വളരെ അപ്രതീക്ഷിതമായ പരാജയം തന്നെയായിരുന്നു ഇന്ത്യയ്ക്ക് ഇൻഡോറിൽ നടന്ന മൂന്നാമത്തെ ടെസ്റ്റിൽ നേരിടേണ്ടിവന്നത്. സ്പിന്നിനെ വളരെ വലിയ രീതിയിൽ അനുകൂലിക്കുന്ന പിച്ചിൽ 9 വിക്കറ്റുകൾക്കായിരുന്നു ഇന്ത്യയെ ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. മത്സരത്തിലെ ഇന്ത്യയുടെ പരാജയകാരണങ്ങൾ വെളിപ്പെടുത്തി ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ. മത്സരത്തിൽ വലിയ വഴിത്തിരിവായത് ജഡേജയുടെ നോബോളായിരുന്നു എന്നാണ് സുനിൽ ഗവാസ്കർ പറയുന്നത്.
മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ ഓസ്ട്രേലിയൻ ബാറ്റർ ലബുഷാനെ പൂജ്യത്തിൽ നിന്നപ്പോൾ ജഡേജ അയാളുടെ കുറ്റിതെറിപ്പിച്ചിരുന്നു. ശേഷം ഇത് നോബോൾ ആയി വിധിക്കപ്പെട്ടു. മത്സരത്തിൽ അത് ഇന്ത്യയെ ബാധിച്ചു എന്ന് ഗവാസ്കർ പറയുന്നു. “നമ്മൾ മത്സരത്തിലേക്ക് തിരികെ നോക്കുമ്പോൾ മനസ്സിലാവുന്ന കാര്യം അതാണ്. ആ നോബോളാണ് ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത്. അതിനുശേഷം ഖവാജയും ലബുഷാനെയും ചേർന്ന് 96 റൺസിന്റെ കൂട്ടുകെട്ട് സൃഷ്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ മത്സരത്തിലെ ടേണിംഗ് പോയിന്റ് ആ നോബോൾ ആയിരുന്നു. ആ നോബോൾ മൂലം ഇന്ത്യയ്ക്ക് മത്സരം നഷ്ടമായി.”- ഗവാസ്കർ പറയുന്നു.
ഇതോടൊപ്പം ഇന്ത്യൻ ബാറ്റർമാരുടെ മോശം ഷോട്ട് സെലക്ഷനെയും ഗവാസ്കർ ചൂണ്ടിക്കാട്ടുകയുണ്ടായി. “ബാറ്റർമാർ അവരുടെ കഴിവിനൊത്ത പ്രകടനം മത്സരത്തിൽ കാഴ്ചവെച്ചില്ല. ഇന്ത്യയുടെ വിക്കറ്റുകൾ നഷ്ടമായ രീതി നോക്കൂ. എല്ലാവരും ചില ഷോട്ടുകൾക്ക് ശ്രമിച്ച സ്വയം പുറത്താവുകയായിരുന്നു. പിച്ചിൽ നിന്ന് അവർ എന്തൊക്കെയോ പ്രതീക്ഷിച്ച് ഷോട്ടുകൾക്ക് മുതിരുകയായിരുന്നു.”- ഗവാസ്കർ കൂട്ടിച്ചേർക്കുന്നു.
ഇതിനൊപ്പം ആദ്യ രണ്ടു മത്സരങ്ങളിലെ മോശം ബാറ്റിംഗ് പ്രകടനവും ഇൻഡോറിൽ ഇന്ത്യൻ ബാറ്റർമാരുടെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട് എന്ന് ഗവാസ്കർ പറയുകയുണ്ടായി. രോഹിത്തൊഴികെയുള്ള ബാറ്റർമാർക്ക് ഇൻഡോറിൽ ആവശ്യമായ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല എന്ന് ഗവാസ്കർ കരുതുന്നു. മാർച്ച് 9ന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.