മെൽബൺ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം ഉഗ്രൻ തിരിച്ചുവരമാണ് ഇന്ത്യൻ ബോളർമാർ നടത്തിയത് മുഹമ്മദ് സിറാജും ജസ്‌പ്രീത് ബുമ്രയും അടക്കമുള്ളവർ മികച്ച ബോളിംഗ് പ്രകടനം കാഴ്ചവച്ചപ്പോൾ ഓസ്ട്രേലിയയെ വരിഞ്ഞുമുറുകാന്‍ ഇന്ത്യയ്ക്ക് സാധിച്ചു. എന്നാൽ ഇതിനിടെ ഇന്ത്യയ്ക്ക് ചില സുവർണാവസരങ്ങൾ നഷ്ടമായിരുന്നു. ഫീൽഡിങ്ങിലെ പിഴവുമൂലം ഇന്ത്യ പലപ്പോഴും നിരാശജനകമായ പ്രകടനം കാഴ്ചവച്ചു. ഇതിൽ പ്രധാനിയായി മാറിയത് ജയസ്വാളാണ്. മത്സരത്തിന്റെ നാലാം ദിവസം നിർണായകമായ 3 ക്യാച്ചുകളാണ് ജയസ്വാൾ വിട്ടുകളഞ്ഞത്. ഇന്ത്യൻ നായകൻ രോഹിത് ശർമയെ അടക്കം ഇത് ചൊടിപ്പിക്കുകയുണ്ടായി.
ആദ്യം ജയസ്വാൾ വിട്ടുകളഞ്ഞത് ഉസ്മാൻ ഖവാജയുടെ ക്യാച്ച് ആയിരുന്നു. ബൂമ്ര എറിഞ്ഞ പന്തിൽ ഒരു അനായാസ ക്യാച്ചാണ് താരം വിട്ടത്. ഇതിന് ശേഷം 40ആം ഓവറിൽ ഓസ്ട്രേലിയയുടെ അപകടകാരിയായ ബാറ്റർ മാർനസ് ലബുഷൈന്റെ ക്യാച്ചും ജയസ്വാൾ വിട്ടു കളയുകയുണ്ടായി. ആകാശ് ദീപെറിഞ്ഞ പന്തിൽ ലബുഷൈൻ തന്റെ ബാറ്റിന്റെ ഫെയ്സ് ഓപ്പൺ ചെയ്തു ഗളിയിലൂടെ ഒരു ബൗണ്ടറി നേടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ എഡ്ജിൽ കൊണ്ട പന്ത് കൃത്യമായി ജയസ്വാളിന്റെ കൈകളിലേക്ക് എത്തി. പക്ഷേ ഈ ക്യാച്ച് ജയസ്വാൾ വിട്ടു കളയുകയുണ്ടായി.
ഈ സമയത്ത് ജയസ്വാൾ ക്യാച്ച് നഷ്ടപ്പെടുത്തിയത് രോഹിത്തിനെ ദേഷ്യത്തിലാക്കി. ജയസ്വാളിന് നേരെ രോഹിത് കൈ ചൂണ്ടുന്നത് ബ്രോഡ്കാസ്റ്റിൽ വ്യക്തമായിരുന്നു. കമന്ററി ബോക്സിൽ ഉണ്ടായിരുന്ന മാർക്ക് നിക്കോളാസ് ഇതിനെ ചോദ്യം ചെയ്യുകയുമുണ്ടായി. നിരാശയാൽ ജയസ്വാൾ നിൽക്കുന്ന ചിത്രവും ബ്രോഡ്കാസ്റ്റിൽ കാണിച്ചു. പിന്നാലെയാണ് പാറ്റ് കമ്മിൻസിന്റെ ക്യാച്ചും ജയസ്വാൾ വിട്ടു കളഞ്ഞത്. ഇതോടെ 3 അവസരങ്ങളാണ് ജയസ്വാൾ മത്സരത്തിൽ നഷ്ടപ്പെടുത്തിയത്.
ഇന്ത്യയെ സംബന്ധിച്ച് ഈ 3 ക്യാച്ചുകളും നിർണായകമായിരുന്നു. ഓസ്ട്രേലിയൻ ടീമിനെ ഏറ്റവും കുറഞ്ഞ സ്കോറിൽ ഒതുക്കിയാൽ മാത്രമേ മത്സരത്തിന്റെ അവസാന ദിവസം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത് ഇന്ത്യക്ക് വിജയം സ്വന്തമാക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനായി ഇന്ത്യയുടെ മുഴുവൻ താരങ്ങളും അങ്ങേയറ്റം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സമയത്താണ് യുവതാരത്തിൽ നിന്ന് ഇത്തരത്തിൽ പിഴവുകൾ ഉണ്ടായത്. വരും ദിവസങ്ങളിൽ ജയസ്വാളിന്റെ ഈ മോശം ഫീൽഡിങ് പ്രകടനം ചർച്ചയാകും എന്നത് ഉറപ്പാണ്.