ദക്ഷിണാഫ്രിക്കകെതിരെയുള്ള അഞ്ചു മത്സരങ്ങളടങ്ങിയ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗത്താഫ്രിക്ക മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 19.1 ഓവറില്‍ മറികടന്നു. നാലാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന വാന്‍ഡര്‍ ദസ്സന്‍ (46 പന്തില്‍ 75) ഡേവിഡ് മില്ലര്‍ (31 പന്തില്‍ 64) എന്നിവരാണ് വിജയമൊരുക്കിയത്. ഇരുവരും ചേര്‍ന്ന് അപരാജിത നാലാം വിക്കറ്റില്‍ 131 റണ്‍സ് കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കു വേണ്ടി ബാറ്റര്‍മാരെല്ലാം തിളങ്ങി. ഇഷാന്‍ കിഷന്‍ 76 റണ്‍സുമായി ടോപ്പ് സ്കോററായി. മത്സരത്തിന്‍റെ ഫിനിഷിങ്ങ് ജോലികള്‍ ഏറ്റെടുത്തത് റിഷഭ് പന്തും (16 പന്തില്‍ 29) ഹാര്‍ദ്ദിക്ക് പാണ്ട്യയും (12 പന്തില്‍ 31) ചേര്‍ന്നാണ്. അവസാന ഓവറിലെ ആദ്യ പന്തില്‍ ക്യാപ്റ്റനായ റിഷഭ് പന്ത് പുറത്തായപ്പോള്‍ പിന്നീട് ക്രീസില്‍ എത്തിയത് ദിനേശ് കാര്‍ത്തികാണ്.
എന്നാല്‍ ഓവറിലെ അഞ്ചാമത്തെ പന്തില്‍ അനായാസ സിംഗിള്‍ ഓടുന്നതിനു പകരം അവസാന പന്ത് നേരിടാനായി ഹാര്‍ദ്ദിക്ക് ക്രീസില്‍ നിന്നു. ഐപിഎല്‍ ഫോമുമായി എത്തിയ കാര്‍ത്തികിനെ അവഗണിച്ച ഹാര്‍ദ്ദിക്കിനു, പക്ഷേ 2 റണ്‍ മാത്രമാണ് അവസാന പന്തില്‍ നേടാനായത്. ഹാര്‍ദ്ദിക്കിന്‍റെ ഈ പ്രവര്‍ത്തി ഗുജറാത്ത് ടൈറ്റന്‍സ് കോച്ചായ ആശീഷ് നെഹ്റക്ക് ഇഷ്ടപ്പെട്ടില്ലാ.
” അവസാന ബോളിനു മുന്‍പ് അവന്‍ (ഹാര്‍ദ്ദിക്ക്) സിംഗിള്‍ എടുക്കണമായിരുന്നു. മറ്റേ എന്‍ഡില്‍ നിന്നിരുന്നത് ഞാനല്ലാ, ദിനേശ് കാര്‍ത്തികായിരുന്നു ” ഇന്ത്യന്‍ ബാറ്റിംഗ് വിശകലനത്തിനിടെ ആശീഷ് നെഹ്റ പറഞ്ഞു. അതേ സമയം മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഹാര്‍ദ്ദിക്ക് പാണ്ട്യയെ പ്രശംസിക്കാനും നെഹ്റ മറന്നില്ലാ.
“എല്ലാത്തരം റോളുകളും ചെയ്യാൻ കഴിയുന്ന ഒരാളാണ് ഹാർദിക് പാണ്ഡ്യ. അദ്ദേഹത്തിന് എല്ലാത്തരം ബാറ്റിംഗും കയ്യില്‍ ഉണ്ട്. ടെസ്റ്റിലും ഏകദിനത്തിലും അദ്ദേഹം പ്രകടനം നടത്തുന്നത് നമ്മൾ കണ്ടിട്ടുണ്ട്. തന്റെ ബാറ്റിംഗ് കഴിവ് കൊണ്ട്, ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ കഴിയും . അത് നമ്പർ 3, അല്ലെങ്കിൽ 4 ആവട്ടെ, അവൻ ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്നു, പന്ത് കൊണ്ട് സംഭാവനയും ചെയ്തു. പക്ഷേ അത് വ്യത്യസ്തമായ ഒരു റോളായിരുന്നു, അതിനുമുമ്പ്, അദ്ദേഹം അധികം ബൗൾ ചെയ്തിരുന്നില്ല, ലോവര്‍ ഓർഡറില്‍ ബാറ്റ് ചെയ്യുകയായിരുന്നു. ഇന്ന് രാത്രി പഴയ റോളിലേക്ക് എത്തി… എന്നാൽ ഏത് വേഷവും അനായാസം ചെയ്യാനുള്ള കഴിവ് ഹാര്‍ദ്ദിക്കിനു ലഭിച്ചിട്ടുണ്ട്,” നെഹ്‌റ കൂട്ടിച്ചേർത്തു.