“ഇന്ത്യ തന്നെയാണ് വിജയമർഹിച്ചത്, മത്സരത്തിൽ ഞാനൊരു വലിയ പിഴവും കാട്ടി”- ബട്ലർ തുറന്ന് പറയുന്നു.

buttler and india

ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ മത്സരത്തിൽ വമ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 171 എന്ന സ്കോർ സ്വന്തമാക്കുകയുണ്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ എറിഞ്ഞിടാൻ ഇന്ത്യയുടെ സ്പിന്നർമാരായ കുൽദീപിനും അക്ഷറിനും സാധിച്ചു.

ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 68 റൺസിന്റെ വിജയം സ്വന്തമാക്കി ഫൈനലിലേക്ക് യോഗ്യത നേടുകയായിരുന്നു. മത്സരത്തിലെ പരാജയം വളരെയധികം നിരാശ നൽകുന്നതാണ് എന്ന് ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ മത്സരശേഷം പറഞ്ഞു. മാത്രമല്ല മത്സരത്തിൽ താൻ വരുത്തിയ ഒരു വലിയ പിഴവിനെ പറ്റിയും ബട്ലർ സംസാരിച്ചു.

GRGwtE8W8AAApns

പിച്ചിൽ നിന്നും മികച്ച രീതിയിൽ ടേൺ ലഭിക്കുന്ന സമയത്തും തങ്ങളുടെ ഓൾറൗണ്ടറായ മോയിൻ അലിക്ക് ബോൾ നൽകാതിരുന്നത് ഒരു മോശം തീരുമാനമായി മാറി എന്ന് ബട്ലർ പറയുകയുണ്ടായി. “മത്സരത്തിൽ ഇന്ത്യ പൂർണമായും ഞങ്ങളെ പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. ആദ്യം ബാറ്റ് ചെയ്ത അവർക്ക് 20-25 റൺസ് അധികമായി നേടാൻ സാധിച്ചു. ഇത് വളരെയധികം വെല്ലുവിളികൾ നിറഞ്ഞ ഒരു വിക്കറ്റ് ആയിരുന്നു. പക്ഷേ വളരെ മികച്ച രീതിയിൽ അവർ ബാറ്റ് ചെയ്തു. അതുകൊണ്ടുതന്നെ ഈ വിജയം ഇന്ത്യ അർഹിക്കുന്നതാണ്. 2022 ലോകകപ്പിൽ നിന്ന് വളരെ വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇവിടെയുള്ളത്. അതിനാൽ വിജയത്തിന്റെ ക്രെഡിറ്റ് പൂർണമായും ഞാൻ ഇന്ത്യയ്ക്ക് നൽകുന്നു.”- ബട്ലർ പറഞ്ഞു.

Read Also -  ബുംറയോ സഹീറോ അല്ല, തന്റെ പ്രിയപ്പെട്ട ബോളറെ തിരഞ്ഞെടുത്ത് മുഹമ്മദ്‌ ഷാമി.

“മത്സരത്തിലുടനീളം മികവ് പുലർത്താൻ ഇന്ത്യൻ ടീമിന് സാധിച്ചു. മത്സരത്തിൽ മഴയുടെ സാന്നിധ്യമുള്ളതിനാൽ തന്നെ വിക്കറ്റിന്റെ സാഹചര്യങ്ങളിൽ വലിയ രീതിയിലുള്ള മാറ്റം ഉണ്ടാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ല. അങ്ങനെ ഉണ്ടായതുമില്ല. അവർ പൂർണമായും ഞങ്ങളെ പരാജയപ്പെടുത്തുകയാണ് ഉണ്ടായത്. വിചാരിച്ചതിലധികം റൺസ് സ്വന്തമാക്കാൻ അവർക്ക് സാധിച്ചു. അതിനാൽ തന്നെ ടീമുകൾക്കിടയിൽ ടോസ് വ്യത്യാസമുണ്ടാക്കിയെന്നും ഞാൻ കരുതുന്നില്ല. അവിസ്മരണീയമായ സ്പിൻ നിരയാണ് ഇന്ത്യയ്ക്കുള്ളത്.”- ജോസ് ബട്ലർ കൂട്ടിച്ചേർത്തു.

GRGp xyasAAhc76

“മാത്രമല്ല മത്സരത്തിൽ ഞാൻ ഒരു പിഴവ് വരുത്തിയിരുന്നു. സ്പിന്നർമാർക്ക് വിക്കറ്റിൽ നിന്ന് വലിയ സഹായം ലഭിക്കുന്നുണ്ടായിരുന്നു. അതിനാൽ തന്നെ മൊയിൻ അലിയ്ക്ക് മത്സരത്തിൽ കുറച്ച് ഓവറുകൾ നൽകേണ്ടിയിരുന്നു. പക്ഷേ ആ സമയത്ത് അതിന് സാധിച്ചില്ല. എന്നിരുന്നാലും ടീമിലെ എല്ലാ താരങ്ങളുടെയും പ്രകടനത്തിൽ ഞാൻ വളരെ അഭിമാനം കൊള്ളുന്നു.”- ബട്ലർ പറഞ്ഞുവെക്കുന്നു.

ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ വിജയം ഇരട്ടിമധുരമാണ് നൽകുന്നത്. 2022 ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് കനത്ത പരാജയം ഇന്ത്യ ഏറ്റുവാങ്ങിയിരുന്നു. അതിനുള്ള മറുപടിയാണ് ഇന്ത്യ 2024 ലോകകപ്പിൽ നൽകിയിരിക്കുന്നത്.

Scroll to Top