ആവേശകരമായ ഐപിഎൽ പതിനാറാം സീസണിന് ഇന്ന് തുടക്കം കുറിക്കുകയാണ്. ആദ്യ മത്സരത്തിൽ മഹേന്ദ്ര സിംഗ് ധോണിയുടെ ചെന്നൈ സൂപ്പർ കിംഗ്സ് ഇന്ത്യൻ യുവതാരം ഹർദ്ധിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ഇപ്പോഴിതാ ഇത്തവണത്തെ സീസണിൽ ആരായിരിക്കും കിരീടം ഉയർത്തുക എന്ന പ്രവചിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്ക് കാലിസ്.
അഞ്ച് തവണ ഐപിഎൽ കിരീട ജേതാക്കളായ മുംബൈ ഇന്ത്യൻസിൻ്റെ എതിരാളികളായി ഡൽഹി ക്യാപിറ്റൽസ് ഫൈനലിൽ എത്തുമെന്നും ഫൈനലിൽ മുംബൈയെ തകർത്ത് ഡൽഹി കിരീടം ഉയർത്തും എന്നുമാണ് മുൻ ദക്ഷിണാഫ്രിക്കൻ താരം പ്രവചിച്ചിരിക്കുന്നത്.”ഐപിഎൽ പ്ലേ ഓഫിൽ എത്തുന്ന ടീമുകളെ കടുത്ത മത്സരം നിലനിൽക്കുന്നതിനാൽ പ്രവചിക്കുക പ്രയാസമാണ്. എനിക്ക് തോന്നുന്നത് ഇത്തവണ കിരീടം പോരാട്ടം മുംബൈ ഇന്ത്യൻസും ഡൽഹി ക്യാപിറ്റൽസുമായിരിക്കും.
ഡൽഹി ക്യാപിറ്റൽസ് കിരീടം ഉയർത്തും.”-ജാക്ക് കാലിസ് പറഞ്ഞു. ഇതുവരെയും ഒരു ഐപിഎൽ കിരീടം പോലും സ്വന്തമാക്കാൻ പറ്റാത്ത ടീമുകളിൽ ഒന്നാണ് ഡൽഹി. ഐപിഎല്ലിൽ ഡൽഹിയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം 2020 സീസണിൽ മുംബൈ ഇന്ത്യൻസിനോട് ഫൈനലിൽ തോറ്റ് റണ്ണേഴ്സ് അപ്പായതാണ്. ഡൽഹി കഴിഞ്ഞ സീസണിൽ അഞ്ചാമതാണ് ഫിനിഷ് ചെയ്തത്. അഞ്ചു തവണ മുംബൈ ഇന്ത്യൻസ് കിരീടം ഉയർത്തിയത് കഴിഞ്ഞാൽ ഏറ്റവും തവണ കിരീടം ഉയർത്തിയിട്ടുള്ളത് ചെന്നൈ സൂപ്പർ കിംഗ്സ് ആണ്.
നാല് തവണയാണ് മഹേന്ദ്ര സിംഗ് ധോണിയും കൂട്ടരും ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത്. അതേസമയം ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ജാക്ക് കാലിസ് 98 ഐപിഎൽ മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. ഐപിഎൽ തുടക്കത്തിൽ 2008 മുതൽ 2019 വരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ ആയിരുന്നു കാലിസ്. ഇതിനുശേഷം മൂന്ന് സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി കളിച്ച താരം 2012ലും 2014ലും കൊൽക്കത്ത കിരീടം ഉയർത്തുമ്പോൾ ടീമിൽ ഉണ്ടായിരുന്നു.