ശ്രീലങ്കക്ക് എതിരായ ഒന്നാം ടി :20യിൽ ടോസ് നഷ്ടമായി ബാറ്റിംഗ് ആരംഭിച്ച ടീം ഇന്ത്യക്കായി മികച്ച തുടക്കമാണ് ലഭിച്ചത്. ഇന്ത്യൻ ടീമിനായി ഓപ്പണർമാരായ രോഹിത് ശർമ്മയും (44), ഇഷാൻ കിഷനും (89) ചേർന്ന് 111 റൺസ് കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ശേഷം എത്തിയ ശ്രേയസ് അയ്യർ വെടിക്കെട്ട് അർദ്ധ സെഞ്ച്വറി നേടിയതോടെ ഇന്ത്യൻ ടോട്ടൽ 199 റൺസിലേക്ക് എത്തി.മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിൽ സ്ഥാനം നേടിയപ്പോൾ ബാറ്റിങ്ങിനായി അവസരം ലഭിച്ചില്ല.
അതേസമയം തനിക്ക് ഓപ്പണിങ്ങിൽ ലഭിച്ച അവസരം ഇത്തവണ എല്ലാ വിധത്തിലും ഉപയോഗിച്ച ഇഷാൻ കിഷൻ 56 ബോളിൽ നിന്നും 10 ഫോറും 3 സിക്സ് അടക്കം 89 റൺസ് അടിച്ചാണ് പുറത്തായത്. മുപ്പത് ബോളിൽ നിന്നും തന്റെ ഫിഫ്റ്റി പൂർത്തിയാക്കിയ ഇഷാൻ കിഷൻ തന്റെ ഇക്കഴിഞ്ഞ മോശം ബാറ്റിങ് ഫോമിലുള്ള വിമർശനങ്ങൾക്ക് എല്ലാം മറുപടി ബാറ്റ് കൊണ്ട് നൽകി. തന്റെ ടി :20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോറിന് അവകാശിയായ താരം അപൂർവ്വമായ മറ്റൊരു റെക്കോർഡിനും അവകാശിയായി മാറി.
അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഒരു ഇന്ത്യൻ വിക്കെറ്റ് കീപ്പർ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ കൂടിയാണ് ഇന്ന് ഇഷാൻ കിഷന്‍റെ ബാറ്റിൽ നിന്നും പിറന്നത്. നേരത്തെ 2019ൽ റിഷാബ് പന്ത് വെസ്റ്റിൻഡീസിനെതിരെ 65 റൺസ് നേടിയ റെക്കോർഡാണ് ഇഷാൻ കിഷന്റെ ഇന്നത്തെ പ്രകടനത്തോടെ മറികടന്നത്. ഇത്തവണത്തെ ഐപിൽ മെഗാ താര ലേലത്തിൽ മുംബൈ ഇന്ത്യൻസ് ടീം 15 കോടി രൂപക്കാണ് ഇഷാൻ കിഷനെ മുംബൈ ഇന്ത്യൻസ് ടീം സ്വന്തമാക്കിയത്