പാകിസ്ഥാനല്ല, ഇത് ഇന്ത്യയാണ്. ബംഗ്ലാദേശ് നായകനെ പരിഹസിച്ച് മുൻ പാക് താരം.

rishab pant 2024

പാക്കിസ്ഥാനെതിരായ ടെസ്റ്റ്‌ പരമ്പരയിൽ വമ്പൻ വിജയം സ്വന്തമാക്കിയായിരുന്നു ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരക്കായി എത്തിയത്. വലിയ ആത്മവിശ്വാസമാണ് ടെസ്റ്റ് പരമ്പരയ്ക്ക് മുൻപായി ബംഗ്ലാദേശ് നായകൻ ഷാന്റോ പ്രകടിപ്പിച്ചത്. ഇന്ത്യയെ ഇന്ത്യൻ മണ്ണിൽ പരാജയപ്പെടുത്താൻ തങ്ങൾക്ക് സാധിക്കുമെന്ന് ഷാന്റോ കരുതിയിരുന്നു. എന്നാൽ പരമ്പരയിൽ 2 മത്സരങ്ങളിലും അവിശ്വസനീയ പ്രകടനം കാഴ്ചവെച്ച ഇന്ത്യ വിജയം സ്വന്തമാക്കി. മത്സരത്തിലെ ഇന്ത്യയുടെ വിജയത്തിന് ശേഷം ബംഗ്ലാദേശ് നായകൻ ഷാന്റോയെ പരിഹസിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ബാസിത് അലി.

പാക്കിസ്ഥാൻ ടീമിനോടാണ് ഏറ്റുമുട്ടുന്നത് എന്ന ഓർമ്മയിലാവും ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് ഷാന്റോ പറഞ്ഞത് എന്ന് ബാസിത് അലി ചൂണ്ടിക്കാണിക്കുകയുണ്ടായി. “ബംഗ്ലാദേശ് ഇന്ത്യയെ 2-0 എന്ന നിലയ്ക്ക് പരാജയപ്പെടുത്തുമെന്നാണ് ഷാന്റോ പറഞ്ഞത്. ഒരുപക്ഷേ അവർ വീണ്ടും, പാക്കിസ്ഥാനെതിരെയാണ് കളിക്കുന്നത് എന്ന് ഷാന്റോ കരുതിയിട്ടുണ്ടാവും. പാക്കിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ ടെസ്റ്റ് അവസാന ദിവസം വരെ നീണ്ടുനിന്നു. ഇന്ത്യ കേവലം 2 ദിവസങ്ങൾക്കുള്ളിൽ തന്നെ മത്സരത്തിൽ വിജയം കണ്ടു. ഇത് കാട്ടിത്തരുന്നത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വലിയ വ്യത്യാസമാണ്. ഈ സത്യം പാക്കിസ്ഥാനും അംഗീകരിക്കേണ്ടതുണ്ട്.”- ബാസിത് അലി പറയുന്നു.

Read Also -  മുഹമ്മദ്‌ ഷാമിക്ക് വീണ്ടും പരിക്ക്. ബോർഡർ- ഗവാസ്കർ ട്രോഫിയിൽ കളിച്ചേക്കില്ല, റിപ്പോർട്ട്‌.

ഇന്ത്യക്കെതിരായ രണ്ടാമത്തെ ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന് തങ്ങൾ വിശ്വസിച്ചിരുന്നു എന്നാണ് ബംഗ്ലാദേശിന്റെ നായകൻ ഷാന്റോ പറഞ്ഞത്. “റാങ്കിങ്ങിൽ ഇന്ത്യ ഒരുപാട് ഉയരങ്ങളിലാണ്. പക്ഷേ ഇവിടെ ഞങ്ങൾ നന്നായി കളിച്ചു. 5 ദിവസങ്ങളിലും നന്നായി കളിക്കുക എന്നതായിരുന്നു ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്ന ലക്ഷ്യം. ടെസ്റ്റ്‌ മൽസരത്തിന്റെ അവസാന സെഷനിൽ ഞങ്ങൾക്ക് ഫലം നേടണമെന്നുണ്ടായിരുന്നു. ആ സമയത്ത് മത്സരം ഏത് ദിശയിലേക്കും തിരിയാമായിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇതൊരു നല്ല അവസരം കൂടിയായിരുന്നു. വിജയം മുന്നിൽ കണ്ടാണ് ഞങ്ങൾ മുൻപോട്ട് പോയത്.”- ഷാന്റോ പറഞ്ഞു.

“ഞങ്ങളെ സംബന്ധിച്ച് ഇന്ത്യക്കെതിരായ പരമ്പര ഒരു വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ പാക്കിസ്ഥാനെതിരായ പരമ്പരയിൽ ലഭിച്ച വിജയം ഞങ്ങൾക്ക് അധികമായ ആത്മവിശ്വാസം നൽകി. ഇപ്പോൾ ഞങ്ങളുടെ രാജ്യത്തിന് പൂർണമായും അത്തരമൊരു ആത്മവിശ്വാസമുണ്ട് എന്ന് ഞാൻ കരുതുന്നു. എല്ലാ പരമ്പരകളും ഞങ്ങൾക്ക് ഒരു അവസരമാണ്. 2 മത്സരങ്ങളിലും വിജയം സ്വന്തമാക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. പക്ഷേ ഞങ്ങൾ ഞങ്ങളുടെ പ്രക്രിയയ്ക്കൊപ്പം നിൽക്കേണ്ടത് ഉണ്ടായിരുന്നു. ഇത്തരത്തിൽ ഞങ്ങളുടെ ജോലി കൃത്യമായി നിർവഹിക്കാൻ സാധിച്ചാൽ ഞങ്ങൾക്ക് ഫലവുമുണ്ടാവും.”- ഷാന്റോ കൂട്ടിച്ചേർത്തു.

Scroll to Top