ഷാമിയെ ആദ്യ മത്സരങ്ങളിൽ കളിപ്പിക്കാതിരുന്നത് വിഡ്ഢിത്തം. ഇന്ത്യൻ മാനേജ്മെന്റിനെ വിമർശിച്ച് ഗൗതം ഗംഭീര്‍.

siraj and shami

ഇന്ത്യയുടെ ന്യൂസിലാൻഡിനെതിരായ ഏകദിന ലോകകപ്പ് മത്സരത്തിൽ ഒരു തകർപ്പൻ ബോളിംഗ് പ്രകടനം തന്നെയായിരുന്നു പേസർ മുഹമ്മദ് ഷാമി കാഴ്ചവച്ചത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ കളിക്കാൻ ഷാമിക്ക് അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ ലഭിച്ച അവസരം ഇരുകൈകളും നീട്ടി ഷാമി സ്വീകരിക്കുകയായിരുന്നു. മത്സരത്തിൽ 5 വിക്കറ്റുകൾ മുഹമ്മദ് ഷാമി സ്വന്തമാക്കുകയുണ്ടായി. മത്സരത്തിലെ ഇന്ത്യയുടെ 4 വിക്കറ്റ് വിജയത്തിൽ വലിയ പങ്കു തന്നെയാണ് ഷാമി വഹിച്ചത്. ഇന്ത്യ മുഹമ്മദ് ഷാമിയെ ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ നിന്ന് മാറ്റി നിർത്തിയത് അബദ്ധമായി എന്നാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ ഇപ്പോൾ പറയുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ ടീമിൽ കളിക്കാൻ യോഗ്യനായിരുന്നു ഷാമി എന്ന് ഗംഭീർ പറയുന്നു.

മത്സരത്തിലെ പ്രകടനത്തിലൂടെ ഇന്ത്യക്കായി ലോകകപ്പിൽ 2 തവണ 5 വിക്കറ്റ് നേട്ടങ്ങൾ കൊയ്യുന്ന ആദ്യ താരമായി മുഹമ്മദ് ഷാമി മാറിയിരുന്നു. “മുഹമ്മദ് ഷാമി ഒരു വ്യത്യസ്ത ക്ലാസ്സുള്ള ബോളറാണ്. അയാളെ പ്ലെയിങ് ഇലവണിൽ നിന്ന് മാറ്റിനിർത്താൻ ടീം മാനേജ്മെന്റിന് സാധിച്ചത് അത്ഭുതമാണ്. ഇന്ത്യ ടൂർണമെന്റിലെ ആദ്യ 4 മത്സരങ്ങളിൽ വിജയിച്ചു എന്നത് സത്യമാണ്. എന്നാൽ ആദ്യ മത്സരം മുതൽ മുഹമ്മദ് ഷാമി ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഉണ്ടായിരിക്കേണ്ടതായിരുന്നു.”- ഗൗതം ഗംഭീർ പറയുന്നു.

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

ഇതിനൊപ്പം ഹർദിക് പാണ്ഡ്യ ടീമിലേക്ക് തിരികെ വന്നാലും ഇന്ത്യ മുഹമ്മദ് ഷാമിയെ കളിപ്പിക്കുമോ എന്ന ചോദ്യവും ഗംഭീർ ചോദിക്കുന്നുണ്ട്. “ധർമ്മശാലയിലെ മൈതാനത്ത് ഇന്ത്യ 5 ബോളർമാരുമായാണ് ഇറങ്ങിയത്. അത് ഇന്ത്യൻ ബോളർമാരെ സംബന്ധിച്ച് വളരെ വ്യത്യസ്തമായ ഒരു അനുഭവമാണ്. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു ബോളർ ടീമിനായി 5 വിക്കറ്റുകൾ സ്വന്തമാക്കിയാൽ അയാളുടെ ലെവൽ നമ്മൾ മനസ്സിലാക്കണം. ഇനിയും മുന്നോട്ടു പോകുമ്പോൾ മുഹമ്മദ് ഷാമിയെ പുറത്തിരുത്താൻ ഇന്ത്യൻ ടീം മാനേജ്മെന്റിന് സാധിക്കുമോ എന്നത് കണ്ടറിയേണ്ടതാണ്. ഹർദിക് പാണ്ഡ്യ തിരികെ ടീമിലെത്തിയാലും മുഹമ്മദ് ഷാമിയെ ഇന്ത്യ നിലനിർത്തുമോ എന്നത് ചോദ്യമാണ്.”- ഗംഭീർ കൂട്ടിച്ചേർത്തു.

മത്സരത്തിൽ ന്യൂസിലാൻഡിനെ 273 എന്ന സ്കോറിലൊതുക്കാൻ മുഹമ്മദ് ഷാമിയുടെ ഈ മികച്ച ബോളിംഗ് പ്രകടനം ഇന്ത്യയെ സഹായിച്ചിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി 95 റൺസ് നേടിയ വിരാട് കോഹ്ലിയാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ഒപ്പം രോഹിത് ശർമയും രവീന്ദ്ര ജഡേജയുമടക്കം മികവ് പുലർത്തിയപ്പോൾ മത്സരത്തിൽ ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ അഞ്ചാം വിജയമാണ് മത്സരത്തിൽ പിറന്നത്. വിജയത്തോടെ പോയ്ന്റ്സ് ടേബിളിൽ ഒന്നാം സ്ഥാനം കയ്യടക്കാനും ഇന്ത്യക്ക് സാധിച്ചു.

Scroll to Top