ഐപിൽ പതിനാലാം സീസണിലെ ആദ്യ മത്സരത്തിൽ തോൽവി വഴങ്ങിയ മുംബൈ ഇന്ത്യൻസ് വിജയവഴിയിൽ തിരികെ വരുവാനുള്ള കഠിനമായ തയ്യാറെടുപ്പിലാണ് .സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് 2 വിക്കറ്റിനാണ് മുംബൈ തോറ്റത് .
എന്നാൽ മത്സരത്തിൽ മുംബൈയുടെ തോൽവിക്കൊപ്പം ഏറെ ചർച്ച ചെയ്യപ്പെട്ടത് പേസർ ജസ്പ്രീത് ബുമ്രയെ രോഹിത് വേണ്ടരീതിയിൽ ഉപയോഗിച്ചില്ല എന്ന വിമർശനമാണ് .
ബാംഗ്ലൂരിനെതിരേ ഇന്നിങ്‌സിന്റെ തുടക്കത്തില്‍ ജസ്പ്രീത് ബുംറക്ക് മുംബൈ ഇന്ത്യന്‍സ് നായകൻ രോഹിത് ശർമ്മ കൂടുതല്‍ ഓവറുകള്‍ പന്തെറിയാൻ നല്‍കിയിരുന്നില്ല. രണ്ടാമത്തെ ഓവറിലായിരുന്നു ബുംറ ബൗള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ അഞ്ചു റണ്‍സ് മാത്രമേ അദ്ദേഹം വിട്ടുകൊടുത്തുള്ളൂ.ശേഷം ബുംറ പന്തെറിയുവാൻ എത്തിയത് പതിമൂന്നാം ഓവറിലായിരുന്നു .തുടക്കത്തിൽ താരത്തെ പന്തെറിയുവാൻ ഏൽപ്പിക്കാതെ രോഹിത് മണ്ടത്തരം കാണിച്ചുവെന്നാണ് ചിലരുടെയെങ്കിലും വിലയിരുത്തൽ .എന്തുകൊണ്ടാണ് സ്റ്റാർ പേസ് ബൗളെർക്ക് മുംബൈ തുടക്കത്തില്‍ കൂടുതല്‍ ഓവറുകള്‍ നല്‍കാത്തത് എന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ടീമിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടർ സഹീര്‍ ഖാന്‍.
“ബുംറ ഞങ്ങളുടെ ബൗളിങ്ങിലെ തുറുപ്പുചീട്ടാണ്. നിങ്ങളുടെ കൈവശം ഏതേലും ഒരു തുറുപ്പുചീട്ടുണ്ടങ്കില്‍ അയാളെ വളരെ അഗ്രസീവായ രീതിയില്‍ മാത്രമേ നിങ്ങള്‍ എപ്പോഴും ഉപയോഗിക്കുകയുള്ളൂ. ടീമിന് മത്സരത്തിൽ ജയിക്കുവാൻ ഏറ്റവും ആവശ്യമുള്ളപ്പോഴായിരിക്കും ഈ തുറുപ്പുചീട്ടിനെ നിങ്ങള്‍ രംഗത്തിറക്കുക. ഇതേ രീതി തന്നെയാണ് ബുമ്രയുടെ കാര്യത്തിലും നായകൻ രോഹിത്തും ടീം മാനേജ്മെന്റും പിന്തുടരുന്ന നയം .ഏത് ഘട്ടത്തിലും കളിയുടെ ഗതി മാറ്റി മറിക്കുവാൻ കഴിവുള്ള താരമാണ്”സഹീർ ഖാൻ വാചാലനായി .