ക്രിക്കറ്റ് ലോകം വളരെ അധികം ആവേശത്തോടെയാണ് ആഷസ് ക്രിക്കറ്റ് ടെസ്റ്റ് പരമ്പര വീക്ഷിക്കാറുള്ളത്. എല്ലാ അർഥത്തിലും വാശിയേറിയ മത്സരം നടക്കാറുള്ള ആഷസിലെ ഒന്നാമത്തെ ടെസ്റ്റിൽ ഓസ്ട്രേലിയൻ ടീം ഒൻപത് വിക്കറ്റ് ജയം കരസ്ഥമാക്കിയപ്പോൾ രണ്ടാം ടെസ്റ്റിൽ നായകൻ പാറ്റ് കമ്മിൻസ് ഇല്ലാതെയാണ് ഓസ്ട്രേലിയൻ ടീമിന്റെ വരവ്. രണ്ടാം പിങ്ക് ബോൾ ടെസ്റ്റിൽ ഒന്നാം ദിനം പക്ഷേ ഏറ്റവും അധികം കയ്യടികൾ നേടുന്നത് ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറാണ്. അസാധ്യമായ ക്യാച്ചിലൂടെയാണ് താരം ഓസ്ട്രേലിയൻ ഓപ്പണറുടെ വിക്കറ്റ് നേടിയത്.
രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ആദ്യം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയൻ ടീമിന് എട്ടാം ഓവറിൽ തന്നെ ആദ്യത്തെ വിക്കറ്റ് നഷ്ടമായി. ഇംഗ്ലണ്ട് ടീമിലേക്ക് തിരികെ എത്തിയ ഫാസ്റ്റ് ബൗളർ സ്റ്റുവർട് ബ്രോഡ് എറിഞ്ഞ ഒരു ലെഗ് സൈഡ് ട്രാപ്പ് ബോളിൽ മാർക്ക് ഹാരിസിന്‍റെ വിക്കറ്റ് നഷ്ടമാകുകയായിരുന്നു. തന്റെ ഏറെ ദൂരെ കൂടെ പോയ ബോൾ വലത്തേ സൈഡിലേക്ക് ചാടിയാണ് വിക്കറ്റ് കീപ്പർ ബട്ട്ലർ പിടിച്ചെടുത്തത്.
അതേസമയം കഴിഞ്ഞ ദിവസം ഒരു കോവിഡ് പോസിറ്റീവ് രോഗിക്കൊപ്പം അവിചാരിതമായി സമ്പർക്കത്തിലായ പാറ്റ് കമ്മിൻസ് രണ്ടാം ടെസ്റ്റ് കളിക്കില്ല എന്ന് മത്സരത്തിന് മുൻപാണ് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചത്. കമ്മിൻസിന്‍റെ അഭാവത്തിൽ മുൻ നായകൻ സ്റ്റീവ് സ്മിത്ത് നീണ്ട നാളത്തെ ഇടവേളക്ക് ശേഷം ടെസ്റ്റ് ക്യാപ്റ്റൻസി റോളിലേക്ക് എത്തി. ട്രാവിസ് ഹെഡ് ഉപനായകനായി മാറിയപ്പോൾ പേസർ നാസിർ തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു.