ഇംഗ്ലണ്ടിനെതിരായ നിർണായക ടെസ്റ്റ് മത്സരത്തിന് ഇറങ്ങുമുൻപേ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. നാളെ ആരംഭിക്കുന്ന ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിൽ ക്യാപ്റ്റനും സ്റ്റാർ ബാറ്റ്‌സ്മാനുമായ രോഹിത് ശർമ്മ കളിക്കില്ല. ബിസിസിഐ ഇപ്പോൾ അറിയിക്കുന്ന അറിയിപ്പ് പ്രകാരം രോഹിത് ശർമ്മ കോവിഡ് ബാധ കാരണം നാളത്തെ ടെസ്റ്റ് മത്സരം കളിക്കില്ല. രോഹിത് ശർമ്മയുടെ അഭാവത്തിൽ പേസർ ജസ്‌പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുക. വിക്കെറ്റ് കീപ്പർ റിഷാബ് പന്താണ് മത്സരത്തിൽ ഉപ നായകനായി എത്തുക. രോഹിത് ശർമ്മ ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലും പോസിറ്റീവായതോടെയാണ് ജസ്‌പ്രീത് ബുംറക്ക് ക്യാപ്റ്റൻ സ്ഥാനം ലഭിച്ചത്.
നിലവിൽ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ 2-1ന് ഇന്ത്യൻ സംഘമാണ് മുൻപിൽ. അവസാന ടെസ്റ്റ് മത്സരത്തിൽ ജയിക്കുകയോ സമനില നേടുകയോ ചെയ്‌താൽ ഇന്ത്യക്ക് ഇംഗ്ലണ്ട് മണ്ണിൽ അവർക്ക് എതിരെ ഐതിഹാസിക പരമ്പര നേട്ടം സ്വന്തമാക്കാം.എന്നാൽ രോഹിത് ശർമ്മയുടെ അഭാവം ഇന്ത്യൻ ക്യാമ്പിൽ വലിയ ആശങ്കയാണ് സമ്മാനിക്കുന്നത്. കൂടാതെ രോഹിത്തിന്‍റെ അഭാവത്തിൽ ആരാകും ഗിൽ ഒപ്പം ഓപ്പണർ റോളിൽ എത്തുക എന്നുള്ള ചോദ്യവും നിർണായകമാണ്.
അതേസമയം ബുംറ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ റോളിൽ എത്തുമ്പോൾ അത് മറ്റൊരു ചരിത്രമായി മാറുകയാണ് കപിൽ ദേവിനു ശേഷം ഇന്ത്യൻ ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്ന ആദ്യത്തെ നോൺ ബാറ്റ്‌സ്മാനാണ് ബുംറ. മുൻപ് ആൾറൗണ്ടർ കപിൽ ദേവ് ഇന്ത്യൻ ടെസ്റ്റ് ടീമിനെ നയിച്ചിട്ടുണ്ട്.
അതേസമയം മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഒരുവേള ടെസ്റ്റ് നായകനായി എത്തിയേക്കും എന്നുള്ള റിപ്പോർട്ട് വന്നെങ്കിലും ഇന്ത്യൻ ടീം മാനേജ്മെന്റ് ബുംറക്ക് അവസരം നൽകുകയായിരുന്നു. വിക്കറ്റ് കീപ്പർ റിഷാബ് പന്തും ആദ്യമായിട്ടാണ് ഇന്ത്യൻ ടെസ്റ്റ് ടീം ഉപ നായകൻ റോളിൽ എത്തുന്നത്.