2024 ട്വന്റി20 ലോകകപ്പിൽ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവയ്ക്കാതെ പുറത്തായ ടീമാണ് പാക്കിസ്ഥാൻ. കഴിഞ്ഞ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിൽ സ്ഥാനം പിടിച്ച പാക്കിസ്ഥാൻ, 2024ൽ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയുണ്ടായി. താരതമ്യേന ദുർബലരായ അമേരിക്കയോട് ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങിയാണ് പാകിസ്ഥാൻ തങ്ങളുടെ ലോകകപ്പ് ക്യാമ്പയിൻ ആരംഭിച്ചത്.
ഇന്ത്യയോട് പരാജയപ്പെട്ടതോടെ പാക്കിസ്ഥാൻ നിലംപതിക്കുകയായിരുന്നു. ഇതിന് ശേഷം പാക്കിസ്ഥാൻ ടീമിനെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ടീമിന്റെ പരിശീലകനായ ഗ്യാരി കിർസ്റ്റൻ. ടീമിൽ ഒത്തൊരുമ ഇല്ലാത്തതാണ് പരാജയത്തിന് കാരണമായി മാറുന്നത് എന്ന് ഗ്യാരി പറയുകയുണ്ടായി.
പാകിസ്ഥാൻ ടീമിൽ യാതൊരു യൂണിറ്റിയുമില്ല എന്നാണ് ഗ്യാരി കിർസ്റ്റൻ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞത്. ഇത്തരത്തിൽ ഒരു ടീമിന്റെ പരിശീലകനായി തുടരുന്നതിൽ തനിക്ക് നിരാശയുണ്ട് എന്നും ഗ്യാരി അറിയിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. “നിലവിൽ പാക്കിസ്ഥാൻ ടീമിൽ യാതൊരു ഒത്തൊരുമയുമില്ല. അവർ ഇതിനെ ഒരു ടീം എന്നാണ് വിളിക്കുന്നത്. എന്നാൽ എനിക്ക് ഇതൊരു ടീമായി തോന്നുന്നില്ല. പരസ്പരം പിന്തുണയ്ക്കാൻ അവർക്ക് സാധിക്കുന്നില്ല. എല്ലാവരും വ്യത്യസ്തരായി കാണപ്പെടുന്നു. എല്ലാവരും ഇടത്തേക്കും വലത്തേക്കും മാറി മാറി നിൽക്കുന്നു. ഞാൻ ഇതിനകം ഒരുപാട് ടീമുകളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. പക്ഷേ ഇത്തരമൊരു സാഹചര്യം എനിക്ക് വന്നിട്ടില്ല.”- ഗ്യാരി കിർസ്റ്റൻ പറയുന്നു.
ഇതിനൊപ്പം തങ്ങളുടെ ടീമിലെ താരങ്ങളുടെ കഴിവുകളെയും ഫിറ്റ്നസിനെയും പറ്റി ഗ്യാരി പറയുകയുണ്ടായി. ബാറ്റർമാരുടെ ഷോട്ട് സെലക്ഷൻ അടക്കം വലിയ രീതിയിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കി എന്നാണ് പരിശീലകൻ കൂട്ടിച്ചേർത്തത്. ആർക്കും ഒരു പ്രത്യേക സാഹചര്യത്തിൽ ഏതുതരം ഷോട്ട് കളിക്കണം എന്നതിനെപ്പറ്റി അറിയില്ല എന്ന് ഗ്യാരി പറഞ്ഞു. അതിനാൽ തന്നെ ടീമിലെത്തുന്ന താരങ്ങൾ ഇത്തരത്തിൽ ഫിറ്റ്നസിലും മറ്റും ഒരുപാട് പുരോഗതികൾ ഉണ്ടാക്കിയവരായിരിക്കണം എന്നാണ് ഗ്യാരി കിർസ്റ്റൻ ആവശ്യപ്പെട്ടത്. അല്ലാത്തപക്ഷം അത്തരം താരങ്ങളെ പുറത്താക്കണമെന്നും ഗ്യാരി പറഞ്ഞിരുന്നു.
എന്തായാലും ഗ്യാരി കിർസ്റ്റന്റെ ഈ പരാമർശങ്ങൾ പാക്കിസ്ഥാൻ ടീമിനെ പൂർണമായും ഞെട്ടിച്ചിട്ടുണ്ട്. ഇത്തരത്തിൽ ഒത്തൊരുമയില്ലാതെ കളിക്കുന്നത് ടീമിനെ വലിയ രീതിയിൽ ബാധിക്കുന്നുണ്ട് എന്ന് ആരാധകർ പോലും മുൻപ് പ്രതികരിക്കുകയുണ്ടായി. ലോക ക്രിക്കറ്റിൽ തന്നെ ഏറ്റവും മികച്ച പരിശീലകനായി പലരാലും വാഴ്ത്തപ്പെടുന്ന ആളാണ് ഗ്യാരി കിർസ്റ്റൻ.
അതിനാൽ തന്നെ ഗ്യാരിയുടെ വാക്കുകൾ ഇതിനോടകം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. 2025ൽ ചാമ്പ്യൻസ് ട്രോഫി അടക്കമുള്ള ടൂർണമെന്റുകൾ വരാനിരിക്കുന്ന സാഹചര്യത്തിൽ പാക്കിസ്ഥാൻ തങ്ങളുടെ മത്സരത്തിൽ പുരോഗതികൾ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.