“ഇതൊരു തുടക്കം മാത്രം, ഇന്ത്യയ്ക്കായി ലോകകപ്പ് കിരീടം നേടണമെന്നതാണ് എന്റെ സ്വപ്നം”.. മിന്നുമണി പറയുന്നു.

ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ട്വന്റി20 പരമ്പരയിലൂടെയാണ് മലയാളി താരം മിന്നുമണി ഇന്ത്യൻ വനിതാ ടീമിൽ അരങ്ങേറ്റം കുറിച്ചത്. ആദ്യ മത്സരത്തിൽ ഒരു വിക്കറ്റ് സ്വന്തമാക്കിയ മിന്നുമണി, രണ്ടാം മത്സരത്തിൽ ഉജ്ജല പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. മത്സരത്തിൽ ഇന്ത്യയുടെ വിജയത്തിൽ വലിയൊരു പങ്കുതന്നെ മിന്നുമണി വഹിക്കുകയുണ്ടായി. പവർപ്ലേ ഓവറുകളിൽ ബോൾ ചെയ്ത മിന്നുമണി 4 ഓവറിൽ കേവലം 9 റൺസ് മാത്രം വിട്ടുനൽകി രണ്ടു വിക്കറ്റുകളാണ് മത്സരത്തിൽ നേടിയത്. ഒരു മെയ്ഡനും മിന്നുമണി മത്സരത്തിൽ എറിയുകയുണ്ടായി. മിന്നുമണിയുടെ ഈ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ 8 റൺസിന് ഇന്ത്യ മത്സരത്തിൽ വിജയം കാണുകയായിരുന്നു. ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനം ചെറിയൊരു തുടക്കമായി മാത്രമേ താൻ കാണുന്നുള്ളൂ എന്ന് മിന്നുമണി അരങ്ങേറ്റ മത്സരത്തിനുശേഷം പറയുകയുണ്ടായി.

ഇന്ത്യൻ ടീമിന്റെ സ്ഥിരസാന്നിധ്യമാകണമെന്ന ആഗ്രഹമാണ് തനിക്കുള്ളതെന്ന് മിന്നുമണി പറയുന്നു. ഒപ്പം എല്ലാ ക്രിക്കറ്റർമാരെ പോലെ തനിക്കും ലോകകപ്പ് കിരീടം സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടെന്നും മിന്നുമണി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “ഇന്ത്യൻ ടീമിലേക്കുള്ള എന്റെ പ്രവേശനം ചെറിയൊരു തുടക്കം മാത്രമാണ്. ഇന്ത്യൻ ടീമിനായി നന്നായി കളിക്കണം എന്നാണ് എന്റെ ആഗ്രഹം. ഒപ്പം ടീമിലെ സ്ഥിരസാന്നിധ്യം ആകണമെന്നും എനിക്ക് ആഗ്രഹമുണ്ട്. എല്ലാ ക്രിക്കറ്റർമാരെയും പോലെ ലോകകപ്പ് കിരീടം നേടുക എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. ഇന്ത്യയുടെ ലോകകപ്പ് ടീമിൽ എങ്ങനെയെങ്കിലും ഇടം കണ്ടെത്തണം, ലോകകപ്പ് കളിക്കണം ഇങ്ങനെ കുറെയധികം ആഗ്രഹങ്ങൾ എനിക്കുണ്ട്.”- മിന്നുമണി പറഞ്ഞു.

“ട്വന്റി20 ക്രിക്കറ്റ് കളിക്കാനാണ് എനിക്ക് കൂടുതൽ താല്പര്യം. മത്സരത്തിന്റെ ഗതി പെട്ടെന്ന് തന്നെ മാറ്റം വരും എന്നതാണ് ട്വന്റി20 ക്രിക്കറ്റിന്റെ ഒരു പ്രത്യേകത. സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ പന്തറിയാനാണ് എനിക്കിഷ്ടം. ഒന്നോ രണ്ടോ ഓവറുകളിൽ മികവാർന്ന രീതിയിൽ പന്തെറിഞ്ഞാൽ മത്സരം ടൈറ്റായി മാറും. അങ്ങനെ ജയിക്കാൻ സാധിക്കുന്ന ഒരുപാട് സാഹചര്യങ്ങൾ ട്വന്റി20 ക്രിക്കറ്റിൽ ഉണ്ടാവാറുണ്ട്.”- മിന്നുമണി കൂട്ടിച്ചേർക്കുന്നു.

“ക്രിക്കറ്റ് മൈതാനത്ത് ഓൾറൗണ്ടർ എന്ന് അറിയപ്പെടുന്നത് എപ്പോഴും ഒരു മുൻതൂക്കം നൽകുന്നുണ്ട്. ടീം തിരഞ്ഞെടുക്കുന്ന സമയത്തും ഓൾറൗണ്ടർമാരെ പരിഗണിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്. ബാറ്റിംഗ് ഓൾറൗണ്ടറായി തന്നെ മുൻപിലേക്ക് പോകണം എന്നതാണ് എന്റെ ആഗ്രഹം.”- മിന്നുമണി പറഞ്ഞുവെയ്ക്കുന്നു. ബംഗ്ലാദേശ് വനിതകൾക്കെതിരായ രണ്ടാം മത്സരങ്ങളിൽ ഇന്ത്യ കേവലം 95 റൺസിന് ഇന്നിങ്സ് അവസാനിപ്പിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുമെന്ന് ഉറപ്പിച്ച സാഹചര്യത്തിലാണ് മിന്നുമണിയുടെ തകർപ്പൻ ബോളിംഗ്. തന്റെ ആദ്യ ഓവറിൽ തന്നെ നിർണായകമായ വിക്കറ്റ് സ്വന്തമാക്കി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ മിന്നുമണിക്ക് സാധിച്ചിരുന്നു. ഇത് ഇന്ത്യയുടെ വിജയത്തിന് വലിയ പങ്കുവഹിച്ചു. വരും മത്സരങ്ങളിലും മിന്നുമണി തകർപ്പൻ പ്രകടനങ്ങൾ പുറത്തെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleവിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ ടീം. ഇന്ത്യന്‍ ടീമിനു പുതിയ ഓപ്പണിംഗ് ജോഡി.
Next articleഇന്ത്യ 2023 ലോകകപ്പ് നേടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം വ്യക്തമാക്കി യുവരാജ് സിംഗ്.