ആ മത്സരത്തിന് ശേഷം ഞാൻ എന്നും കരഞ്ഞിരുന്നു. എന്നാൽ ധോണിയും ധവാനും… ഇഷാന്ത്‌ ശർമ പറയുന്നു

ക്രിക്കറ്റ് എന്നത് ഏറ്റക്കുറച്ചിലുകൾ ഒരുപാടുള്ള മത്സരമാണ്. ഒരു കളിക്കാരന്റെ കരിയറിൽ എപ്പോഴും ഉയർച്ചയും താഴ്ചയും ഉണ്ടായിക്കൊണ്ടേയിരിക്കും. ഇന്ത്യൻ താരം ഇഷാന്ത് ശർമയുടെ കരിയറിലുടനീളം ഇത്തരം ഏറ്റക്കുറച്ചിലുകൾ നമുക്ക് കാണാൻ സാധിക്കും. ഓസ്ട്രേലിയയിൽ പോയി ഓസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങിനെ വെള്ളം കുടിപ്പിച്ച ഇഷാന്ത് ശർമയ്ക്ക്, തന്റെ പിൽക്കാലത്ത് മോശം ബോളിങ്ങിന്റെ പേരിൽ ഒരുപാട് പഴികളും കേൾക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ 2013ൽ നടന്ന ഒരു സംഭവം തന്നെ വളരെയധികം വേദനിപ്പിച്ചതായി ഇഷാന്ത് ശർമ പറയുന്നു. ആ സംഭവത്തിന്റെ പേരിൽ താൻ ഒരു മാസത്തോളം കരയുകയുണ്ടായി എന്ന് ഇഷാന്ത് പറഞ്ഞുവയ്ക്കുന്നു.

2013ൽ ഓസ്ട്രേലിയക്കെതിരെ മോഹാലിയിൽ നടന്ന മത്സരത്തെപ്പറ്റിയാണ് ഇഷാന്ത് ശർമ പറയുന്നത്. മത്സരത്തിൽ ഓസ്ട്രേലിയക്ക് ജയിക്കാൻ 3 ഓവറുകളിൽ 44 റൺസ് വേണമായിരുന്നു. നാലു വിക്കറ്റ് അവശേഷിക്കെ ജെയിംസ് ഫോക്നറായിരുന്നു ഓസീസിനായി ക്രീസിൽ ഉണ്ടായിരുന്നത്. അടുത്ത ഓവറിൽ ഇഷാന്ത്‌ ശർമയെ നാലു സിക്സറുകളും ഒരു ബൗണ്ടറിയും പായിച്ച് 30 റൺസ് ഫോക്നർ നേടുകയുണ്ടായി. ഇതോടെ മത്സരത്തിൽ ഓസ്ട്രേലിയ വിജയിക്കുകയും ചെയ്തു. ഈ മത്സരം തന്നെ ഒരുപാട് വേദനിപ്പിച്ചു എന്ന് ഇഷാന്ത് ശർമ പറയുന്നു.

169219

“അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും മോശം മത്സരം. അതിനുശേഷം എന്നെ അത്രയും വിഷമിപ്പിച്ച മറ്റൊരു മത്സരം ഉണ്ടായിട്ടില്ല. അതെനിക്ക് വളരെ പ്രയാസമുണ്ടാക്കി. മത്സരത്തിൽ ഞാൻ റൺസ് വിട്ടു നൽകിയതല്ലായിരുന്നു എന്റെ പ്രശ്നം. എന്റെ ടീം പരാജയപ്പെടാൻ ഞാൻ കാരണമായി എന്നുള്ളതായിരുന്നു. അതിനുശേഷം ഞാൻ എന്റെ ഗേള്‍ഫ്രണ്ടിനെ നിരന്തരം വിളിക്കുകയും അവളുടെ മുന്നിൽ കരയുകയും ചെയ്യുമായിരുന്നു. ഏകദേശം ഒരു മാസത്തോളം ഇത് ആവർത്തിച്ചു.”- ഇഷാന്ത് ശർമ പറയുന്നു.

“എന്നാൽ അന്ന് പലപ്പോഴായി മഹേന്ദ്ര സിംഗ് ധോണിയും ധവാനും എന്റെ റൂമിലേക്ക് വരുമായിരുന്നു. അവർ എന്നെ വലിയ രീതിയിൽ ആശ്വസിപ്പിച്ചിരുന്നു. ‘നീ നന്നായിത്തന്നെ കളിക്കുന്നുണ്ട്’ എന്ന് അവർ എന്നോട് പറയുമായിരുന്നു. എന്നാൽ ആ ഒരൊറ്റ മത്സരം കൊണ്ട് ഞാൻ ഏകദിന ക്രിക്കറ്റിനു യോജിച്ച ആളല്ല എന്ന ധാരണ എന്റെ മനസ്സിൽ ഉണ്ടായി.”- ഇഷാന്ത് ശർമ കൂട്ടിച്ചേർക്കുന്നു.

Previous articleഇന്ത്യയുടെ ട്വന്റി20 കോച്ചായി ഇവർ വരണം. നിർദ്ദേശവുമായി ഹർഭജൻ സിംഗ്.
Next articleലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലും ബുമ്ര കളിക്കില്ല. ഇന്ത്യയ്ക്ക് തലവേദനയായി പുതിയ റിപ്പോർട്ട്‌