മുംബൈയുടെ 16 കോടി കാറ്റിൽപറത്തി അവൻ മടങ്ങി. 190 റൺസ് വഴങ്ങി, 2 വിക്കറ്റുകൾ മാത്രം.

MUMBAI INDIANS 2023

ഇന്ത്യൻ പ്രീമിയർ ലീഗിൽ വളരെ പ്രതീക്ഷയോടെ തന്നെ മുംബൈ ഇന്ത്യൻസ് ലേലത്തിൽ സ്വന്തമാക്കിയ കളിക്കാരനായിരുന്നു ഇംഗ്ലണ്ടിന്റെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ. എന്നാൽ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം പ്രകടനങ്ങളാണ് ആർച്ചർ കാഴ്ചവച്ചത്. മാത്രമല്ല സീസൺ അവസാനിക്കുന്നതിന് മുൻപ് ആർച്ചർ പരിക്കിനെ തുടർന്ന് ടൂർണമെന്റിൽ നിന്ന് മാറിയിരിക്കുകയാണ്. ആർച്ചർക്ക് പകരക്കാരനായി ഇംഗ്ലണ്ടിന്റെ തന്നെ സ്റ്റാർ പേസർ ക്രിസ് ജോർദനെ മുംബൈ സ്വന്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ആർച്ചർ മുംബൈയ്ക്ക് നൽകിയ നിരാശ ചെറുതല്ല. 2022 ലേലത്തിലായിരുന്നു ആർച്ചറെ മുംബൈ എട്ടു കോടി രൂപയ്ക്ക് സ്വന്തമാക്കിയത്.

എന്നാൽ 2022 സീസണിൽ മുംബൈക്കായി ആർച്ചർ കളിച്ചില്ല. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിൽ ആയതിനാലാണ് ആർച്ചർ 2022ലെ സീസണിൽ നിന്ന് ഒഴിവായത്. എന്നാൽ ആർച്ചറെ പകരം നൽകാനോ ഒഴിവാക്കാനോ മുംബൈ തയ്യാറായില്ല. 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർച്ചർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു മുംബൈ. അങ്ങനെ പ്രതീക്ഷിച്ചത് പോലെ 2023 ഇന്ത്യൻ പ്രീമിയർ ലീഗിൽ ആർച്ചർ മുംബൈയ്ക്കൊപ്പം ചേർന്നു. അതിനാൽ തന്നെ പ്രതീക്ഷകൾ വാനോളമായിരുന്നു. എന്നാൽ ഇതെല്ലാം അവസാനിപ്പിച്ച് മോശം പ്രകടനങ്ങളുമായാണ് ആർച്ചർ ഇത്തവണ മടങ്ങുന്നത്. ഇതുവരെ ഈ സീസണിൽ 5 മത്സരങ്ങൾ മാത്രമാണ് ആർച്ചർ മുംബൈയ്ക്കായി കളിച്ചിട്ടുള്ളത്. ഇതിൽനിന്ന് ആർച്ചർ കേവലം രണ്ട് വിക്കറ്റുകൾ മാത്രമാണ് നേടിയത്. മാത്രമല്ല കളിച്ച മത്സരങ്ങളിലൊന്നും തന്നെ ആർചർ തന്റെ ഫോമിന്റെ അടുത്തുപോലും എത്തിയിരുന്നില്ല എന്നതും വസ്തുതയാണ്.

Read Also -  ഒന്നിനും കൊള്ളാത്തവനാണ് ഗിൽ, ഇന്ത്യ എന്തിന് അവനെ നായകനാക്കി. വിമർശനവുമായി അമിത് മിശ്ര.
JOFRA ARCHER

ആർച്ചറിന്റെ ഈ മോശം ഫോം മുംബൈ ഇന്ത്യൻസിനെ കഴിഞ്ഞ മത്സരങ്ങളിലൊക്കെയും ബാധിക്കുകയുണ്ടായി. മാത്രമല്ല ആർച്ചറുടെ ഫിറ്റ്നസ് പ്രശ്നങ്ങൾ മുംബൈക്ക് പലപ്പോഴും തലവേദനയായി മാറി. ഈ സീസണിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 20 ഓവറുകളാണ് ആർച്ചർ പന്തറിഞ്ഞത്. ഇതിൽ നിന്ന് 190 റൺസ് ആർച്ചർ വിട്ടു നൽകുകയുണ്ടായി. 9.5 റൺസ് ആണ് ആർച്ചറുടെ എക്കണോമി. ഇത്രയും റൺസ് വിട്ടുനൽകിയിട്ടും കേവലം രണ്ട് വിക്കറ്റുകൾ മാത്രമേ ആർച്ചർ സ്വന്തമാക്കിയുള്ളൂ എന്നതും വളരെ പരിതാപകരം തന്നെയാണ്. അതിനാൽ തന്നെ അടുത്ത സീസണിൽ മുംബൈ ആർച്ചറെ നിലനിർത്തുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്.

സീസണിൽ നിന്ന് പിന്മാറിയതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലടക്കം ആർച്ചർക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നിരിക്കുന്നത്. രണ്ടു സീസണിലും 8 കോടി രൂപ വച്ച് 16 കോടി രൂപയാണ് മുംബൈ ആർച്ചർക്കായി മുടക്കിയിരുന്നത്. എന്നിട്ടും ആർച്ചർ ടീമിനോട് വേണ്ടവിധത്തിൽ നീതിപുലർത്തിയില്ല എന്ന് ആരാധകർ പറയുന്നു. എന്തായാലും മുംബൈക്ക് വലിയ തലവേദനയുണ്ടാക്കി തന്നെയാണ് ആർച്ചർ ഈ സീസൺ അവസാനിപ്പിച്ചിരിക്കുന്നത്.

Scroll to Top