മെൽബണിൽ ബുമ്ര കൊടുങ്കാറ്റ്. റെക്കോർഡുകൾ തകർത്ത് കുതിക്കുന്നു.

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഇന്ത്യയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുമ്ര. ഇന്ത്യക്കായി ടെസ്റ്റ് മത്സരങ്ങളിൽ ഏറ്റവും വേഗതയിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡാണ് ബൂമ്ര മത്സരത്തിലൂടെ സ്വന്തമാക്കിയത്.

ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിങ്സിലെ രണ്ടാമത്തെ വിക്കറ്റ് സ്വന്തമാക്കിയായിരുന്നു ബുമ്ര ഈ നേട്ടം കൊയ്തത്. മത്സരത്തിൽ ഒരു റൺ നേടിയ ട്രാവസ് ഹെഡിനെ പുറത്താക്കിയാണ് ബൂമ്ര ഈ എലൈറ്റ് ക്ലബ്ബിലേക്ക് എത്തിച്ചേർന്നിട്ടുള്ളത്. ഇന്ത്യയ്ക്കായി ഇതുവരെ അന്താരാഷ്ട്ര ടെസ്റ്റ് മത്സരങ്ങളിൽ 8484 പന്തുകളാണ് ബൂമ്ര എറിഞ്ഞിട്ടുള്ളത്. ഇതിൽ നിന്നാണ് താരം 200 വിക്കറ്റുകൾ സ്വന്തമാക്കിയത്.

മുഹമ്മദ് ഷാമിയെ മറികടന്നാണ് ബുമ്ര ഈ നേട്ടം സ്വന്തമാക്കിയത്. ഷാമി തന്റെ ടെസ്റ്റ് കരിയറിൽ 9896 പന്തുകൾ എറിഞ്ഞപ്പോഴാണ് 200 വിക്കറ്റുകൾ സ്വന്തമാക്കിയത്. ലോക ക്രിക്കറ്റിലെ ഏറ്റവും വേഗതയിൽ 200 വിക്കറ്റുകൾ സ്വന്തമാക്കുന്ന ബോളർമാരുടെ ലിസ്റ്റിൽ നിലവിൽ നാലാം സ്ഥാനത്താണ് ബൂമ്ര നിൽക്കുന്നത്. ഈ ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ പാക്കിസ്ഥാൻ താരം വക്കാർ യൂനിസാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 7725 പന്തുകളിൽ നിന്ന് 200 വിക്കറ്റുകൾ സ്വന്തമാക്കാൻ യൂനിസിന് സാധിച്ചിരുന്നു. 7848 പന്തുകൾ ടെസ്റ്റ് ക്രിക്കറ്റിൽ എറിഞ്ഞ് 200 വിക്കറ്റുകൾ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസതാരം ഡെയിൽ സ്‌റ്റെയ്‌നാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്.

8154 പന്തുകളിൽ നിന്ന് ടെസ്റ്റ് ക്രിക്കറ്റിൽ 200 വിക്കറ്റുകൾ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്കൻ താരം റബാഡ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. ഇതിന് ശേഷമാണ് ബുമ്ര ഇപ്പോൾ ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നത്. മെൽബൺ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ബുമ്രയുടെ കൃത്യമായ ആധിപത്യം തന്നെയാണ് കാണാൻ സാധിക്കുന്നത്. മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയയുടെ ഓപ്പണർ ആയ കോൺസ്റ്റസിനെ പുറത്താക്കുകയാണ് ബൂമ്ര ആരംഭിച്ചത്. ശേഷമാണ് അപകടകാരിയായ ഹെഡിനെ നിതീഷ് റെഡിയുടെ കൈകളിൽ എത്തിച്ച് ഇന്ത്യയ്ക്ക് ബൂമ്ര പ്രതീക്ഷ നൽകിയത്.

പിന്നാലെ മിച്ചൽ മാർഷിനെ പൂജ്യനായി മടക്കാനും ബുമ്രയ്ക്ക് സാധിച്ചു. പിന്നാലെ അലക്സ് കെയറിയുടെയും കുറ്റിതെറിപ്പിച്ച് ഇന്ത്യയെ ബുമ്ര മുൻപിൽ എത്തിച്ചിട്ടുണ്ട്. ഇതോടെ ഓസ്ട്രേലിയ രണ്ടാം ഇന്നിങ്സിൽ തകർന്നുവീഴുകയുണ്ടായി. മത്സരത്തിന്‍റെ ആദ്യ ഇന്നിംഗ്സിൽ 4 വിക്കറ്റുകൾ ആയിരുന്നു ബൂമ്ര സ്വന്തമാക്കിയത്. ശേഷമാണ് രണ്ടാം ഇന്നിങ്സിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത്. ഇതിനോടകം തന്നെ തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ 200 റൺസിന്റെ ലീഡ് കടത്താൻ ഓസ്ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഓസ്ട്രേലിയയെ ഏറ്റവും വേഗം പുറത്താക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.

Previous articleരണ്ടാം അങ്കത്തില്‍ വിജയിച്ച് ജസ്പ്രീത് ബുംറ. ഓസ്ട്രേലിയന്‍ ഓപ്പണറുടെ കുറ്റി തെറിച്ചു.