രണ്ടാം ദിവസത്തെ ഓസ്ട്രേലിയൻ വീരം കെട്ടടക്കി ജഡേജയുടെ താണ്ഡവം. ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം ഒരു അത്യുഗ്രൻ ബോളിംഗ് പ്രകടനമാണ് രവീന്ദ്ര ജഡേജ കാഴ്ച വച്ചിരിക്കുന്നത്. രണ്ടാം ഇന്നിങ്സിൽ 62ന് 1 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയയെ പൂർണമായും ജഡേജ അടിച്ചൊതുക്കുന്നതാണ് കാണാൻ സാധിച്ചത്. ഓസ്ട്രേലിയൻ ഇന്നിംഗ്സിലെ ഏഴ് വിക്കറ്റുകളാണ് ജഡേജ നേടിയത്. ഇതോടെ ഓസീസ് തങ്ങളുടെ രണ്ടാം ഇന്നിങ്സിൽ 113 റൺസിന് ഓൾഔട്ട് ആവുകയും ചെയ്തു.
മത്സരത്തിന്റെ രണ്ടാമത്തെ ദിവസം തന്റെ ലൈൻ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ജഡേജയെ കാണുകയുണ്ടായി. മാത്രമല്ല ജഡേജ അല്പം റൺസ് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ മൂന്നാം ദിവസം തന്റെ പിഴവുകൾ പൂർണമായും ഇല്ലാതാക്കി കൃത്യമായി ലൈനിൽ തന്നെ ജഡേജ എറിഞ്ഞു തുടങ്ങി. അതോടെ ഓസ്ട്രേലിയൻ ബാറ്റർമാർ വിറയ്ക്കാൻ തുടങ്ങി. മൂന്നാം ദിവസത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഓസിസിന്റെ ശക്തിയായ ലാബുഷാനേയെയും ഹാൻസ്കോമ്പിനെയും അലക്സ് കെയറിയയും കമ്മീൻസിനെയും പുറത്താക്കാൻ ജഡേജയ്ക്ക് സാധിച്ചു.
പിന്നീട് വാലറ്റത്തെ പുഷ്പം പോലെ പുറത്താക്കിയ ജഡേജ തന്റെ പേരിൽ 7 വിക്കറ്റുകൾ ചേർക്കുകയുണ്ടായി. മത്സരത്തിൽ 12 ഓവറുകൾ പന്തെറിഞ്ഞ ജഡേജ 42 റൺസ് മാത്രം വിട്ടുനൽകിയാണ് ഏഴ് വിക്കറ്റുകൾ നേടിയത്. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയതോടെ മത്സരത്തിൽ പത്ത് വിക്കറ്റുകൾ ജഡേജ പൂർത്തീകരിച്ചിട്ടുണ്ട്.
ജഡേജയുടെ നേതൃത്വത്തിൽ ഒരു വമ്പൻ പ്രകടനം തന്നെയാണ് ഇന്ത്യ മൂന്നാം ദിവസം കാഴ്ച വെച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യയെ സംബന്ധിച്ച് 114 എന്ന വലിയ സ്കോർ വലുതല്ല. എന്നിരുന്നാലും ഡൽഹിയിലെ പിച്ച് അധികമായി സ്പിന്നിനെ പിന്തുണയ്ക്കുന്നതിനാൽ കാര്യങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ടത് ഇന്ത്യയുടെ ആവശ്യമാണ്. മത്സരത്തിൽ ഒരു വിജയം നേടി പരമ്പര സ്വന്തമാക്കാൻ തന്നെയാവും ഇന്ത്യ ശ്രമിക്കുക.