സച്ചിനും സേവാഗിനൊപ്പം എലൈറ്റ് ക്ലബ്ബിലെത്തി ജയസ്വാൾ. കലണ്ടർ വർഷത്തെ കണക്കിൽ ഒന്നാമൻ.

സച്ചിൻ ടെണ്ടുൽക്കർ, സുനിൽ ഗവാസ്കർ, വീരേന്ദർ സേവാഗ് എന്നീ ഇതിഹാസ ബാറ്റർമാർക്കൊപ്പം എലൈറ്റ് ക്ലബ്ബിൽ ഇടംപിടിച്ച് ഇന്ത്യയുടെ യുവ ഓപ്പണറായ ജയസ്വാൾ. ഒരു കലണ്ടർ വർഷത്തിൽ 1400ലധികം ടെസ്റ്റ് റൺസ് സ്വന്തമാക്കുന്ന താരം എന്ന ലിസ്റ്റിലാണ് ജയസ്വാൾ ഇടംപിടിച്ചിരിക്കുന്നത്.

ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യൻ താരം മാത്രമാണ് ജയസ്വാൾ. ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിന്റെ അഞ്ചാം ദിവസമാണ് ജയസ്‌വാൾ ഈ നേട്ടത്തിൽ എത്തിയത്. മെൽബണിൽ നടക്കുന്ന മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും തകർപ്പൻ അര്‍ധ സെഞ്ചറി സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു.

2023 ജൂലൈയിൽ വിൻഡിസിനെതിരെയാണ് ജയസ്വാൾ ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. ആദ്യ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 171 റൺസ് സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നു. ശേഷമാണ് ഈ വർഷവും തകർപ്പൻ പ്രകടനം താരം പുറത്തെടുത്തത്. ഇതുവരെ ഈ വർഷം 15 മത്സരങ്ങളിൽ നിന്ന് 29 ഇന്നിങ്സുകളാണ് കളിച്ചിട്ടുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്നാണ് താരം 1400 റൺസ് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റിൽ ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച ശേഷമായിരുന്നു മുംബൈയുടെ യുവതാരമായ ജയസ്വാളിന് ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചത്. 2024ൽ ഇതുവരെ ഇന്ത്യക്കായി 3 സെഞ്ച്വറികളും 8 അർധസെഞ്ച്വറികളും സ്വന്തമാക്കാൻ ഈ വെടിക്കെട്ട് താരത്തിന് സാധിച്ചു.

ഒരു കലണ്ടർ വർഷം ഏറ്റവുമധികം ടെസ്റ്റ് റൺസ് സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡ് നിലവിൽ സച്ചിന്റെ പേരിലാണ്. 2010ൽ 14 ടെസ്റ്റ്‌ മത്സരങ്ങളിൽ നിന്ന് 1562 റൺസ് ആയിരുന്നു സച്ചിൻ ടെണ്ടുൽക്കർ സ്വന്തമാക്കിയത്. ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്തുള്ളത് വീരേന്ദർ സേവാഗാണ്. 2008ൽ 1462 റൺസും 2019ൽ 1422 റൺസും സേവാഗ് സ്വന്തമാക്കിയിരുന്നു. 2 സമയങ്ങളിലും 14 മത്സരങ്ങൾ വീതമാണ് സേവാഗ് കളിച്ചത്. 2 തവണ 1400 റൺസിലധികം ഒരു കലണ്ടർ വർഷം ടെസ്റ്റ് മത്സരങ്ങളിൽ നേടിയിട്ടുള്ള ഏക ഇന്ത്യൻ താരം കൂടിയാണ് വീരേന്ദർ സേവാഗ്.

സുനിൽ ഗവാസ്കറാണ് ഈ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുള്ള മറ്റൊരു താരം. ടെസ്റ്റ്‌ ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് പൂർത്തീകരിക്കുന്ന താരമായിരുന്നു സുനിൽ ഗവാസ്കർ. 1979ലാണ് സുനിൽ ഗവാസ്കർ 1407 റൺസ് ഒരു കലണ്ടർ വർഷം സ്വന്തമാക്കിയത്.

Previous articleരോഹിത് ഇന്ത്യയ്ക്ക് ഒരു “സേവാഗ് സ്റ്റൈൽ” വെടിക്കെട്ട് തുടക്കം നൽകണം. ഉപദേശവുമായി സുനിൽ ഗവാസ്കർ.