ഋതുരാജിന് പകരക്കാരനായി ജയിസ്വാൾ ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിൽ. വിപ്ലവത്തിനൊരുങ്ങി ഇന്ത്യൻ ടീം.

ഇന്ത്യൻ പ്രീമിയർ ലീഗിലെ മികച്ച പ്രകടനത്തിനുശേഷം ജെയിസ്വാളിനെ തേടി ഒരു വമ്പൻ അവസരം. 2023 ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാൻ ഋതുരാജിന് പകരക്കാരനായി ജെയിസ്വാളിനെ തങ്ങളുടെ സ്ക്വാഡിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യ ഇപ്പോൾ. ഇന്ത്യൻ എക്സ്പ്രസാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 3-4 തീയതികളിൽ ഋതുരാജ് വിവാഹിതനാവും എന്ന കാര്യം നേരത്തെ തന്നെ ബിസിസിഐയെ അറിയിച്ചിരുന്നു. ഇതിനുശേഷമാണ് ഋതുരാജിന് പകരക്കാരനായി ജെയ്‌സ്വാളിനെ ഇന്ത്യ തങ്ങളുടെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ ഒരു സ്റ്റാൻഡ് ബൈ കളിക്കാരനായിയാണ് ജെയിസ്വാൾ ടീമിൽ കളിക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിനായി അടുത്ത ദിവസം തന്നെ ജെയിസ്വാൾ ലണ്ടനിലേക്ക് യാത്ര തിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികവാർന്ന പ്രകടനങ്ങളായിരുന്നു ജെയിസ്വാൾ കാഴ്ചവെച്ചത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ 2023ല്‍ വലിയ സാന്നിധ്യം തന്നെയായിരുന്നു ജയിസ്വാൾ. രാജസ്ഥാൻ റോയൽസ് ടീമിനായി 14 മത്സരങ്ങളിൽ നിന്ന് 625 റൺസാണ് ജെയിസ്വാൾ നേടിയത്. മാത്രമല്ല രഞ്ജി ട്രോഫിയിലും മികച്ച പ്രകടനങ്ങൾ ജെയിസ്വാൾ പുറത്തെടുത്തിരുന്നു. രഞ്ജിയിൽ അഞ്ചു മത്സരങ്ങളിൽ നിന്ന് 404 റൺസ് ജെയിസ്വാൾ സ്വന്തമാക്കുകയുണ്ടായി.

മുൻപ് തന്റെ വിവാഹക്കാര്യം ഋതുരാജ് ബിസിസിഐയെ അറിയിച്ചിരുന്നു. 3-4 തീയതികളിൽ വിവാഹം കഴിഞ്ഞതിനുശേഷം അഞ്ചാം തീയതി ടീമിനൊപ്പം ചേരാം എന്നായിരുന്നു ഋതുരാജ് അറിയിച്ചത്. എന്നാൽ ഇന്ത്യയുടെ ടീം പരിശീലകനായ രാഹുൽ ദ്രാവിഡ് ഇത് നിരാകരിക്കുകയായിരുന്നു. ശേഷം ജയ്സ്വാളിനെ ദ്രാവിഡ് ടീമിലേക്ക് നിർദ്ദേശിച്ചു. ജൂൺ ഏഴാം തീയതി ഓവലിൽ വച്ചാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ നടക്കുന്നത്. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയൻ ടീമിനെതിരെയാണ് പോരാടുന്നത്.

ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം പിടിക്കുന്നത്. കഴിഞ്ഞതവണയും ഫൈനലിലെത്താൻ സാധിച്ചെങ്കിലും ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ പരാജയപ്പെടുകയായിരുന്നു ഇന്ത്യ. എന്നാൽ ഇത്തവണ മാറ്റം കുറിച്ച് ഓസ്ട്രേലിയക്കെതിരെ ഒരു വിജയം നേടി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. എന്നിരുന്നാലും ടീമിലെ പല പ്രധാന താരങ്ങളുടെ പരിക്കും ഇന്ത്യയെ ബാധിച്ചിട്ടുണ്ട്.

Previous articleഗില്ലിനെ ഒരു സൂപ്പർതാരമെന്ന് വിളിക്കാൻ പറ്റില്ല. ഇനിയും കടമ്പകൾ മുൻപിലുണ്ടെന്ന് കപിൽ ദേവ്.
Next articleവിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈയുടെ ഇതിഹാസം. ഐപിഎൽ ഫൈനലിന് ശേഷം ക്രിക്കറ്റിനോട് വിട പറയും.