ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കായി വളരെ നേരത്തെ തന്നെ യാത്ര തിരിക്കാൻ ഇന്ത്യൻ താരങ്ങളായ രാഹുലും ധ്രുവ് ജൂറലും. ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇരുതാരങ്ങൾക്കും വേണ്ടരീതിയിൽ അവസരങ്ങൾ ലഭിച്ചിരുന്നില്ല. രാഹുൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ചിരുന്നുവെങ്കിലും, ജൂറലിന് കുറച്ചു സമയം മാത്രമാണ് മൈതാനത്ത് ചിലവഴിക്കാൻ സാധിച്ചത്.
റിഷഭ് പന്തിന്റെ ബാക്കപ്പ് താരമായാണ് ജൂറൽ മൈതാനത്ത് എത്തിയത്. വേണ്ട രീതിയിൽ മത്സര സമയം ഇരുതാരങ്ങൾക്കും ലഭിക്കാത്ത സാഹചര്യത്തിലാണ് നേരത്തെ തന്നെ ഇവരെ ഓസ്ട്രേലിയൻ പര്യടനത്തിനായി അയക്കാൻ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇരു താരങ്ങളും കളിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ന്യൂസിലാൻഡിനെതിരെ അവിശ്വസനീയമായ ഒരു പരാജയമായിരുന്നു ഇന്ത്യ നേരിട്ടത്. ഇതിന് ശേഷമാണ് ഓസ്ട്രേലിയൻ പര്യടനത്തിനായി ഇന്ത്യ തയ്യാറെടുക്കാൻ ഒരുങ്ങുന്നത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയ എ ടീമിനെതിരായ മത്സരം നടക്കുന്നത്. ഇതിന് ശേഷം ബോർഡർ- ഗവാസ്കർ ട്രോഫി ആരംഭിക്കും. നേരത്തെ ഇന്ത്യൻ ടീമിന്റെ ഒരു ഇൻട്ര- സ്‌ക്വാഡ് മത്സരം പരമ്പരയ്ക്ക് മുന്നോടിയായി നിശ്ചയിച്ചിരുന്നു. എന്നാൽ ശേഷം ഇന്ത്യൻ ടീം മാനേജ്മെന്റ് അത് ഒഴിവാക്കുകയാണ് ചെയ്തത്. താരങ്ങൾ കൂടുതലായി നെറ്റ് സെഷനിലും മറ്റും ശ്രദ്ധ ചെലുത്താനായാണ് ഇൻട്ര സ്ക്വഡ് മത്സരം ഉപേക്ഷിച്ചത്.
അതുകൊണ്ടു തന്നെ രാഹുലിനും ജൂറലിനും അനൗദ്യോഗിക ടെസ്റ്റ് മത്സരം അത്രമാത്രം നിർണായകമാണ്. ഇരു താരങ്ങളും നവംബർ അഞ്ചിന് തന്നെ ഓസ്ട്രേലിയയിൽ എത്തുമെന്നാണ് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്. ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ രാഹുലിന് കളിക്കാൻ സാധിചെങ്കിലും വളരെ മോശം പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. ശേഷം രാഹുലിനെ ഇന്ത്യ ഒഴിവാക്കുകയും, ഇന്ത്യ മധ്യനിരയിലേക്കായി സർഫറാസ് ഖാനെ ഉൾപ്പെടുത്തുകയുമാണ് ചെയ്തത്
അതേസമയം ജൂറൽ റിഷഭ് പന്തിന്റെ ബാക്കപ്പ് താരമായി മാത്രമാണ് സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നത്. പന്തിന്റെ കാൽമുട്ടിന് പരിക്കേറ്റ സാഹചര്യത്തിലാണ് ജൂറൽ മൈതാനത്ത് എത്തിയത്. എന്തായാലും ഇന്ത്യയെ സംബന്ധിച്ച് ഇരു താരങ്ങളുടെയും പ്രകടനം ബോർഡർ- ഗവാസ്കർ ട്രോഫിയിൽ വളരെ നിർണായകമാണ്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ എത്തണമെങ്കിൽ ഇന്ത്യയ്ക്ക് പരമ്പരയിൽ 4 വിജയങ്ങൾ ആവശ്യമാണ്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഓസ്ട്രേലിയൻ മണ്ണിൽ 4 വിജയങ്ങൾ സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ എന്ന കാര്യം വ്യക്തമല്ല. ന്യൂസിലാൻഡിനെതിരെ അവിചാരിതമായ പരാജയങ്ങളാണ് ഇന്ത്യ ഏറ്റുവാങ്ങിയത്