“അത്ര അനായാസം ന്യൂസീലാൻഡിനെ വിജയിക്കാൻ സമ്മതിക്കില്ല”, സർഫറാസ് ഖാൻ.

ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ അവസാന ദിവസം 107 റൺസ് മാത്രമാണ് ന്യൂസിലാൻഡിന്റെ വിജയലക്ഷ്യം. മത്സരത്തിൽ വിജയം സ്വന്തമാക്കിയാൽ അത് ന്യൂസിലാൻഡിന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ വലിയൊരു നേട്ടമായിരിക്കും. എന്നാൽ അവസാന ദിവസം ഇന്ത്യയ്ക്കെതിരെ 107 റൺസ് സ്വന്തമാക്കുക എന്നത് ന്യൂസിലാൻഡിന് എളുപ്പമാകില്ല എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ താരം സർഫറാസ് ഖാൻ.

ചിന്നസ്വാമി സ്റ്റേഡിയത്തിലെ സാഹചര്യങ്ങൾ ബോളിങ്ങിന് അഞ്ചാം ദിവസം അനുകൂലമായി മാറുമെന്ന് സർഫറാസ് ഖാൻ കരുതുന്നു. മത്സരത്തിൽ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്വന്തമാക്കാൻ സർഫറാസിന് സാധിച്ചിരുന്നു. ശേഷമാണ് ആത്മാവിശ്വാസം പ്രകടിപ്പിച്ച് സർഫറാസ് രംഗത്ത് എത്തിയത്.

മത്സരത്തിന്റെ അഞ്ചാം ദിവസം തുടക്കത്തിൽ തന്നെ വിക്കറ്റ് കണ്ടെത്താൻ സാധിച്ചാൽ ഇന്ത്യയ്ക്ക് വിജയം നേടാൻ സാധിക്കുമെന്ന് സർഫറാസ് പറയുന്നു. “ഇന്ത്യൻ ടീമിനായി എന്റെ ആദ്യ സെഞ്ച്വറി നേടാൻ സാധിച്ചത് വലിയൊരു കാര്യമായി തന്നെയാണ് ഞാൻ കരുതുന്നത്. നാളെ ഒരു കാരണവശാലും ന്യൂസിലാൻഡിന് അത്ര എളുപ്പമായിരിക്കില്ല. പിച്ച് ഇപ്പോൾ തന്നെ ബോളിങ്ങിന് അനുകൂലമായി മാറുന്നുണ്ട്. ബോളിന് ചലനങ്ങൾ ലഭിക്കുന്നുണ്ട്. മാത്രമല്ല അഞ്ചാം ദിവസത്തിന്റെ തുടക്കത്തിൽ ഞങ്ങൾക്ക് വിക്കറ്റ് സ്വന്തമാക്കാൻ സാധിച്ചാൽ അത് ന്യൂസിലാൻഡിനെ മോശമായി ബാധിക്കും. ഞങ്ങളുടെ സാഹചര്യം മത്സരത്തിൽ അവർക്കും വരും.”- സർഫറാസ് പറയുന്നു.

മത്സരത്തിൽ 195 പന്തുകളിൽ 150 റൺസായിരുന്നു സർഫറാസ് ഖാൻ സ്വന്തമാക്കിയത്. 99 റൺസ് നേടിയ പന്തിനൊപ്പം ചേർന്ന് മികച്ച ഒരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ സർഫറാസിന് സാധിച്ചു. നാലാം വിക്കറ്റിൽ 211 പന്തുകളിൽ നിന്ന് 177 റൺസായിരുന്നു സർഫറാസ് സ്വന്തമാക്കിയത്. ഇത് മത്സരത്തിൽ ന്യൂസിലാൻഡിനെ പിന്നോട്ടടിച്ചു.

എന്നാൽ രണ്ടാം ഇന്നിങ്സിൽ ന്യൂബോളിന്റെ ആനുകൂല്യം നന്നായി മുതലാക്കാൻ ന്യൂസിലാൻഡിന് സാധിച്ചു. മത്സരത്തിൽ ഇന്ത്യയെ രണ്ടാം ഇന്നിങ്സിൽ കേവലം 462 റൺസിന് ന്യൂസിലാൻഡ് പുറത്താകുകയായിരുന്നു. കേവലം 54 റൺസ് സ്വന്തമാക്കുന്നതിനിടെയാണ് ഇന്ത്യയ്ക്ക് തങ്ങളുടെ 7 വിക്കറ്റുകൾ നഷ്ടമായത്.

അതേസമയം അവസാന ദിവസം 107 എന്ന സ്കോർ പ്രതിരോധിക്കാൻ സാധിച്ചാൽ, ഇന്ത്യയെ സംബന്ധിച്ച് അതൊരു ചരിത്രനേട്ടം തന്നെയായിരിക്കും. മുൻപ് ഓസ്ട്രേലിയക്കെതിരെ നാലാം ഇന്നിങ്സിൽ 107 റൺസ് ഇന്ത്യ പ്രതിരോധിച്ചിട്ടുണ്ട്.

അതേസമയം 1989ന് ശേഷം ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് വിജയം സ്വന്തമാക്കാൻ സാധിക്കാത്ത ടീമാണ് ന്യൂസിലാൻഡ്. 36 വർഷത്തെ ഈ ചരിത്രം തിരുത്താൻ വലിയൊരു അവസരമാണ് ന്യൂസിലാൻഡിന്റെ മുൻപിലേക്ക് വന്നിരിക്കുന്നത്. പക്ഷേ ലോകോത്തര നിലവാരമുള്ള ഇന്ത്യൻ ബോളിങ്‌ നിരയെ നേരിടുക എന്നത് കിവികൾക്ക് അനായാസമാവില്ല.

Previous article99 റൺസിൽ പുറത്തായെങ്കിലും ധോണിയുടെ റെക്കോർഡ് തകർത്ത് റിഷഭ് പന്ത്. ഏറ്റവും വേഗത്തിൽ ആ നേട്ടം കൊയ്തു
Next article36 വർഷത്തെ ചരിത്രം തിരുത്തി കിവിസ്. ഇന്ത്യൻ മണ്ണിൽ 8 വിക്കറ്റ് വിജയം.