ചൊവ്വാഴ്ച ഓവലിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 10 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. മത്സരത്തില്‍ 19 റൺസിന് ആറ് വിക്കറ്റ് നേടിയ നേടിയ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ഐസിസി പുരുഷ ഏകദിന പ്ലെയർ റാങ്കിംഗിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. രണ്ട് വർഷങ്ങളിലായി ഒന്നാം സ്ഥാനത്തായിരുന്ന ബുംറയ്ക്ക് ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ടിനോട് ഒന്നാം സ്ഥാനം നഷ്ടമായിരുന്നു.
മുമ്പ് ടി20യിൽ ഒന്നാം സ്ഥാനത്തായിരുന്ന ബുംറ, നിലവിൽ ടെസ്റ്റിലെ കരിയറിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനത്താണ്. കപിൽ ദേവിന് ശേഷം ഏകദിന റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന രണ്ടാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ജസ്പ്രീത് ബുംറ. മനീന്ദർ സിംഗ്, അനിൽ കുംബ്ലെ, രവീന്ദ്ര ജഡേജ എന്നിവരാണ് ഒന്നാം റാങ്കിൽ എത്തിയ മറ്റ് ഇന്ത്യൻ ബൗളർമാർ.
31 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ന്യൂ ബോൾ പങ്കാളിയായ മുഹമ്മദ് ഷമിയും ഇംഗ്ലണ്ടിനെ 25.2 ഓവറിൽ 110 റൺസിന് പുറത്താക്കുന്നതിൽ തന്റെ പങ്ക് വഹിച്ചിരുന്നു. സഹതാരം ഭുവനേശ്വർ കുമാറിനൊപ്പം ഷമി മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 23-ാം സ്ഥാനത്തെത്തി.
വെറും 18.4 ഓവറിൽ വിജയലക്ഷ്യത്തില്‍ എത്തിച്ച ബാറ്റര്‍മാരും സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി. പുറത്താകാതെ 76 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാമതുള്ള വിരാട് കോഹ്‌ലിയുമായി ഒരു റേറ്റിംഗ് പോയിന്റ് അകലെയെത്തി. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്‌ലർ ഒരു സ്ഥാനം ഉയർന്നു. 24-ാം സ്ഥാനത്താണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍.
പുരുഷ ടി20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് അഞ്ചാം സ്ഥാനത്ത് എത്തി. മൂന്ന് ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 117 റൺസ് നേടിയ ഇന്ത്യ ബാറ്റിംഗ് താരം സൂര്യകുമാർ യാദവ് 44 സ്ഥാനം മെച്ചപ്പെടുത്തിയാണ് കരിയറിലെ ഏറ്റവും മികച്ച റാങ്കില്‍ എത്തിയത്.
ബംഗ്ലാദേശിനെതിരായ പരമ്പരയിലെ അവസാന മത്സരത്തിൽ പുറത്താകാതെ 74 റൺസ് നേടിയ വെസ്റ്റ് ഇൻഡീസിന്റെ നിക്കോളാസ് പൂരൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി എട്ടാം സ്ഥാനത്തെത്തി. ബിർമിംഗ്ഹാമിൽ നടന്ന രണ്ടാം ടി20യിൽ 15 റൺസിന് മൂന്ന് വിക്കറ്റ് വീഴ്ത്തി ഇന്ത്യൻ സീമർ ഭുവനേശ്വർ കുമാർ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ ഏഴാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ലെഗ് സ്പിന്നർ യുസ്‌വേന്ദ്ര ചാഹൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് 19-ാം സ്ഥാനത്തെത്തി. ഇവര്‍ രണ്ട് പേരുമാണ് ആദ്യ ഇരുപതിലുള്ള മറ്റ് ഇന്ത്യൻ താരങ്ങള്‍