ബോർഡർ- ഗവാസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യൻ ടീം മോശം പ്രകടനം കാഴ്ചവച്ചതിന് ശേഷം ഇന്ത്യൻ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശർമ, പരിശീലകൻ ഗൗതം ഗംഭീർ തുടങ്ങിയവർ വലിയ വിമർശനങ്ങളാണ് ഏറ്റുവാങ്ങുന്നത്. പല മുൻ താരങ്ങളും ഇന്ത്യൻ ടീമിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയിരുന്നു.
എന്നാൽ ഇത്തരം വിമർശനങ്ങൾ ബാലിശമാണ് എന്ന് തുറന്നുകാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ യുവരാജ് സിംഗ്. വിമർശനമുന്നയിക്കാൻ ആർക്ക് വേണമെങ്കിലും സാധിക്കുമെന്നാണ് യുവരാജ് പറയുന്നത്. എന്നാൽ ടീം കഴിഞ്ഞ സമയത്ത് എന്തൊക്കെ നേട്ടങ്ങൾ കൊയ്തു എന്നുകൂടി പരിശോധിക്കേണ്ടതുണ്ട് എന്ന് യുവരാജ് കൂട്ടിച്ചേർത്തു.
“ഞാനിപ്പോൾ പരിശോധിക്കുന്നത് കഴിഞ്ഞ 5-6 വർഷങ്ങളിൽ ഇന്ത്യ എന്തൊക്കെ നേടിയിട്ടുണ്ട് എന്നതാണ്. അവർ ഓസ്ട്രേലിയയിൽ തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കി പരമ്പരകൾ നേടി. മറ്റൊരു ടീമിന് അത്തരത്തിൽ സാധിച്ചിട്ടുണ്ട് എന്ന് ഞാൻ കരുതുന്നില്ല. ആളുകൾ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും ഒരുപാട് വിമർശിക്കും. പക്ഷേ അവർ കഴിഞ്ഞ സമയങ്ങളിൽ എന്തൊക്കെ നേട്ടങ്ങൾ ഉണ്ടാക്കിയെന്ന് ആരും പരിശോധിക്കറില്ല. നിലവിൽ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളിൽ രണ്ടുപേരാണ് രോഹിത്തും കോഹ്ലിയും. ഇത്തവണ ഓസ്ട്രേലിയയിൽ അവർ പരാജയപ്പെട്ടു എന്നത് വാസ്തവമാണ്. ഇക്കാര്യത്തിൽ നമ്മളെക്കാൾ കൂടുതൽ വേദന അനുഭവിക്കുന്നത് അവരായിരിക്കും. ഇന്ത്യ തിരിച്ചു വരുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല.”- യുവരാജ് പറയുന്നു.
“ഒരു പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറും സെലക്ടർ എന്ന നിലയിൽ അജിത്ത് അഗാർക്കറും താരങ്ങൾ എന്ന നിലയിൽ രോഹിത്തും കോഹ്ലിയും നിലവിൽ ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മനസ്സാന്നിധ്യമുള്ളവരാണ്. അതുകൊണ്ടു തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഏതുതരത്തിൽ മുൻപോട്ട് പോകണം എന്ന് തീരുമാനിക്കേണ്ടത് ഈ താരങ്ങൾ തന്നെയാണ്. ബിസിസിഐ ഇത്തരം കാര്യങ്ങളൊക്കെയും വരും ദിവസങ്ങളിൽ ചർച്ചചെയ്യുമെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. ജയ് ഷായും ഈ ചർച്ചയിൽ പങ്കെടുത്ത ശേഷം, എങ്ങനെ ഇന്ത്യയ്ക്ക് മുൻപോട്ടു പോകാൻ സാധിക്കും എന്നൊരു തീരുമാനം കൈക്കൊള്ളും.”- യുവരാജ് കൂട്ടിച്ചേർക്കുന്നു.
“ഇന്ത്യൻ ടീമിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തണമെന്നു പറയാൻ ഞാൻ ആളല്ല. ഞാൻ ഇപ്പോഴും ക്രിക്കറ്റ് പഠിക്കുന്ന ഒരു വിദ്യാർത്ഥിയാണ്. എപ്പോഴും ഞാൻ അങ്ങനെ തന്നെയാണ്. ഗംഭീറും രോഹിത്തും വിരാട്ടും എന്നെക്കാൾ കൂടുതൽ ക്രിക്കറ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ളവരാണ്. അതുകൊണ്ട് എനിക്ക് അവരോട് എന്റെ അഭിപ്രായം പറയാൻ മാത്രമേ സാധിക്കൂ. വിമർശനം എന്നത് വളരെ അനായാസമായ ഒരു പ്രക്രിയയാണ്. എന്നാൽ അവരോടൊപ്പം നിൽക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യം. താരങ്ങളെ വിമർശിക്കുക എന്നത് മാധ്യമങ്ങളുടെ ജോലിയാണ്. എന്നാൽ എന്നെ സംബന്ധിച്ച് എന്റെ സഹോദരങ്ങളെ പിന്തുണക്കുകയാണ് ചെയ്യേണ്ടത്. അവർ എന്റെ കുടുംബമാണ്.”- യുവരാജ് പറഞ്ഞുവയ്ക്കുന്നു