ഐപിഎല്ലിനു മുൻപ് മുംബൈ ഇന്ത്യൻസ് ടീമിന് മറ്റൊരു തിരിച്ചടികൂടി. തങ്ങളുടെ സൂപ്പർ പേസറായ ജയ് റിച്ചാർഡ്സൺ ഓസ്ട്രേലിയയുടെ ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളിലും ഐപിഎല്ലിലും കളിച്ചേക്കില്ല എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹാംസ്ട്രിംഗ് പരിക്കു മൂലമാണ് നിലവിൽ ഓസ്ട്രേലിയ റിച്ചാർഡ്സനെ ഇന്ത്യക്കെതിരായ ഏകദിനങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഓസ്ട്രേലിയയുടെ ആഭ്യന്തര ലീഗായ ബിഗ് ബാഷിനിടയായിരുന്നു റിച്ചാർഡ്സണെ പരിക്ക് പിടികൂടിയത്.
ജനുവരി നാലിന് ഹാംസ്ട്രിങ്ങിന് പരിക്കേറ്റതിനുശേഷം റിച്ചാർഡ്സൺ മത്സരങ്ങളൊന്നും കളിച്ചിരുന്നില്ല. ആദ്യസമയത്ത് പരിക്ക് നിസാരമാണെന്നായിരുന്നു നിഗമനം. ശേഷം ബിഗ് ബാഷിന്റെ ഫൈനലിൽ റിച്ചാർഡ്സൺ കളിക്കുമെന്നും കരുതി. എന്നാൽ രണ്ടുമാസത്തേക്ക് റിച്ചാർഡ്സന് മൈതാനത്ത് നിന്നും മാറി നിൽക്കേണ്ടി വന്നു. ഓസ്ട്രേലിയയുടെ ആഭ്യന്തര ലീഗുകളായ മാർഷ് കപ്പിലും ഷെഫീൾഡ് ഷീൽഡ്ഡിലും പോലും റിച്ചാർഡ്സൺ പിന്നീട് കളിച്ചിരുന്നില്ല. എന്നാൽ മാർച്ച് 17ന് മുംബൈയിൽ ആരംഭിക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ സ്ക്വാഡംഗമായിരുന്നു റിച്ചാർഡ്സൺ.
റിച്ചാർഡ്സന്റെ അഭാവത്തിൽ നതാൻ എലിസിനെയാണ് ഓസ്ട്രേലിയ ഏകദിന പരമ്പരയിൽ പകരക്കാരനായി നിശ്ചയിച്ചിട്ടുള്ളത്. ഇതുവരെ ഓസ്ട്രേലിയക്കായി മൂന്ന് ഏകദിനങ്ങൾ മാത്രമാണ് എലിസ് കളിച്ചിട്ടുള്ളത്. ഓസ്ട്രേലിയയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് റിച്ചാർഡ്സന്റെ അഭാവം. ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയയുടെ ഒരുപാട് പേസർമാർ പരിക്കു മൂലം മാറി നിന്നിരുന്നു.
2022 ജൂണിലായിരുന്നു റിച്ചാർഡ്സൺ ഓസ്ട്രേലിയക്കായി അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലായിരുന്നു ഈ പേസർ അവസാനമായി അണിനിരന്നത്. ഇതിനുശേഷമാണ് ഐപിഎല്ലിൽ മുംബൈ ടീം റിച്ചാർഡ്സണെ വലിയ പ്രതീക്ഷയോടെ ടീമിലെത്തിച്ചത്. പക്ഷേ ബുമ്രയെപോലെ റിച്ചാർഡ്സണെയും എഴുതിത്തള്ളെണ്ട അവസ്ഥയിലാണ് മുംബൈ ഇന്ത്യൻസ്.