ഓവലില്‍ നടന്ന ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ പത്ത് വിക്കറ്റിന്‍റെ വിജയവുമായി ഇന്ത്യ. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കു വേണ്ടി പേസര്‍മാര്‍ നിറഞ്ഞാടിയപ്പോള്‍ ഇംഗ്ലണ്ട് 110 റണ്‍സില്‍ എല്ലാവരും പുറത്തായി. 6 വിക്കറ്റ് നേടിയ ജസ്പ്രീത് ബുംറയാണ് മത്സരത്തിലെ താരമായത്.
7.2 ഓവറില്‍ 3 മെയ്ഡനടക്കം 19 റണ്‍സ് വഴങ്ങിയാണ് ജസ്പ്രീത് ബുംറ 6 വിക്കറ്റ് വീഴ്ത്തിയത്. ജേസണ്‍ റോയി, ജോണി ബെയര്‍സ്റ്റോ, ജോ റൂട്ട്, ലിവിങ്ങ്സ്റ്റണ്‍ എന്നീ ടോപ്പോഡര്‍ താരങ്ങളുടെ വിക്കറ്റ് വീഴ്ത്തിയ ബുംറ ലോവര്‍ ഓഡറിനെ മടക്കാനും തിരിച്ചെത്തി. ബ്രൈഡന്‍ കാർസിനെയും ഡേവിഡ് വില്ലിയേയും പുറത്താക്കിയാണ് ബുംറ 6 വിക്കറ്റ് നേട്ടം തികച്ചത്.
മത്സരത്തില്‍ നിരവധി റെക്കോഡും ജസ്പ്രീത് ബുംറ സ്വന്തമാക്കി. ഏകദിനത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച മൂന്നാമത്തെ പ്രകടനമാണ് ഇന്ന് പിറന്നത്. സ്റ്റുവര്‍ട്ട് ബിന്നി (6/4) അനില്‍ കുംബ്ലെ (6/12) എന്നിവര്‍ മാത്രമാണ് ബുംറയുടെ മുന്നിലുള്ളത്.
ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഏകദിന ബൗളിംഗ് പ്രകടനത്തില്‍ നാലാം സ്ഥാനത്ത് എത്താനും ജസ്പ്രീത് ബുംറക്ക് കഴിഞ്ഞു. പാക്ക് താരം വഖാര്‍ യൂനിസ് (36/7) വിന്‍ഡീസ് താരം വിന്‍സ്റ്റണ്‍ ഡേവിഡ് (51/7) ഗാരി ഗില്‍മോര്‍ (14/6) എന്നിരാണ് ജസ്പ്രീത് ബുംറക്ക് മുന്നില്‍.