“നിങ്ങൾ പോയി വിരമിക്കൂ”- ഉടക്കാൻ വന്ന ആൻഡേഴ്സന് ഗിൽ കൊടുത്ത മറുപടി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രവിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. പരമ്പരയിൽ പലതവണ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും താരങ്ങൾ മൈതാനത്ത് ഏറ്റുമുട്ടുകയുണ്ടായി. ഇതിൽ പ്രധാനമായി മാറിയത് ജെയിംസ് ആൻഡേഴ്സനും ശുഭമാൻ ഗില്ലും തമ്മിൽ മൈതാനത്ത് നടന്ന വാക്പോരാണ്.

ധരംശാലയിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ജയിംസ് ആൻഡേഴ്സൻ ശുഭ്മാൻ ഗില്ലിനെതിരെ രംഗത്ത് എത്തുകയും, ശുഭ്മാൻ ഗില്‍ ശക്തമായ മറുപടി ആൻഡേഴ്സന് നൽകുകയും ചെയ്തു. ഇതിനെ സംബന്ധിച്ച് മത്സരശേഷം ആൻഡേഴ്സൻ പ്രതികരിക്കുകയുണ്ടായി. ഗില്ലുമായുണ്ടായ സംസാരത്തെപ്പറ്റിയാണ് ആൻഡേഴ്സൺ മനസ്സ് തുറന്നത്.

മത്സരത്തിനിടെ ഇരു താരങ്ങളും തമ്മിൽ വാക്പോരുകൾ ഉണ്ടാവുകയും, പിന്നീട് ആൻഡേഴ്സൻ ഗില്ലിന്റെ വിക്കറ്റ് സ്വന്തമാക്കുകയുമാണ് ചെയ്തത്. താൻ ഗില്ലിനോട് ചോദിച്ച ആദ്യ ചോദ്യം ആൻഡേഴ്സൺ ആവർത്തിച്ചു. “ഞാൻ ആദ്യം അവനോട് ചോദിച്ചത്, ‘ഇന്ത്യയ്ക്ക് പുറത്ത് നീ റൺസ് സ്വന്തമാക്കുമോ?’ എന്നതായിരുന്നു.

എന്നാൽ അതിന് അവൻ പറഞ്ഞ മറുപടി ഇങ്ങനെയാണ്- ‘നിങ്ങൾക്ക് വിരമിക്കാൻ സമയമായിരിക്കുന്നു’.” ഗില്ലിന്റെ ഈ മറുപടി ആൻഡേഴ്സനെ ചൊടിപ്പിച്ചിരുന്നു എന്നാണ് വ്യക്തമാവുന്നത്. ശേഷം തനിക്ക് ഗില്ലിനെ 2 ബോളുകൾക്ക് ശേഷം പുറത്താക്കാൻ സാധിച്ചുവെന്നും ആൻഡേഴ്സൻ പറഞ്ഞു.

മത്സരത്തിനിടെ വമ്പൻ റെക്കോർഡ് സ്വന്തമാക്കാനും ആൻഡേഴ്സന് സാധിച്ചിരുന്നു. 700 ടെസ്റ്റ് വിക്കറ്റ് എന്ന റെക്കോർഡാണ് ആൻഡേഴ്സൺ ഈ മത്സരത്തിനിടെ സ്വന്തമാക്കിയത്. മത്സരത്തിൽ ഇംഗ്ലണ്ട് ഒരു ഇന്നിംഗ്സിനും 64 റൺസിനുമാണ് പരാജയം ഏറ്റുവാങ്ങിയത്.

എന്നാൽ ആൻഡേഴ്സനുമായുള്ള ഈ സംഭാഷണത്തെ പറ്റി ഗില്ലിനോട് ചോദിച്ചപ്പോൾ വളരെ വിചിത്രമായ മറുപടിയാണ് ഗില്ലിൽ നിന്ന് ഉണ്ടായത്. “അത്തരമൊരു സംഭാഷണം ഏറ്റവും സ്വകാര്യമായി വെക്കുക എന്നതാണ് ഞങ്ങൾക്ക് രണ്ടുപേർക്കും നല്ലത് എന്ന് ഞാൻ കരുതുന്നു” എന്നായിരുന്നു ഗില്ലിന്റെ മറുപടി.

Previous articleജയസ്വാൾ അല്ല, ഇന്ത്യയ്ക്കായി അത്ഭുതങ്ങൾ കാട്ടാൻ പോവുന്നത് അവനാണ്. ധവാൻ പറയുന്നു.
Next articleജൂറലും പടിക്കലും ടീമിലെത്തിയത് അഗാർക്കറുടെ പ്രത്യേക നിർദ്ദേശത്തിൽ. വമ്പൻ തീരുമാനത്തെ പറ്റി ബിസിസിഐ.