്ങളിൽ വിമർശനം ഉയരുകയുണ്ടായിരുന്നു. ശേഷം കോഹ്ലി ഇതിനൊക്കെ മറുപടി നൽകുകയും ചെയ്തു. എന്നാൽ വിരാട് കോഹ്ലിയെ സത്യത്തിൽ ബിസിസിഐ ചതിക്കുകയാണ് എന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഓസീസ് താരം ജസ്റ്റിൻ ലാംഗർ. തന്റെ പ്രസ്താവനക്കുള്ള കാരണം വ്യക്തമാക്കിയാണ് ലാംഗർ സംസാരിച്ചത്.

വിരാട് കോഹ്ലിയെ നായക സ്ഥാനത്ത് നിന്ന് ബിസിസിഐ മാറ്റിയത് ചതിയാണ് എന്നാണ് ലാംഗർ വിശേഷിപ്പിക്കുന്നത്. “വിരാട് കോഹ്ലിയിൽ എന്താണ് ബിസിസിഐക്ക് ഇഷ്ടമാകാതിരുന്നത് എന്നതാണ് ചോദ്യം. വിരാടിന്റെ ആക്രമണോത്സുകമായ ശൈലിയും, ടീമിനോടും വിജയം നേടാനുമുള്ള ആ ഇഷ്ടവും, അവന്റെ ബാറ്റിംഗുമൊക്കെ വളരെ മികച്ചതായിരുന്നു. നായകൻ എന്ന നിലയിൽ മികവാർന്ന പ്രകടനങ്ങൾ തന്നെയാണ് വിരാട് കോഹ്ലി കാഴ്ചവച്ചിരുന്നത്. എന്നാൽ ബിസിസിഐ കോഹ്ലിയോട് അനീതി കാട്ടുകയാണ് ചെയ്തത്. കോഹ്ലിയെ ബിസിസിഐ അല്പമെങ്കിലും ബഹുമാനിച്ചിരുന്നുവെങ്കിൽ ഏകദിനത്തിലെ നായക സ്ഥാനമെങ്കിലും നൽകേണ്ടിയിരുന്നു.”- ലാംഗർ പറഞ്ഞു.

മുൻപ് വലിയ വിവാദമായ സംഭവം തന്നെയായിരുന്നു വിരാട് കോഹ്ലിയെ നായക സ്ഥാനത്തു നിന്നും മാറ്റം ചെയ്തത്. ഇന്ത്യയുടെ മുൻ താരം സൗരവ് ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റായിരുന്ന സമയത്തായിരുന്നു കോഹ്ലിയെ നായക സ്ഥാനത്തുനിന്ന് മാറ്റാനുള്ള നിർണായകമായ തീരുമാനമെടുത്തത്. 2021 ട്വന്റി20 ലോകകപ്പിന് ശേഷമായിരുന്നു ബിസിസിഐ ഈ തീരുമാനത്തിന് വഴിവച്ചത്. ട്വന്റി20 ലോകകപ്പ് അവസാനിച്ചശേഷം കോഹ്ലി, ട്വന്റി20 നായക സ്ഥാനത്തുനിന്ന് താൻ മാറുകയാണ് എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ ടെസ്റ്റ് മത്സരങ്ങളിലും ഏകദിനങ്ങളിലും നായകനായി തുടരാൻ തനിക്ക് താല്പര്യമുണ്ടെന്നും കോഹ്ലി അറിയിക്കുകയുണ്ടായി.

എന്നാൽ മൂന്ന് ഫോർമാറ്റുകളിലും സ്പ്ലിറ്റ് ക്യാപ്റ്റൻസി യോജിക്കില്ല എന്ന അഭിപ്രായം ബിസിസിഐ മുൻപിലേക്ക് വയ്ക്കുകയും, കോഹ്ലിയെ എല്ലാ ഫോർമാറ്റിലെയും നായക സ്ഥാനത്തു നിന്നും മാറ്റുകയുമാണ് ചെയ്തത്. ഇന്ത്യയുടെ നായകനായിരുന്ന സമയത്ത് മികച്ച റെക്കോർഡുകൾ തന്നെയായിരുന്നു വിരാട് കോഹ്ലിക്ക് ഉണ്ടായിരുന്നത്. ഐസിസി കിരീടങ്ങൾ നേടാൻ സാധിച്ചിരുന്നില്ലെങ്കിലും, വിദേശ പിച്ചുകളിൽ പോലും ഇന്ത്യയ്ക്ക് വലിയ വിജയങ്ങൾ നേടിക്കൊടുക്കാൻ കോഹ്ലിക്ക് സാധിച്ചിരുന്നു. ഓസ്ട്രേലിയയിൽ കളിച്ച രണ്ടു ബോർഡർ-ഗവാസ്കർ ട്രോഫികളിൽ ഇന്ത്യ വിജയം നേടാനും വിരാട് കോഹ്ലി വലിയ കാരണമായി. എന്നാൽ കോഹ്ലിയെ പെട്ടെന്ന് നായക സ്ഥാനത്തു നിന്നും മാറ്റിയത് ഇന്ത്യയ്ക്ക് തിരിച്ചടിയുണ്ടാക്കുകയും ചെയ്തിരുന്നു.

Previous articleഇതിലും ഭേദം കിഷനും സഞ്ജുവും. വീണ്ടും ദുരന്തമായി ഭരത് മാറുന്നു.
Next articleവീണ്ടുമൊരു അതിമനോഹര ക്യാച്ചുമായി കാമറൂണ്‍ ഗ്രീന്‍. 18 റണ്‍സുമായി ഗില്‍ പുറത്ത്.