നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് വലിയ മത്സരമാണ് ടീമിൽ നടന്നുകൊണ്ടിരിക്കുന്നത്. യുവതാരങ്ങളായ റിഷബ് പന്ത്, ഇഷാൻ കിഷൻ,സഞ്ജു സാംസൺ എന്നിവരാണ് ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തോട് പ്രതികരിച്ചിരിക്കുകയാണ് യുവ താരം ഇഷാൻ കിഷൻ.
ഒരു അഭിമുഖത്തിനിടയിലാണ് ഇഷാൻ കിഷൻ തൻ്റെ അഭിപ്രായം തുറന്നു പറഞ്ഞത്. തങ്ങൾക്ക് പ്രധാനം ഇന്ത്യയുടെ വിജയമാണെന്നും പരസ്പരം സഹായിക്കാനാണ് തങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് ഇഷാൻ കിഷൻ പറഞ്ഞത്.
“ഞങ്ങൾ എപ്പോഴും ശ്രമിക്കാറുള്ളത് പരസ്പരം സഹായിക്കാനാണ്. ഞങ്ങൾ തമ്മിൽ സംസാരിക്കാറുള്ളത് എങ്ങനെ മെച്ചപ്പെടാം എന്നതിനെ കുറിച്ചാണ്. നമ്മുടെ രാജ്യത്തെയാണ് ഞങ്ങൾ പ്രതിനിധീകരിക്കാൻ പോകുന്നത് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
സഞ്ജു സെഞ്ച്വറി നേടുന്നതോ,ഞാൻ സെഞ്ചുറി നേടുന്നതോ,പന്ത് സെഞ്ച്വറി നേടുന്നതോ അല്ല ഞങ്ങളുടെ സന്തോഷം ഇന്ത്യ വിജയിക്കുന്നതാണ്. ഞങ്ങൾ മറ്റുള്ളവർ സെഞ്ചുറി നേരിടുന്നതിനെക്കുറിച്ച് ചിന്തിക്കാറില്ല. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് ഞങ്ങൾ പരസ്പരം ചോദിക്കാറുണ്ട്.”- ഇഷാൻ കിഷൻ പറഞ്ഞു.