പെർത്തിന്റെ മണ്ണിൽ ഒരു തട്ടുപൊളിപ്പൻ സെഞ്ച്വറി സ്വന്തമാക്കി റെക്കോർഡുകൾ തകർത്തെറിഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം ജയസ്വാൾ. ഓസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനവുമായാണ് ജയസ്വാൾ സെഞ്ച്വറി സ്വന്തമാക്കിയത്. ഇന്ത്യക്കായി സമ്മർദ്ദ സാഹചര്യത്തിൽ മികവ് പുലർത്തിയിട്ടുള്ള ജയസ്വാളിന്റെ ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നാണ് പേർത്ത് മൈതാനത്ത് ഇതുവരെ കാണാൻ സാധിച്ചത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ പൂജ്യനായി പുറത്തായ ജയസ്വാളിന്റെ ഒരു മടങ്ങിവരമായിരുന്നു രണ്ടാം ഇന്നിങ്സിൽ കാണാൻ സാധിച്ചത്. ഇതിനിടെ പല റെക്കോർഡുകളും ജയസ്‌വാൾ മറികടന്നു.
ഓസ്ട്രേലിയൻ മണ്ണി ആദ്യ ടെസ്റ്റ് മത്സരത്തിൽ തന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ജയസ്വാൾ മത്സരത്തിൽ മാറുകയുണ്ടായി. 1967-68ൽ തന്റെ ഓസ്ട്രേലിയൻ മണ്ണിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി സ്വന്തമാക്കിയ മുൻ ഇന്ത്യൻ താരം ജയസിംഹയാണ് ഈ ലിസ്റ്റിലെ ആദ്യ വ്യക്തി. 1977- 78ലെ ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറി നേടി സുനിൽ ഗവാസ്കറും ചരിത്രം രചിച്ചിരുന്നു. ശേഷമാണ് ഇപ്പോൾ 2024ൽ ഓസ്ട്രേലിയൻ മണ്ണിലെ തന്റെ ആദ്യ മത്സരത്തിൽ തന്നെ ജയസ്വാൾ സെഞ്ചുറി നേടിയത്. ഈ 3 സെഞ്ച്വറികളും പിറന്നത് ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിലാണ് എന്നതാണ് ഏറ്റവും യാദൃശ്ചികം.
മാത്രമല്ല മത്സരത്തിലെ സെഞ്ച്വറിയിലൂടെ മറ്റൊരു ചരിത്രത്തിലും ഇടംപിടിക്കാൻ ജയസ്വാളിന് സാധിച്ചു. 23 വയസ്സ് പൂർത്തിയാവുന്നതിന് മുൻപ് ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികൾ ഇന്ത്യക്കായി സ്വന്തമാക്കിയ താരം എന്ന ലിസ്റ്റിലാണ് സച്ചിനോടൊപ്പം ജയസ്വാളും ഇടംപിടിച്ചത്. 23 വയസ്സ് പൂർത്തിയാവുന്നതിനു മുമ്പ് 8 ടെസ്റ്റ് സെഞ്ച്വറികൾ ആയിരുന്നു സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യക്കായി സ്വന്തമാക്കിയത്. 23 വയസ് പൂർത്തീകരിവുന്നതിന് മുൻപ് 5 സെഞ്ച്വറികൾ സ്വന്തമാക്കിയ രവി ശാസ്ത്രിയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ശേഷം ഇപ്പോൾ ജയസ്വാളും ഈ ലിസ്റ്റിൽ കടന്നുകൂടിയിരിക്കുകയാണ്. ഇതുവരെ തന്റെ കരിയറിൽ 4 സെഞ്ച്വറികൾ ജയസ്വാൾ നേടിയിരിക്കുന്നു. ഇന്ത്യയുടെ മുൻ താരങ്ങളായ സുനിൽ ഗവാസ്കറും വിനോദ് കാംബ്ലിയും 23 വയസ് പൂർത്തീകരിക്കുന്നതിന് മുൻപ് 4 സെഞ്ച്വറികൾ സ്വന്തമാക്കിയ മറ്റു താരങ്ങളാണ്.
23 വയസ് പൂർത്തീകരിക്കുന്നതിന് മുൻപ് ഒരു കലണ്ടർ വർഷത്തിൽ ഇന്ത്യക്കായി ഏറ്റവുമധികം സെഞ്ച്വറികൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡും ഇതോടെ ജയസ്വാൾ സ്വന്തമാക്കുകയുണ്ടായി. ഇതുവരെ 2024ൽ 3 ടെസ്റ്റ് സെഞ്ച്വറികളാണ് ജയസ്വാൾ സ്വന്തമാക്കിയത്. 1992ൽ 23 വയസ്സ് പൂർത്തീകരിക്കുന്നതിന് മുൻപ് സച്ചിൻ ടെണ്ടുൽക്കറും ഒരു കലണ്ടർ വർഷത്തിൽ 3 സെഞ്ചുറികൾ സ്വന്തമാക്കിയിരുന്നു. 1984ൽ രവി ശാസ്ത്രിയും ഈ നേട്ടം കൊയ്തിരുന്നു. 1971ൽ തനിക്ക് 23 വയസ് പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ 4 ടെസ്റ്റ് സെഞ്ച്വറികൾ സ്വന്തമാക്കിയ സുനിൽ ഗവാസ്കറാണ് ഈ ലിസ്റ്റിലെ ഒന്നാമൻ.