പെർത്തിൽ ബുംറയുടെ വിളയാട്ടം ഓസീസ് മുൻ നിരയെ തകർത്ത് ഇന്ത്യ കുതിക്കുന്നു.

ബോർഡർ- ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിൽ തീപാറിച്ച് ഇന്ത്യൻ നായകൻ ജസ്പ്രീത് ബുംറ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു കാഴ്ചവച്ചത്. ശേഷമാണ് ബോളിംഗ് ക്രീസിലെത്തിയ ബുംറ തുടർച്ചയായി വിക്കറ്റുകൾ സ്വന്തമാക്കി ഓസ്ട്രേലിയയെ സമ്മർദ്ദത്തിലാക്കിയത്. തന്റെ ആദ്യ 5 ഓവറുകൾക്കുള്ളിൽ തന്നെ ഓസ്ട്രേലിയയുടെ മുൻനിരയിലെ 3 വിക്കറ്റുകൾ സ്വന്തമാക്കാൻ ബുമ്രയ്ക്ക് സാധിച്ചു. ഓസ്ട്രേലിയൻ ഓപ്പണർ ഉസ്മാൻ ഖവാജ, നതാൻ മക്സീനി, സ്റ്റീവ് സ്മിത്ത് എന്നീ വമ്പൻ താരങ്ങളെയാണ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യൻ നായകൻ പുറത്താക്കിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 150 റൺസ് മാത്രമായിരുന്നു നേടാൻ സാധിച്ചത്. ശേഷം ബോളിങ് ആരംഭിച്ച ഇന്ത്യക്കായി മൂന്നാം ഓവറിൽ തന്നെ ബൂമ്ര വിക്കറ്റ് സ്വന്തമാക്കി. മൂന്നാം ഓവറിലെ മൂന്നാം പന്തിൽ ഓസ്ട്രേലിയയുടെ യുവ ഓപ്പണർ മാക്സീനിയെ വിക്കറ്റിന് മുൻപിൽ ബൂമ്ര കുടുക്കുകയായിരുന്നു. അമ്പയർ നോട്ടൗട്ട് വിധിച്ച സാഹചര്യത്തിൽ ബുമ്ര കൃത്യമായി റിവ്യൂ കൈക്കൊള്ളുകയും ഇന്ത്യ  വിജയം കാണുകയും ചെയ്തു. ഇതോടെ 13 പന്തുകളിൽ 10 റൺസ് നേടിയ മക്സ്വീനി കൂടാരം കയറി. ശേഷം മത്സരത്തിന്റെ ഏഴാം ഓവറിലാണ് ബൂമ്ര തന്റെ മാജിക്ക് തുടർന്നത്.

ഓവറിൽ തുടർച്ചയായ പന്തുകളിൽ ഉസ്മാൻ ഖവാജയെയും സ്റ്റീവ് സ്മിത്തിനെയും പുറത്താക്കാൻ ബുമ്രയ്ക്ക് സാധിച്ചു. ഖവാജക്കെതിരെ ഒരു ലെങ്ത് ബോൾ ആയിരുന്നു ബൂമ്ര എറിഞ്ഞത്. കൃത്യമായി ഷേപ്പ് ചെയ്തു വന്ന പന്ത് ഖവാജയുടെ ബാറ്റിന്റെ എഡ്ജിൽ തട്ടി സ്ലിപ്പിൽ ഉണ്ടായിരുന്ന കോഹ്ലിയുടെ കയ്യിലേക്ക് എത്തി. മുൻപ് നിസ്സാരമായ ഒരു ക്യാച്ച് കൈവിട്ട കോഹ്ലി ഇത്തവണ കൂടുതൽ കരുതലോടെ പന്ത് കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. ഇതോടെ ബുമ്രയ്ക്ക് മത്സരത്തിലെ രണ്ടാമത്തെ വിക്കറ്റ് ലഭിച്ചു. ശേഷം തൊട്ടടുത്ത പന്തിൽ തന്നെ ഓസ്ട്രേലിയയുടെ വമ്പൻ താരമായ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനും ബൂമ്രയ്ക്ക് സാധിച്ചു.

എത്രമാത്രം ആധിപത്യം സ്ഥാപിക്കാൻ തനിക്ക് സാധിക്കുമെന്ന് ബൂമ്ര വെളിപ്പെടുത്തിയ ബോളായിരുന്നു സ്റ്റീവ് സ്മിത്തിനെതിരെ എറിഞ്ഞത്. ബൂമ്രയുടെ ആദ്യ പന്ത് പ്രതിരോധിക്കാൻ ശ്രമിച്ച സ്മിത്തിന് പൂർണമായി ബാലൻസ് നഷ്ടമാവുകയായിരുന്നു. ബാറ്റിൽ കൊള്ളാതെ നേരെ പന്ത് പാഡിൽ കൊള്ളുകയാണ് ഉണ്ടായത്. ഇത് കൃത്യമായി മനസ്സിലാക്കിയ അമ്പയർ ഉടൻ തന്നെ ഔട്ട് വിധിച്ചു. സ്മിത്ത് റിവ്യൂ പോലും നൽകാതെ പൂജ്യനായി കൂടാരം കയറുകയായിരുന്നു. എന്തായാലും ഓസ്ട്രേലിയൻ മണ്ണിൽ മികച്ച തുടക്കം തന്നെയാണ് ഇന്ത്യയുടെ സൂപ്പർ പേസർക്ക് ലഭിച്ചിരിക്കുന്നത്.

Previous articleക്രീസിൽ വീണ് കിടന്ന് പന്തിന്റെ സ്‌കൂപ് സിക്സ്. അത്ഭുത സിക്സിൽ അന്തംവിട്ട് കമ്മിൻസ്.
Next articleബും ബും ബുംറ. ആദ്യ ദിവസം ഓസീസിനെ വിറപ്പിച്ച് ഇന്ത്യൻ ബോളർമാർ