ഈ ലോകകപ്പിലുടനീളം ഇന്ത്യയുടെ പേസ് കരുത്തായി മാറിയ ബോളറാണ് ജസ്പ്രീത് ബുമ്ര. ആദ്യ മത്സരം മുതൽ കൃത്യതയോടെ ബാറ്റർമാരെ കുഴപ്പിക്കാൻ ബുമ്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിലും ഇത്തരത്തിൽ തകര്‍പ്പന്‍ ബോളിംഗ് പ്രകടനമായിരുന്നു ബൂമ്ര കാഴ്ചവച്ചത്. 2.4 ഓവറുകൾ പന്തെറിഞ്ഞ ബുംമ്ര മത്സരത്തിൽ 12 റൺസ് മാത്രം വിട്ടുനൽകിയാണ് 2 വിക്കറ്റുകൾ സ്വന്തമാക്കിയത്.
ഇതിൽ പ്രധാനപ്പെട്ടത് ഇംഗ്ലണ്ട് ഓപ്പണർ ഫീൽ സോൾട്ടിന്റെ വിക്കറ്റ് ആയിരുന്നു. ബുമ്രയ്ക്കെതിരെ ആക്രമണം അഴിച്ചുവിടാൻ ശ്രമിച്ച സോൾട്ടിന്റെ കുറ്റി പിഴുതെറിയാൻ താരത്തിന് സാധിച്ചു.
ജസ്പ്രീത് ബുമ്ര തന്നെക്കാൾ 1000 മടങ്ങ് മികച്ച ബോളറാണ് എന്ന് കപിൽ ദേവ് പറയുകയുണ്ടായി. തന്റെ പ്രതാപകാലത്ത് പോലും ബൂമ്രയുടെ അടുത്തെത്തുന്ന പ്രകടനം താൻ കാഴ്ചവെച്ചിട്ടില്ല എന്നാണ് കപിൽ ദേവ് പറയുന്നത്. മാത്രമല്ല നിലവിലെ ഇന്ത്യൻ ടീമിനെ പ്രശംസിക്കാനും കപിൽ മറന്നില്ല. തങ്ങൾക്ക് ബുമ്രയെക്കാൾ ഒരുപാട് അനുഭവസമ്പത്ത് ഉണ്ടായിരുന്നുവെന്നും, പക്ഷേ ബുമ്ര തന്നെയാണ് മികച്ചത് എന്നും കപിൽ പറയുകയുണ്ടായി. മാത്രമല്ല ഇന്ത്യൻ ടീമിന്റെ നിലവിലെ ഫിറ്റ്നസിനെയും അഭിനന്ദിച്ചു കൊണ്ടാണ് കപിൽ ദേവ് സംസാരിച്ചത്. ഈ ലോകകപ്പിനായി ടീം നടത്തിയ കഠിനപ്രയത്നങ്ങളെ പ്രശംസിക്കാൻ കപിൽ ദേവ് മാറുന്നില്ല.
“എന്നെക്കാളും 1000 മടങ്ങ് മികച്ച താരമാണ് ജസ്പ്രീത് ബുമ്ര. മാത്രമല്ല ഇന്ത്യൻ ടീമിലെ യുവതാരങ്ങളൊക്കെയും ഞങ്ങളെക്കാൾ മികച്ചവരാണ് എന്ന് പറയാതിരിക്കാൻ സാധിക്കില്ല. ഞങ്ങൾക്ക് കൂടുതൽ അനുഭവസമ്പത്ത് ഉണ്ടായിരിക്കാം. പക്ഷേ അവരാണ് ഏറ്റവും മികച്ച താരങ്ങൾ. നിലവിൽ ഇന്ത്യ വളരെ മികച്ച പ്രകടനങ്ങളാണ് ഈ ലോകകപ്പിൽ പുറത്തെടുത്തിട്ടുള്ളത്. അവിസ്മരണീയമായ രീതിയിലാണ് അവർ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. മാത്രമല്ല നല്ല ഫിറ്റ്നസോടെ കളിക്കാൻ അവർക്ക് സാധിക്കുന്നുണ്ട്. ഒരുപാട് കഠിന പ്രയത്നങ്ങളിലൂടെയാണ് അവർ കടന്നുവന്നത്. എല്ലാവരും അവിശ്വസനീയ താരങ്ങൾ തന്നെയാണ്.”- കപിൽ ദേവ് കൂട്ടിച്ചേർത്തു.