ശ്രീലങ്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ വമ്പൻ പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ ജയസ്‌വാൾ ഇതുവരെ കാഴ്ച വെച്ചിട്ടുള്ളത്. ആദ്യ 2 മത്സരങ്ങളിലും മികവ് പുലർത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. രണ്ടാം ട്വന്റി20യിലെ ഇന്ത്യയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത് ജയസ്വാളിന്റെ തകർപ്പൻ ഇന്നിംഗ്സ് ആയിരുന്നു.
ഈ ഇന്നിങ്സോടെ ഒരു വമ്പൻ റെക്കോർഡ് സ്വന്തമാക്കാനും ജയസ്വാളിന് സാധിച്ചിട്ടുണ്ട്. 2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 1000 റൺസ് സ്വന്തമാക്കുന്ന ആദ്യ ബാറ്റർ എന്ന റെക്കോർഡാണ് ജയസ്വാൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ 2024ൽ 18 മത്സരങ്ങളിൽ നിന്ന് 1017 റൺസ് സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്.
214 റൺസ് നേടി പുറത്താവതെ നിന്നതാണ് ജയസ്വാളിന്റെ 2024ലെ ഏറ്റവും ഉയർന്ന സ്കോർ. 2023ൽ വെസ്റ്റിൻഡീസിനെതിരെ ആയിരുന്നു ജയസ്വാൾ അരങ്ങേറ്റ മത്സരം കളിച്ചത്. ശേഷം 2024 ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാവാനും താരത്തിന് സാധിച്ചു. പക്ഷേ ടൂർണമെന്റിൽ ഒരു മത്സരത്തിൽ പോലും മൈതാനത്തിറങ്ങാൻ ജയസ്വാളിന് സാധിച്ചിരുന്നില്ല. രോഹിത് ശർമയും വിരാട് കോഹ്ലിയും ആയിരുന്നു ടൂർണമെന്റിൽ ഇന്ത്യയുടെ ഓപ്പണർമാരായി കളിച്ചത്.
എന്നാൽ 2024 ട്വന്റി20 ലോകകപ്പിന് ശേഷം സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പരയിൽ ജയസ്വാളിന് ഇന്ത്യ അവസരം നൽകി.
ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തിലെ പ്രകടനത്തോടെ 2024ൽ 1017 റൺസ് സ്വന്തമാക്കാൻ ജയസ്വാളിന് സാധിച്ചിട്ടുണ്ട്. 2024ൽ 13 മത്സരങ്ങളിൽ നിന്ന് 888 റൺസ് സ്വന്തമാക്കിയ ശ്രീലങ്കൻ താരം കുശാൽ മെൻഡിസാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. 93 റൺസാണ് കുശാലിന്‍റെ ഏറ്റവും ഉയർന്ന സ്കോർ. അഫ്ഗാനിസ്ഥാൻ ബാറ്റർ ഇബ്രാഹിം സദ്രാൻ ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നു. 2024ൽ 23 മത്സരങ്ങളിൽ നിന്ന് 844 റൺസാണ് താരം സ്വന്തമാക്കിയത്. 114 റൺസാണ് സദ്രാന്റെ ഏറ്റവും ഉയർന്ന സ്കോർ.
2024ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 833 റൺസ് സ്വന്തമാക്കിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ലിസ്റ്റിൽ നാലാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്. 2024ലെ രോഹിത് ശർമയുടെ ഏറ്റവും ഉയർന്ന സ്കോർ 131 റൺസാണ്. 17 മത്സരങ്ങളിൽ നിന്നാണ് രോഹിത് ശർമ 83 റൺസ് സ്വന്തമാക്കിയത്. 2024ൽ 17 മത്സരങ്ങളിൽ നിന്ന് 791 റൺസ് സ്വന്തമാക്കിയ ശ്രീലങ്കൻ താരം നിസംഗയാണ് ലിസ്റ്റിൽ രോഹിത്തിന് പിന്നിലുള്ളത്. ജയസ്വാളിനെ സംബന്ധിച്ച് എന്തായാലും വളരെ മികച്ച ഒരു റെക്കോർഡ് തന്നെയാണ് ഇത്. വരാനിരിക്കുന്ന മത്സരങ്ങളിലും ഇത്തരത്തിൽ ജയസ്വാൾ മികവ് പുലർത്തണമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ