ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യൻ ടീം ബാറ്റിംഗിൽ പതറുകയുണ്ടായി. ആദ്യ ദിവസത്തെ മത്സരം അവസാനിക്കുമ്പോൾ 208ന് 8 എന്ന നിലയിലാണ് ഇന്ത്യ നിൽക്കുന്നത്. ആദ്യ ദിവസത്തെ ഇന്ത്യയുടെ ബാറ്റിംഗ് തകർച്ചയ്ക്ക് ശേഷം ഒരു വലിയ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഇതിഹാസം സുനിൽ ഗവാസ്കർ.
ഇന്ത്യൻ ടീമിൽ അജീങ്ക്യ രഹാനെ ഉണ്ടായിരുന്നുവെങ്കിൽ ബാറ്റിങ്ങിൽ ഇത്തരത്തിൽ ഒരു വലിയ പിന്നോട്ട് പോക്ക് ഇന്ത്യൻ ടീമിന് ഉണ്ടാവില്ലായിരുന്നു എന്നാണ് സുനിൽ ഗവാസ്കർ പറഞ്ഞത്. രഹാനയുടെ സാന്നിധ്യം വലിയ രീതിയിലുള്ള വ്യത്യാസം ഇന്ത്യയുടെ സ്കോറിൽ ഉണ്ടാക്കിയേനെ എന്ന് ഗവാസ്കർ പറയുന്നു.
2018-19 ലെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തെ ചൂണ്ടിക്കാട്ടിയാണ് ഗവാസ്കർ തന്റെ അഭിപ്രായം അറിയിച്ചത്. പ്രസ്തുത പരമ്പരയിൽ രഹാനെയെ ഇന്ത്യ ആദ്യ മത്സരങ്ങളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ശേഷം അവസാന മത്സരത്തിൽ രഹാനെ തിരിച്ചെത്തുകയും, വളരെ ബുദ്ധിമുട്ടേറിയ പിച്ചിൽ 48 റൺസ് സ്വന്തമാക്കുകയും ചെയ്തിരുന്നു.
രഹാനെയുടെ സംഭാവനയുടെ ബലത്തിൽ 63 റൺസിന് അവസാന മത്സരത്തിൽ ഇന്ത്യ വിജയം നേടുകയുണ്ടായി. സെഞ്ചുറിയനിൽ നടക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തിലും രഹാനെ ടീമിൽ ഉണ്ടായിരുന്നുവെങ്കിൽ അത് വലിയൊരു ധൈര്യം ഇന്ത്യയ്ക്ക് നൽകിയേനെ എന്നാണ് ഗവാസ്കറുടെ പക്ഷം.
“അഞ്ചു വർഷം മുൻപ് ആളുകളൊക്കെയും ജോഹന്നാസ്ബർഗിലെ പിച്ചിനെ പറ്റി സംസാരിക്കാറുണ്ടായിരുന്നു. അന്ന് ഞാനും ഇവിടെയുണ്ടായിരുന്നു. അന്നത്തെ മത്സരത്തിലെ പിച്ചും അത്ര അനായാസമായിരുന്നില്ല. ചില പന്തുകൾ നന്നായി ബൗൺസ് ചെയ്തിരുന്നു. ആ പരമ്പരയിൽ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യ രഹാനെയെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ അവസാന മത്സരത്തിൽ തിരികെയെത്തി, എന്താണോ ഇന്ത്യയ്ക്ക് ആദ്യ മത്സരങ്ങൾ നഷ്ടമായത്,
അത് രഹാനെ ഇന്ത്യക്കായി അവസാന മത്സരത്തിൽ നൽകി. ആദ്യ മത്സരങ്ങളിൽ ഇന്ത്യ പരാജയപ്പെട്ടത് വലിയ മാർജിനിൽ ആയിരുന്നില്ല. അതുകൊണ്ടു തന്നെ രഹാനയുടെ വിദേശപിച്ചുകളിലെ പരിചയസമ്പന്നത ഇന്ത്യയ്ക്ക് ഗുണം ചെയ്തു. ഒരുപക്ഷേ ഇന്നത്തെ മത്സരത്തിൽ രഹാനെ ഉണ്ടായിരുന്നുവെങ്കിൽ കഥ പൂർണമായും മാറിയേനെ.”- ഗവാസ്കർ പറഞ്ഞു.
2022ന്റെ തുടക്കത്തിലായിരുന്നു ഇന്ത്യ സീനിയർ താരങ്ങളായ രഹാനെയും ചേതേശ്വർ പൂജാരയെയും തങ്ങളുടെ ടീമിൽ നിന്ന് ഒഴിവാക്കിയത്. ശേഷം കൗണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങൾ പുറത്തെടുത്ത പൂജാര ഇന്ത്യൻ ടീമിലേക്ക് തിരികെ എത്തുകയുണ്ടായി. എന്നാൽ രഹാനെ ലൈംലൈറ്റിന് പിന്നിലേക്ക് പോവുകയായിരുന്നു. 2023ൽ ചെന്നൈ സൂപ്പർ കിംഗ്സ് ടീമിനായി ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്താണ് രഹാനെ തിരികെയെത്തിയത്.
ശ്രേയസ് അയ്യർക്ക് പരിക്ക് പറ്റിയ സാഹചര്യത്തിൽ ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരത്തിൽ രഹാനെ കളിച്ചിരുന്നു. മത്സരത്തിൽ അർത്ഥസെഞ്ച്വറി സ്വന്തമാക്കാൻ രഹാനെയ്ക്ക് സാധിച്ചെങ്കിലും ഇന്ത്യ പരാജയപ്പെടുകയുണ്ടായി. ശേഷം വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ഉപനായകനായി രഹാനെയെ തിരഞ്ഞെടുത്തു. എന്നാൽ ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ രഹാനെയേ ഒഴിവാക്കുകയാണ് ചെയ്തത്.