ദ്രാവിഡിനും രോഹിതിനും വീണ്ടും പണി. ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന് മുമ്പ് ഒരു സൂപ്പർ ബോളർക്ക് കൂടി പരിക്ക്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനു മുൻപ് ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി. 2023 ഇന്ത്യൻ പ്രീമിയർ ലീഗിനിടയ്ക്ക് ഇന്ത്യയുടെ മറ്റൊരു പേസ് ബോളർക്ക് കൂടി പരിക്കേറ്റിരിക്കുകയാണ്. ലക്നൗ സൂപ്പർ ജയന്റ്സിന്റെ ബോളറായ ജയദേവ് ഉനാദ്കട്ടിനാണ് ഇപ്പോൾ തോളിന് പരിക്കേറ്റിരിക്കുന്നത്. 2023 ഇന്ത്യൻ പ്രീമിയർ ലീഗ് മത്സരത്തിനായുള്ള പരിശീലന വീഡിയോയിലാണ് ജയദേവ് ഉനാദ്കട്ടിന് പരിക്കേറ്റിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. നെറ്റ്സിൽ പരിശീലനത്തിൽ ഏർപ്പെടുന്നതിനിടെ ഉനാദ്കട്ടിന്റെ ബോൾ ചെയ്യുന്ന കൈക്ക് മുകളിൽ പരിക്കേൽക്കുകയായിരുന്നു. ശേഷം ഉടൻതന്നെ ടീമിന്റെ ഫിസിയോ ഐസ് പാക്കുമായി അടുത്തേക്ക് വരികയും ചെയ്തു. എന്നാൽ പരിക്കിനെ സംബന്ധിച്ചുള്ള ഔദ്യോഗികപരമായ വിവരങ്ങൾ ഇതുവരെ ടീം പുറത്തു വിട്ടിട്ടില്ല.

ഇന്ത്യയെ സംബന്ധിച്ച് ഉനാദ്കട്ടിന്റെ പരിക്ക് വലിയ രീതിയിലുള്ള ഭീഷണി തന്നെയാണ് ഉണ്ടാക്കുന്നത്. ഉനാദ്കട്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ നിന്ന് പുറത്താക്കപ്പെട്ടാൽ അത് ഇന്ത്യയ്ക്കേൽക്കുന്ന ഏറ്റവും വലിയ തിരിച്ചടി തന്നെയായിരിക്കും. കാരണം നിലവിൽ ഇന്ത്യയുടെ സൂപ്പർ ബോളറായ ജസ്പ്രീറ്റ് ബുമ്ര അടക്കമുള്ളവർ പരിക്ക് മൂലം ഫൈനലിൽ നിന്നും മാറി നിൽക്കുകയാണ്. മാത്രമല്ല മറ്റൊരു ബോളറായ ഉമേഷ് യാദവിനെയും പരിക്ക് പിടികൂടിയിരിക്കുന്നു എന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അവസാന മത്സരത്തിനിടെ ഉമേഷ് യാദവിന് പരിക്കുപറ്റുകയായിരുന്നു.

അങ്ങനെ നോക്കുമ്പോൾ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിൽ ഇനി 3 ഫാസ്റ്റ് ബോളിംഗ് ഓപ്ഷനുകൾ മാത്രമാണ് ഇന്ത്യയ്ക്കുള്ളത്. ശർദുൽ താക്കൂർ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്. എന്നാൽ ഈ ബോളിംഗ് നിര എത്ര ശക്തമാണെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്. പക്ഷേ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യ അഞ്ചു പേർ അടങ്ങുന്ന ഒരു സ്റ്റാൻഡ് ബൈ ലിസ്റ്റ് കൂടി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി നൽകിയിട്ടുണ്ട്. ഇതിൽ നവദീപ് സൈനി, മുകേഷ് കുമാർ എന്നിവർ ഉൾപ്പെടുന്നുണ്ട്. ഉനാദ്ക്കട്ടിന് പരിക്കേറ്റ് ഫൈനലിൽ നിന്നും മാറി നിൽക്കേണ്ടി വരികയാണെങ്കിൽ ഇവരിൽ ഒരാളാവും ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഫൈനൽ സ്ക്വാഡിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

തുടർച്ചയായ രണ്ടാം തവണയാണ് ഇപ്പോൾ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്. 2021ലെ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന എഡിഷനിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു. അന്ന് ന്യൂസിലാൻഡിനെതിരെ ലോർഡ്സിൽ നടന്ന മത്സരത്തിൽ എട്ടു വിക്കറ്റുകൾക്ക് ഇന്ത്യ പരാജയമറിയുകയാണ് ചെയ്തത്. മറുവശത്ത് ഓസ്ട്രേലിയയേ സംബന്ധിച്ച് ആദ്യമായാണ് അവർ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തുന്നത്. എന്നിരുന്നാലും ഇംഗ്ലണ്ടിൽ മത്സരം നടക്കുന്നതിനാൽ തന്നെ ഓസ്ട്രേലിയക്ക് കുറച്ചധികം ആധിപത്യം മത്സരത്തിലുണ്ടാവും എന്നത് ഉറപ്പാണ്.

Previous article“നിങ്ങൾ അർഹിച്ചതാണ് നിങ്ങൾക്ക് കിട്ടിയത്”. കോഹ്ലിയെ വീണ്ടും പിന്നിൽ നിന്ന് കുത്തി നവീൻ ഉൾ ഹക്ക്
Next articleഅവൻ ഇന്ത്യൻ ടീമിന്റെ വാതിലിൽ മുട്ടുകയാണ്‌. രാജസ്ഥാന്റെ യുവതാരത്തെപ്പറ്റി സംഗക്കാര.