ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. 3 ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുന്നത്. ഇന്ത്യയുടെ ട്വന്റി20 ടീമിന്റെ നായകനായി പ്രഖ്യാപിച്ചിരിക്കുന്നത് സൂര്യകുമാർ യാദവിനെയാണ്. ഈ നീക്കത്തിന് പിന്നിൽ ഗൗതം ഗംഭീറാണ് എന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്.
2024 ലോകകപ്പിന് ശേഷമായിരുന്നു ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകനായി സ്ഥാനമേറ്റത്. ശേഷം സൂര്യകുമാർ യാദവിനെ ട്വന്റി20 ടീമിന്റെ നായകനാക്കി മാറ്റാൻ ഗംഭീർ മറ്റൊരു രീതിയിൽ ആവശ്യപ്പെടുകയായിരുന്നു. 2026 ലോകകപ്പ് വരെ ഇതേ രീതിയിൽ സൂര്യകുമാർ തന്നെ ഇന്ത്യൻ ടീമിനെ ട്വന്റി20യിൽ നയിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.
ട്വന്റി20യിലെ ഹർദിക്കിന്റെ ക്യാപ്റ്റൻസി തെറിപ്പിച്ചതിന് പിന്നിൽ ഗൗതം ഗംഭീറിന്റെ ഡിമാൻഡാണ് എന്ന് ഒരു ബിസിസിഐ ഒഫീഷ്യലാണ് വ്യക്തമാക്കിയത്. ഹിന്ദുസ്ഥാൻ ടൈംസാണ് ഇത് റിപ്പോർട്ട് ചെയ്തത്. എന്നാൽ സൂര്യകുമാറിനെ ട്വന്റി20യിലെ ഇന്ത്യയുടെ സ്ഥിരം നായകനാക്കി മാറ്റണമെന്ന ആവശ്യം ഗംഭീർ മുന്നോട്ടുവച്ചിട്ടുമില്ല. മറ്റൊരു രീതിയിലാണ് ഗംഭീർ ഇക്കാര്യം അവതരിപ്പിച്ചത് എന്നും ഒഫീഷ്യൽ പറയുകയുണ്ടായി.
“സൂര്യകുമാർ യാദവിനെ ഇന്ത്യയുടെ പുതിയ നായകനായി നിശ്ചയിക്കണമെന്ന് ഗംഭീർ ആവശ്യം ഉന്നയിച്ചിട്ടില്ല. എന്നാൽ അദ്ദേഹം വ്യക്തമായി പറഞ്ഞ മറ്റൊരു കാര്യമുണ്ട്. ജോലിഭാരം തടസ്സമാവാത്ത ഒരു നായകനൊപ്പം പ്രവർത്തിക്കാനാണ് ആഗ്രഹം എന്നാണ് ഗംഭീർ പറഞ്ഞത്.”- ബിസിസിഐ ഒഫീഷ്യൽ പറയുന്നു.
ഇക്കാരണം കൊണ്ടാണ് നിലവിലെ ഇന്ത്യയുടെ ഉപനായകനായ ഹർദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാർ യാദവിനെ സെലക്ഷൻ കമ്മിറ്റി നായകനായി പ്രഖ്യാപിച്ചത്. പലതവണ ജോലിഭാരം മൂലം പരമ്പരകളിൽ നിന്ന് വിട്ടു നിന്നിട്ടുള്ള താരമാണ് ഹർദിക് പാണ്ഡ്യ. മാത്രമല്ല കഴിഞ്ഞ സമയങ്ങളിലൊക്കെയും ഹർദിക് പാണ്ഡ്യയെ പരിക്ക് വലിയ രീതിയിൽ ബാധിച്ചിരുന്നു.
അതിനാൽ തന്നെ സൂര്യകുമാർ യാദവാണ് മികച്ച ഓപ്ഷൻ എന്ന് സെലക്ഷൻ കമ്മിറ്റി നിശ്ചയിക്കുകയായിരുന്നു. സൂര്യയെ സംബന്ധിച്ച് വളരെ വലിയൊരു അവസരമാണ് കൈവന്നിരിക്കുന്നത്. ശ്രീലങ്കൻ പര്യടനത്തിൽ നായകൻ എന്ന നിലയിൽ മികവ് പുലർത്താൻ സാധിച്ചാൽ സൂര്യയ്ക്ക് 2026 ട്വന്റി20 ലോകകപ്പിലും നായകനായി മാറാൻ സാധിക്കും.
2024 ട്വന്റി20 ലോകകപ്പിൽ വിജയം സ്വന്തമാക്കിയതിന് തൊട്ടു പിന്നാലെയായിരുന്നു രോഹിത് ശർമ ട്വന്റി20 ക്രിക്കറ്റിൽ നിന്ന് തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. ഇതിനുശേഷം ഹർദിക് പാണ്ഡ്യ ഇന്ത്യയുടെ നായകനായി ചുമതലയേൽക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷേ കഴിഞ്ഞ സമയങ്ങളിലെ പരിക്ക് ഹർദിക് പാണ്ഡിയ്ക്ക് തിരിച്ചടിയായി മാറുകയായിരുന്നു.
2023 ഏകദിന ലോകകപ്പിനിടയാണ് ഹർദിക് പാണ്ഡ്യയ്ക്ക് സാരമായ പരിക്കേറ്റത്. ശേഷം മാസങ്ങളോളം ഹർദിക്കിന് ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കേണ്ടി വന്നു. ഇതിനു ശേഷം ഒരുപാട് നാളുകളുടെ വിശ്രമം കഴിഞ്ഞാണ് ഹാർദിക് ടീമിലേക്ക് തിരികെയെത്തിയത്.