ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഒരു തകർപ്പൻ പ്രകടനം കാഴ്ചവച്ചാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. വളരെ അപ്രതീക്ഷിതമായി ശക്തരായ ഓസ്ട്രേലിയൻ ടീമിനെ 295 റൺസിന് പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഇരു ടീമുകളുടെയും താരങ്ങൾ തമ്മിൽ കൊമ്പുകോർക്കുകയുണ്ടായി.
ജയസ്വാളും മിച്ചൽ സ്റ്റാർക്കും തമ്മിൽ മൈതാനത്ത് നടന്ന വാക്പോരുകൾ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ഇതിന് ശേഷം ഓസ്ട്രേലിയൻ താരങ്ങൾക്ക് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം മിച്ചൽ ജോൺസൺ. ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര ഒരു യുദ്ധമെന്ന രീതിയിൽ ഓസ്ട്രേലിയൻ താരങ്ങൾ കാണണമെന്ന് മിച്ചൽ ജോൺസൺ പറയുന്നു.
ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ഓസ്ട്രേലിയ ഒരു യുദ്ധത്തിന് എന്നപോലെ മൈതാനത്തെത്തണം എന്നാണ് ജോൺസൺ പറയുന്നത്. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ മിച്ചൽ സ്റ്റാർക്കിനെതിരെ വാക്പോര് നടത്തിയത് ജയസ്വാളായിരുന്നു. ഓസ്ട്രേലിയൻ മണ്ണിൽ ആദ്യ മത്സരം കളിക്കുന്ന ജയസ്വാൾ സ്റ്റാർക്കിനെ പോലെ ഒരു ബോളറെ സ്ലെഡ്ജ് ചെയ്തത് അംഗീകരിക്കാൻ സാധിക്കില്ല എന്നാണ് മിച്ചൽ ജോൺസൺ പറയുന്നത്.
അതുകൊണ്ടു തന്നെ ക്രീസിൽ ഓസ്ട്രേലിയൻ ബാറ്റർമാർ അല്പം ആക്രമണ മനോഭാവം പുലർത്തണമെന്നും ജോൺസൺ പറയുന്നു. അഗ്രസീവായ രീതിയിൽ ഇന്ത്യൻ ബോളർമാരെ നേരിടാൻ ഓസ്ട്രേലിയ ശ്രമിക്കണം എന്നാണ് ജോൺസന്റെ നിലപാട്.
പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ തിളങ്ങാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയയുടെ സൂപ്പർ താരങ്ങളായ ലബുഷൈനും സ്റ്റീവ് സ്മിത്തും ടീമിൽ നിന്നും മാറി നിൽക്കണമെന്നാണ് ജോൺസന്റെ അഭിപ്രായം. ഇരുവർക്കും പകരക്കാരെ ഓസ്ട്രേലിയ കണ്ടെത്തണമെന്ന് സൂപ്പർതാരം പറയുന്നു. ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാമത്തെ ഇന്നിംഗ്സിലായിരുന്നു ജയസ്വാൾ ഓസ്ട്രേലിയൻ ബോളർമാർക്കെതിരെ പൂർണമായ ആക്രമണം അഴിച്ചുവിട്ടത്.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ 161 റൺസാണ് ജയസ്വാൾ സ്വന്തമാക്കിയത്. ഇതിനിടെ സ്റ്റാർക്കിനെതിരെ വലിയ പ്രകോപനമാണ് ജയസ്വാൾ അഴിച്ചുവിട്ടത്. സ്റ്റാർക്കിന്റെ പന്ത് വളരെ പതിയെയാണ് വരുന്നത് എന്ന് ജയസ്വാൾ നേരിട്ട് പറയുകയുണ്ടായി.
മുൻപ് ഹർഷിദ് റാണക്കെതിരെ സ്റ്റാർക്ക് ആരംഭിച്ച വാക്പോരിന്റെ മറുപടിയായിരുന്നു ജയസ്വാൾ നൽകിയത്. ജയസ്വാളിന്റെ ഈ മറുപടി സ്റ്റമ്പ് മൈക്കിൽ പതിയുകയും, പിന്നീട് അത് വലിയ ചർച്ചയാവുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ അടുത്ത മത്സരങ്ങൾ ഇരു ടീമുകൾക്കും വളരെ നിർണായകമാണ്. മറ്റു ടീമുകളും ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്താനായി പോരാടുമ്പോൾ ഇനിയും പോരാട്ടം കടുക്കും എന്നത് ഉറപ്പാണ്. രണ്ടാം മത്സരത്തിൽ വലിയ മാറ്റങ്ങളുമായാണ് ഇരു ടീമുകളും മൈതാനത്ത് എത്തുക. രോഹിത് ശർമയും ഗില്ലും ഇന്ത്യൻ ടീമിലേക്ക് തിരികെയെത്തുമ്പോൾ ഓസ്ട്രേലിയൻ നിരയിൽ ജോഷ് ഹേസൽവുഡിന് പകരക്കാരനായി ബോളണ്ട് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.