ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് ടീം മൂന്ന് ടെസ്റ്റ് മത്സര പരമ്പരയിൽ 1-0ന് മുന്നിലെത്തി. ബെൻ സ്റ്റോക്സ് ക്യാപ്റ്റനായി എത്തിയ ആദ്യത്തെ മത്സരത്തിൽ മുൻ നായകനായ ജോ റൂട്ട് നേടിയ സെഞ്ച്വറിയാണ് ഇംഗ്ലണ്ട് ടീമിന് വിജയം ഒരുക്കിയത്.
ഇന്നലെ രണ്ടാം ഇന്നിംഗ്സിൽ സെഞ്ച്വറി നേടിയ ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിലെ അപൂർവ്വമായ നേട്ടങ്ങൾക്കും അവകാശിയായി. ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ഇരുപത്തിയാറാം സെഞ്ച്വറി നേടിയ റൂട്ട്, ടെസ്റ്റ് ക്രിക്കറ്റിൽ അലിസ്റ്റർ കുക്കിന് ശേഷം 10000 റൺസ് പിന്നിടുന്ന ആദ്യത്തെ ഇംഗ്ലണ്ട് താരമായി മാറി. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചു 10 വർഷത്തിനുള്ളിലാണ് താരം 10000 റൺസ് ക്ലബ്ബിലേക്ക് സ്ഥാനം നേടുന്നത് എന്നതും ശ്രദ്ധേയം.
കെയ്ൻ വില്യംസൺ, സ്റ്റീവ് സ്മിത്ത്, വിരാട് കോഹ്ലി എന്നിവർക്ക് ഒപ്പം ഫാബുലസ് ഫോറിൽ സ്ഥാനമുള്ള ജോ റൂട്ട് ഇവർക്കിടയിൽ തന്നെ ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ 10000 റൺസ് നേടുന്ന താരമായി മാറി. 26 ടെസ്റ്റ് സെഞ്ച്വറികൾ എന്നുള്ള നേട്ടത്തിലേക്ക് എത്തിയ താരം വൈകാതെ ചില അത്യപൂർവ്വ നേട്ടങ്ങൾ കൂടി തന്റെ പേരിലാക്കിയാൽ അത്ഭുതപെടാനില്ല. ഇപ്പോൾ ഇക്കാര്യം ചൂണ്ടികാട്ടുകയാണ് മുൻ ഓസ്ട്രേലിയൻ താരമായ മാർക്ക് ടെയ്ലർ.
ഈ രീതിയിൽ പോയാൽ സച്ചിന്റെ പല ടെസ്റ്റ് റെക്കോർഡുകളും റൂട്ട് കരസ്തമാക്കുമെന്ന് പറയുകയാണ് മുൻ ഓസ്ട്രേലിയൻ താരം. നിലവിൽ ടെസ്റ്റ് ക്രിക്കറ്റിലെ ടോപ് റൺസ് സ്കോററാണ് സച്ചിൻ. കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ 51 സെഞ്ച്വറികൾ നേടിയ താരമാണ് സച്ചിൻ. “കഴിഞ്ഞ ഒന്നര രണ്ട് വർഷമായി നമ്മൾ കാണുന്നുണ്ട് റൂട്ട് ബാറ്റിങ് ചെയ്യുന്ന രീതി. അദ്ദേഹം കരിയറിലെ തന്നെ മികച്ച ഫോമിലാണ്. എനിക്ക് ഉറപ്പുണ്ട് റൂട്ടിന് മിനിമം 5 വർഷം ടെസ്റ്റ് കരിയറിൽ ശേഷിക്കുന്നുണ്ട്. അതിനാൽ തന്നെ അദ്ദേഹം 15000 പ്ലസ് റൺസ് ടെസ്റ്റ് ക്രിക്കറ്റിൽ നേടും. സച്ചിന്റെ ടോപ് റൺസ് നേട്ടം റൂട്ട് നേടാനുള്ള ചാൻസ് വളരെ അധികം വലുതാണ് ” മാർക്ക് ടെയ്ലർ നിരീക്ഷിച്ചു