സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയയുടെ സൂപ്പർ പേസർ മിച്ചർ സ്റ്റാർക്കിനെ ഞെട്ടിച്ച് ഇന്ത്യയുടെ യുവതാരം ജയസ്വാൾ. മത്സരത്തിൽ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലെ ആദ്യ ഓവറിലാണ് തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ജയസ്വാൾ കളംനിറഞ്ഞത്. ആദ്യ ഓവറിൽ അപകടകാരിയായ സ്റ്റാർക്കിനെതിരെ 4 ബൗണ്ടറികൾ സ്വന്തമാക്കിയാണ് ജയസ്വാൾ ശ്രദ്ധ നേടിയത്.
മത്സരത്തിലെ ആദ്യ ഇന്നിങ്സിൽ കേവലം 4 റൺസിന്റെ ലീഡ് മാത്രമായിരുന്നു ഇന്ത്യയ്ക്ക് സ്വന്തമാക്കാൻ സാധിച്ചത്. അതിന് ശേഷം ഇന്ത്യ വളരെ സൂക്ഷ്മതയോടെ മുന്നോട്ട് പോകുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ സ്റ്റാർക്കിനെതിരെ പൂർണമായ ആക്രമണമാണ് ജയസ്വാൾ അഴിച്ചുവിട്ടത്.
JAISWAL SHOW AGAINST STARC, WHAT A BATTER 🙇 pic.twitter.com/c7A8I9lPRj
— Johns. (@CricCrazyJohns) January 4, 2025
ഓവറിലെ ആദ്യ പന്ത് ജയസ്വാൾ അനായാസം ലീവ് ചെയ്യുകയായിരുന്നു. ശേഷമാണ് രണ്ടാം പന്തിൽ ഒരു കിടിലൻ ബൗണ്ടറി ജയസ്വാൾ നേടിയത്. ഒരു ബൗൺസറായി വന്ന പന്ത് സ്ലിപ്പിന് മുകളിലൂടെ ജയസ്വാൾ ബൗണ്ടറി കടത്തുകയാണ് ഉണ്ടായത്. ശേഷം അടുത്ത പന്തിലും ഇതേ രീതിയിൽ തന്നെ മറ്റൊരു ബൗണ്ടറി നേടാൻ താരത്തിന് സാധിച്ചു. ഒരു ഷോട്ട് ബോളായിരുന്നു സ്റ്റാർക്ക് എറിഞ്ഞത്. ജയസ്വാൾ കൃത്യമായി ഇത് മനസ്സിലാക്കുകയും ഓഫ് സൈഡിൽ മറ്റൊരു ബൗണ്ടറി സ്വന്തമാക്കുകയും ചെയ്തു. ഇതോടെ സ്റ്റാർക്ക് പൂർണ്ണമായും സമ്മർദ്ദത്തിലാവുകയായിരുന്നു.
പിന്നീട് അടുത്ത പന്തിലും ബൗണ്ടറി സ്വന്തമാക്കി ഹാട്രിക് ബൗണ്ടറികൾ നേടാനും ജയസ്വാളിന് സാധിച്ചു. പിന്നീട് അഞ്ചാം പന്ത് ജയസ്വാൾ അടിച്ചൊതുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. എക്സ്ട്രാ ബൗൺസ് ഈ സമയത്ത് ജയസ്വാളിനെ ചതിച്ചു. എന്നാൽ ഓവറിലെ അവസാന പന്തിൽ ഒരു കിടിലൻ ഷോട്ടിലൂടെ ബൗണ്ടറി നേടിയാണ് ജയസ്വാൾ ഇതിനുള്ള കണക്ക് തീർത്തത്. അവസാന പന്ത് ഒരു ഫുൾ ഡെലിവറിയായാണ് സ്റ്റാർക്ക് എറിഞ്ഞത്. ജയസ്വാൾ കൃത്യമായി തന്നെ ഫ്രണ്ട് ഫുട്ടിലേക്ക് പോവുകയും എക്സ്ട്രാ കവറിലൂടെ ഒരു കിടിലൻ ബൗണ്ടറി സ്വന്തമാക്കുകയും ചെയ്തു. ഇതോടെ മത്സരത്തിന്റെ ആദ്യ ഓവറിൽ 16 റൺസ് സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചു.
ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഓവറിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡും ജയസ്വാൾ സ്വന്തമാക്കുകയുണ്ടായി. മത്സരത്തിലേക്ക് കടന്നുവന്നാൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 185 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിംഗിൽ ഓസ്ട്രേലിയ മികച്ച രീതിയിൽ തന്നെ ആരംഭിച്ചു. എന്നാൽ മത്സരത്തിന്റെ രണ്ടാം ദിവസം ശക്തമായ ബോളിംഗ് പ്രകടനം ഇന്ത്യ കാഴ്ച വയ്ക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയയെ 181 റൺസിലൊതുക്കാനും 4 റൺസിന്റെ ലീഡ് സ്വന്തമാക്കാനും ഇന്ത്യക്ക് സാധിച്ചു.