ലോക ട്വന്റി20 ചരിത്രത്തിലെ തന്നെ അപൂർവമായ മത്സരമാണ് കഴിഞ്ഞദിവസം പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ നടന്നത്. മത്സരത്തിൽ ബാബർ ആസാം നായകനായ പെഷവാർ ടീം 240 റൺസ് നേടുകയും, ക്വാട്ട ടീം അത് ചെയ്സ് ചെയ്യുകയുമുണ്ടായി. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ച്വറി ബാബർ ആസാം നേടിയെങ്കിലും, നിരാശയായിരുന്നു ഫലം. എന്നാൽ സെഞ്ച്വറി തികക്കാനായി ബാബർ ആസാം തന്റെ സ്കോറിങ് വേഗത കുറച്ചത് മത്സരത്തിൽ പെഷവാറിന് തിരിച്ചടിയായി എന്ന് മുൻ ന്യൂസിലാൻഡ് നായകൻ സൈമൺ ഡൂൽ പറഞ്ഞു. വ്യക്തിപരമായ നാഴികക്കല്ലുകളെക്കാൾ ടീമിനായി കളിക്കാൻ ബാബർ ആസാം ശ്രദ്ധിക്കണമെന്നും ഡൂൽ പറയുകയുണ്ടായി.
മത്സരത്തിൽ ഒരു ഉഗ്രൻ ബാറ്റിംഗ് പ്രകടനം തന്നെയായിരുന്നു ബാബർ അസം നടത്തിയത്. ഇന്നിംഗ്സിലെ 14 ഓവറുകൾ കഴിഞ്ഞപ്പോൾ 49 പന്തുകളിൽ 86 റൺസായിരുന്നു ബാബർ ആസാം നേടിയത്. എന്നാൽ പിന്നീട് സെഞ്ച്വറിക്കായി ആസാം പന്തുകൾ പ്രതിരോധിക്കാൻ തുടങ്ങി. അങ്ങനെ 60 പന്തുകളിലായിരുന്നു ബാബർ ആസാം സെഞ്ചുറി പൂർത്തിയാക്കിയത്. മാത്രമല്ല വ്യക്തിഗത സ്കോർ 99ലെത്തിയ സമയത്ത് നസീം ഷായുടെ പന്ത് ആസാം പ്രതിരോധിക്കുകയും ചെയ്തു.
“നിലവിൽ ബൗണ്ടറുകൾക്ക് ശ്രമിക്കുന്നതിനു പകരം പ്രതിരോധിക്കുന്നത് അത്ര നല്ല കാര്യമല്ല. പ്രത്യേകിച്ച് ടീമിലെ ഒരുപാട് വെടിക്കെട്ട് ബാറ്റർമാർ ക്രീസിലെത്താൻ തയ്യാറായിരിക്കുന്ന സമയത്ത്. സെഞ്ചുറികൾ എന്നത് വളരെ വലിയ കാര്യം തന്നെയാണ്. റെക്കോർഡുകളും അങ്ങനെതന്നെ. ഇതൊക്കെ ശരിയാണെങ്കിലും, നമ്മൾ ടീമിനാണ് പ്രാഥമിക പരിഗണന നൽകേണ്ടത്.”- കമന്റ്ററി ബോക്സിൽ ഉണ്ടായിരുന്ന സൈമൺ ഡൂൽ പറഞ്ഞു.
മത്സരത്തിൽ ട്വന്റി20 ക്രിക്കറ്റിലെ തന്റെ എട്ടാം സെഞ്ച്വറിയാണ് ബാബർ ആസാം നേടിയത്. പാകിസ്ഥാൻ സൂപ്പർ ലീഗിലെ ആസാമിന്റെ ആദ്യ സെഞ്ചുറിയാണ് ഇത്. നിലവിൽ ഡേവിഡ് വാർണർ, ആരോൺ ഫിഞ്ച്, മൈക്കിൾ ക്ലിങ്ങർ എന്നിവരാണ് 8 ട്വന്റി20 സെഞ്ച്വറികൾ നേടിയ മറ്റുള്ളവർ. ട്വന്റി20 ക്രിക്കറ്റിൽ 22 സെഞ്ച്വറികൾ നേടിയിട്ടുള്ള ക്രിസ് ഗെയ്ലാണ് ലിസ്റ്റിൽ ആദ്യ സ്ഥാനത്ത്.