ധോണിയുടെ ദേഷ്യം കണ്ട് ഞെട്ടിയ കോഹ്ലി., ഡ്രെസ്സിങ് റൂമിലെ അപൂർവസംഭവം വിവരിച്ച് ഇഷാന്ത്.

ലോകക്രിക്കറ്റിൽ തന്നെ ഏറ്റവും ശാന്തനായ കളിക്കാരനാണ് മഹേന്ദ്രസിംഗ് ധോണി. എത്ര പ്രതിസന്ധിഘട്ടങ്ങളിൽ നിന്നാലും ധോണി മൈതാനത്ത് വളരെ കൂളായി തന്നെ കാണപ്പെടുന്നു. മാത്രമല്ല ഇന്ത്യൻ ടീമിലെ വിരാട് കോഹ്ലി അടക്കമുള്ള താരങ്ങളോട് ഒരു പ്രത്യേക താൽപര്യവും ധോണി കാട്ടിയിരുന്നു. കോഹ്ലിയുടെ ടീമിലെ വളർച്ചയിൽ നിർണായകമായ പങ്ക് വഹിച്ചത് ധോണിയുടെ തീരുമാനങ്ങൾ തന്നെയായിരുന്നു. കോഹ്ലി ഇക്കാര്യം പലപ്പോഴായി അഭിമുഖങ്ങളിൽ പറഞ്ഞിട്ടുമുണ്ട്. എന്നാൽ ഒരു സാഹചര്യത്തിൽ കോഹ്ലിയോട് മഹേന്ദ്രസിംഗ് ധോണി വലിയ രീതിയിൽ ദേഷ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ പേസ് ബോളറായ ഇഷാന്ത് ശർമയാണ് ഡ്രസ്സിംഗ് റൂമിലുണ്ടായ ഈ സംഭവം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കിടെ ഉണ്ടായ സംഭവമാണ് ഇഷാന്ത് എടുത്തു പറയുന്നത്. “ഇന്ത്യയുടെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരം പുരോഗമിക്കുകയാണ്. ശിഖർ ധവാന്റെ കരിയറിലെ ആദ്യത്തെ മത്സരമായിരുന്നു അത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സ് വലിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇന്ത്യയ്ക്ക് മത്സരത്തിൽ വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, ധവാന് പരിക്കേറ്റത് ബാധിച്ചു. ധവാന് മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാൻ സാധിച്ചില്ല. ഈ സമയത്താണ് വളരെ മോശം ഷോട് കളിച്ച് വിരാട് കോഹ്ലി പുറത്തായത്.”- ഇഷാന്ത് ശർമ പറയുന്നു.

“കോഹ്ലി പുറത്തായ ശേഷം ധോണി ഡ്രസിംഗ് റൂമിൽ വച്ച് കോഹ്ലിയുടെ ഷോട്ട് സെലക്ഷനെ പറ്റി സംസാരിച്ചു. ഒരു ബാറ്ററുടെ കുറവുണ്ടെന്ന് അറിയാമായിരുന്നിട്ടും എന്തിനാണ് ഇത്തരം ഒരു ഷോട്ട് കളിക്കാൻ തയ്യാറായത് എന്ന് ധോണി കോഹ്ലിയോട് ചോദിച്ചു. അന്ന് വളരെ ദേഷ്യത്തോടെയായിരുന്നു ധോണി പെരുമാറിയത്. ഇത് കണ്ടപ്പോൾ ടീമിൽ ഉണ്ടായിരുന്ന മറ്റു കളിക്കാരൊക്കെയും ഭയന്നു. എന്നാൽ കോഹ്ലി തിരിച്ചൊന്നും പറയാൻ തന്നെ തയ്യാറായില്ല. തനിക്ക് പറ്റിയ പിഴവുകളെ പറ്റി കോഹ്ലിക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.”- ഇഷാന്ത് ശർമ കൂട്ടിച്ചേർത്തു.

മൈതാനത്ത് പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന ക്രിക്കറ്ററാണ് വിരാട് കോഹ്ലി. പലതവണ ഇന്ത്യൻ താരങ്ങളുമായി തന്നെ വിരാട് കോഹ്ലി മൈതാനത്ത് ഏറ്റുമുട്ടിയിട്ടുണ്ട്. സമീപസമയത്ത് ഗൗതം ഗംഭീറുമായി കോഹ്ലി മൈതാനത്ത് ഏറ്റുമുട്ടിയതും വലിയ ചർച്ചയായിരുന്നു. എന്നാൽ ധോണിയെ പലപ്പോഴും കോഹ്ലി ഗുരുതുല്യനായാണ് കണ്ടിരുന്നത്. അതിനാൽ തന്നെ ധോണിയുടെ ഉപദേശം എപ്പോഴും കോഹ്ലി സ്വീകരിക്കാറുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള സ്നേഹം വിളിച്ചോതുന്ന ഒരു സംഭവം തന്നെയാണ് ഇഷാന്ത് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

Previous articleരോഹിതിനെ നിവർന്നുനിന്ന് ചോദ്യം ചെയ്യാൻ സാധിക്കുന്ന സെലക്ടർ ഇന്ത്യയ്ക്കില്ല, തുറന്ന് പറഞ്ഞ് ഗാവാസ്കർ.
Next articleകോഹ്ലിയ്ക്ക് മുമ്പ് രോഹിത് സൂപ്പർസ്റ്റാർ ആയേനെ, പക്ഷെ ധോണിയും സേവാഗും അത് തടഞ്ഞു. രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.