2025 ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസ് സ്പിൻ വിഭാഗത്തിൽ പ്രശ്നങ്ങൾ നേരിടുമെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. കഴിഞ്ഞ സീസണിൽ സ്പിൻ വിഭാഗത്തിൽ രാജസ്ഥാനൊപ്പം ഇന്ത്യയുടെ പ്രധാന സ്പിന്നർമാരായ രവിചന്ദ്രൻ അശ്വിനും ചഹലും ഉണ്ടായിരുന്നു.
എന്നാൽ 2025 സീസണിന് മുന്നോടിയായി രാജസ്ഥാൻ ഈ താരങ്ങളെ കൈവിടുകയാണ് ഉണ്ടായത്. ഇതിനെ ചോദ്യം ചെയ്താണ് ആകാശ് ചോപ്ര രംഗത്തെത്തിയത്. ഇത്ര മികച്ച സ്പിന്നർമാരെ എന്തിനാണ് രാജസ്ഥാൻ കൈവിട്ടത് എന്ന് ആകാശ് ചോപ്ര ചോദിക്കുന്നു. ഈ 2 താരങ്ങളെയും ലേലത്തിന് മുൻപ് നിലനിർത്താൻ രാജസ്ഥാൻ ശ്രമിച്ചില്ല. ലേലത്തിൽ വലിയ തുകയാണ് ഈ താരങ്ങൾക്ക് ലഭിച്ചത്. 18 കോടി രൂപയ്ക്ക് ആയിരുന്നു പഞ്ചാബ് ചഹലിനെ സ്വന്തമാക്കിയത്. 9.75 കോടി രൂപയ്ക്ക് ചെന്നൈ അശ്വിനെയും സ്വന്തമാക്കുകയുണ്ടായി. ശേഷമാണ് ഇപ്പോൾ ചോപ്ര രംഗത്ത് എത്തിയിരിക്കുന്നത്.
“യുസി ചാഹലും രവിചന്ദ്രൻ അശ്വിനും ഇപ്പോൾ രാജസ്ഥാൻ റോയൽസ് ടീമിനൊപ്പമില്ല. അവരായിരുന്നു നിലവിൽ രാജസ്ഥാൻ ടീമിൽ ഏറ്റവും മികവ് പുലർത്താൻ സാധിക്കുന്ന സ്പിൻ കോമ്പിനേഷൻ. പക്ഷേ അവരെ രാജസ്ഥാൻ വിട്ടു നൽകുകയാണ് ഉണ്ടായത്. അവരെ നിലനിർത്താൻ രാജസ്ഥാൻ ശ്രമിച്ചില്ല. ആ സമയത്ത് ലേലത്തിൽ മികച്ച സ്പിന്നർമാരെ തങ്ങളുടെ ടീമിലേക്ക് എത്തിക്കാൻ രാജസ്ഥാൻ ശ്രമിക്കുമെന്നാണ് എല്ലാവരും കരുതിയത്.”- ചോപ്ര പറയുന്നു. ലേലത്തിൽ രാജസ്ഥാൻ ഹസരംഗയെയും മഹേഷ് തീക്ഷണയെയുമാണ് സ്പിന്നർമാരായി ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ താരങ്ങളുടെ നിലവാരത്തെ സംബന്ധിച്ചും ആകാശ് ചോപ്ര സംസാരിക്കുകയുണ്ടായി.
“ഇത്തവണത്തെ ലേലത്തിൽ രാജസ്ഥാൻ സ്വന്തമാക്കിയത് ഹസരംഗയെയും മഹേഷ് തീക്ഷണയയുമാണ്. എന്നാൽ സവായി മാൻസിംഗ് സ്റ്റേഡിയം ഒരിക്കലും ഈ സ്പിന്നർമാർക്ക് ചേരുന്നതല്ല. അതൊരു വലിയ ഗ്രൗണ്ടാണ്. പക്ഷേ രാജസ്ഥാന്റെ ഈ 2 സ്പിന്നർമാരും സുനിൽ നരയനെയോ റാഷിദ് ഖാനെയോ പോലെ മികവുറ്റവരല്ല. അതുകൊണ്ടു തന്നെ ലേലസമയത്ത് രാജസ്ഥാൻ കൃത്യമായ തീരുമാനങ്ങളാണോ കൈക്കൊണ്ടിരിക്കുന്നത് എന്ന് ഒന്നുകൂടി പരിശോധിക്കേണ്ടി വരും.”- ആകാശ് ചോപ്ര കൂട്ടിച്ചേർക്കുകയുണ്ടായി.
വലിയ തുകയ്ക്ക് തന്നെയാണ് രാജസ്ഥാൻ 2025 ഐപിഎൽ ലേലത്തിൽ ഹസരംഗയെയും തീക്ഷണയെയും സ്വന്തമാക്കിയത്. 5.25 കോടി രൂപയ്ക്ക് ആയിരുന്നു ഹസരംഗ രാജസ്ഥാൻ ടീമിലേക്ക് എത്തിയത്. തീക്ഷണയ്ക്ക് 4.40 കോടി രൂപയാണ് രാജസ്ഥാൻ നൽകിയത്. എന്നിരുന്നാലും ഈ താരങ്ങളുടെ സമീപകാലത്തെ പ്രകടനങ്ങൾ അത്ര തൃപ്തികരമല്ല.
ഹസരംഗ മുൻപും ഐപിഎല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനായി കളിച്ചിട്ടുണ്ട്. എന്നിരുന്നാലും വേണ്ടരീതിയിൽ വിക്കറ്റുകൾ സ്വന്തമാക്കാൻ താരത്തിന് സാധിച്ചിരുന്നില്ല. തീക്ഷണയും കഴിഞ്ഞ സീസണിൽ മോശം പ്രകടനമായിരുന്നു പുറത്തെടുത്തത്. ഇതോടൊപ്പം ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ പിയൂഷ് ചൗളയെ സ്വന്തമാക്കാൻ രാജസ്ഥാൻ ശ്രമിക്കണമായിരുന്നു എന്നും ആകാശ് ചോപ്ര പറയുകയുണ്ടായി.