തന്റെ കരിയറിലെ നൂറാം ക്രിക്കറ്റ് ടെസ്റ്റില്‍ വളരെ അപൂർവ്വമായൊരു നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ഇഷാന്ത് ശര്‍മ. ബാറ്റിങ്ങിലാണ് ഇഷാന്ത് ശർമ്മ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ മൊട്ടേറയിൽ റെക്കോർഡിട്ടത് .
രണ്ടാം ദിനം ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ ഇന്ത്യൻ മുൻനിര തകർന്നപ്പോൾ ഇംഗ്ലണ്ട് സ്പിന്നര്‍ ജാക് ലീച്ച് എറിഞ്ഞ മത്സരത്തിലെ 51-ാം ഓവറിലെ ആദ്യ പന്ത് ഫ്രണ്ട് ഫൂട്ടില്‍ കയറിവന്ന് ലോംഗ് ഓഫിന് മുകളിലൂടെ സിക്സറിന് പറത്തി മത്സരത്തിലെ ആദ്യ സിക്സ് നേടിയ ഇഷാന്ത് . നൂറാം ടെസ്റ്റിൽ തന്റെ ടെസ്റ്റ് കരിയറിലെ ആദ്യ സിക്സ് കൂടിയാണ് അടിച്ചെടുത്തത് . സ്പിൻ ബൗളിങ്ങിനെ ഏറെ സഹായിക്കുന്ന ബാറ്റ്സ്മാന്‍മാര്‍ രണ്ടക്കം കടക്കാന്‍ പോലും കഷ്ടപ്പെടുന്ന മത്സരത്തില്‍ 10 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇഷാന്ത് ഇന്ത്യക്ക് നേരിയ ലീഡ് സമ്മാനിക്കുന്നതില്‍ അൽപ്പം പങ്കുവഹിക്കുകയും ചെയ്തു. 33 റൺസിന്റെ ലീഡാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ നേടിയത് .
100 ടെസ്റ്റില്‍ നിന്ന് 8.38 ബാറ്റിംഗ് ശരാശരിയില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം 746 റണ്‍സടിച്ചിട്ടുള്ള ഇഷാന്ത് 84 ഫോറുകൾ നേടിയിട്ടുണ്ടെങ്കിലും തന്റെ കരിയറില്‍ ആദ്യമായാണ് ഒരു സിക്സ് അടിക്കുന്നത് .പല മത്സരങ്ങളിലും നൈറ്റ് :വാച്ച്മാനായി ബാറ്റിങ്ങിൽ ശോഭിച്ചിട്ടുള്ള ഇഷാന്ത് സിക്സ് അടിച്ച് നൂറാം ടെസ്റ്റ് മനോഹരമാക്കി .
നേരത്തെ ആദ്യ ഇന്നിംഗ്സില്‍ തന്റെ രണ്ടാം ഓവറിൽ തന്നെ ഇംഗ്ലണ്ട് ഓപ്പണർ ഡോം സിബ്ലിയെ സ്ലിപ്പില്‍ രോഹിത്തിന്‍റെ കൈകളില്‍ എത്തിച്ച ഇഷാന്ത് മോട്ടേറയിലെ പുതുക്കി പണിത സ്റ്റേഡിയത്തിലെ ആദ്യ വിക്കറ്റിന് ഉടമയായിരുന്നു .രണ്ടാം ഇന്നിങ്സിൽ പേസർ ബുംറക്കും ഇഷാന്തിനും പന്തെറിയേണ്ട ആവശ്യം വന്നതുമില്ല .