ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ കളിച്ച 9 മത്സരത്തിൽ ആറു മത്സരവും തോറ്റു നിൽക്കുകയാണ് ചെന്നൈ സൂപ്പർ കിംഗ്സ്. സീസണിനു തൊട്ടുമുമ്പ് എല്ലാ ആരാധകരെയും ഞെട്ടിച്ച് മഹേന്ദ്ര സിംഗ് ധോണി ക്യാപ്റ്റൻ സ്ഥാനം രവീന്ദ്ര ജഡേജ കൈമാറിയിരുന്നു.
എന്നാൽ പ്രതീക്ഷകൾ എല്ലാം തെറ്റി ജഡേജ, ക്യാപ്റ്റൻസി സമ്മർദംമൂലം തൻ്റെ സ്വന്തം കളിയിൽ പതറുകയും ചെന്നൈ ടീം മൊത്തത്തിൽ ആടിയുലയും ചെയ്തു. രണ്ടുദിവസം മുമ്പാണ് വീണ്ടും എല്ലാ ആരാധകരെയും ഞെട്ടിച്ച് ജഡേജ, നായകസ്ഥാനം ധോണിക്ക് തിരികെ നൽകിയത്.
ധോണി നായകസ്ഥാനത്ത് തിരിച്ചെത്തിയ മത്സരത്തിൽ ഹൈദരാബാദിനെതിരെ വിജയിക്കുകയും ചെയ്തു. ഇത് ചെന്നൈ ആരാധകർക്കും ധോണി ആരാധകർക്കും പുത്തൻ ഉണർവാണ് നൽകിയത്. ഇപ്പോഴിതാ ധോണിയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അജയ് ജഡേജ.
“ധോണി ഒപ്പമുണ്ടാവുകയെന്നത് സിഎസ്‌കെയെ സംബന്ധിച്ച് എപ്പോഴും പോസിറ്റീവ് നല്‍കുന്ന കാര്യമാണ്. ഇന്ത്യന്‍ ടീമിലും ധോണി വളരെ ഇംപാക്ട് ഉണ്ടാക്കുന്നു. അവന്റെ ക്യാപ്റ്റന്‍സിയാണ് അവസാന മത്സരത്തില്‍ സിഎസ്‌കെയെ ജയിപ്പിച്ചതെന്നല്ല ഞാന്‍ പറയുന്നത്.
ധോണിക്ക് കീഴിലും സിഎസ്‌കെ തോറ്റിട്ടുണ്ട്. താരങ്ങളും ക്യാപ്റ്റന്മാരും വരികയും പോവുകയും ചെയ്യും.
എന്നാല്‍ ധോണിയെപ്പോലുള്ള നായകന്മാര്‍ അപൂര്‍വ്വമായി മാത്രം ഉണ്ടാവുന്നതാണ്. ധോണി ഉള്ളപ്പോള്‍ സവിശേഷമാണ് കാര്യങ്ങള്‍. 2007 മുതല്‍ ഇത് അവന്‍ ചെയ്യുന്നു. അവനെക്കുറച്ച് കൂടുതലൊന്നും വിശദീകരിക്കേണ്ട ആവിശ്യമില്ല.കഴിഞ്ഞ മത്സരങ്ങളെടുത്താല്‍ ശിവം ദുബെ മാത്രമാണ് സിഎസ്‌കെ നിരയില്‍ തിളങ്ങിയത്.
അതുകൊണ്ട് ദുബെ ഫിറ്റാണെങ്കില്‍ തീര്‍ച്ചയായും പ്ലേയിങ് 11ല്‍ വേണം. ഡ്വെയ്ന്‍ ബ്രാവോക്ക് പരിക്കാണെങ്കില്‍ തിരിച്ചുവരാന്‍ സമയമെടുത്തേക്കും. അവനെ ലഭ്യമാകുമെങ്കില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് പകരം കളിപ്പിക്കണം. ഡെവോണ്‍ കോണ്‍വെ ടോപ് ഓഡറില്‍ തിളങ്ങുമ്പോള്‍ മാറ്റം ആവിശ്യമില്ല”- ജഡേജ പറഞ്ഞു.