ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിനത്തില്‍ ഇരട്ട സെഞ്ചുറിയുമായി ഇഷാന്‍ കിഷന്‍. മത്സരത്തില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്ക് പകരമാണ് ഇഷാന്‍ കിഷന്‍ പ്ലേയിങ്ങ് ഇലവനില്‍ എത്തിയത്.
സ്കോര്‍ ബോര്‍ഡില്‍ 15 റണ്‍സുള്ളപ്പോള്‍ ശിഖാര്‍ ധവാനെ നഷ്ടമായപ്പോള്‍ പിന്നീട് ഇഷാനൊപ്പം എത്തിയത് വിരാട് കോഹ്ലി. ഇഷാന്‍ ആക്രമിച്ച് കളിച്ചപ്പോള്‍ വിരാട് കോഹ്ലി മികച്ച പിന്തുണ നല്‍കി.
50 പന്തില്‍ ഫിഫ്റ്റി തികച്ച ഇഷാന്‍ പിന്നീട് സ്കോറിങ്ങിനു വേഗത കൂട്ടി. 85 പന്തില്‍ തന്‍റെ സെഞ്ചുറി കണ്ടെത്തിയ താരം പിന്നീട് ബൗണ്ടറികളിലും സിക്സിലും മാത്രമാണ് ശ്രദ്ധ ചെലുത്തിയത്. 103 പന്തില്‍ 150 കടന്ന ഇഷാന്‍ കിഷന്‍, ഏറ്റവും വേഗത്തില്‍ 150 റണ്‍സ് നേടുന്ന താരമായി.
35ാം ഓവറിലാണ് ഇഷാന്‍ ഇരട്ട സെഞ്ചുറി തികച്ചത്. 126 പന്തില്‍ 23 ഫോറും 9 സിക്സും സഹിതമാണ് ഇഷാന്‍ ഇരട്ട സെഞ്ചുറി തികച്ചത്.
ഇരട്ട സെഞ്ചുറി നേടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് ഇഷാന്‍ കിഷന്‍. ഇതിനു മുന്‍പ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരേന്ദര്‍ സേവാഗ്, രോഹിത് ശര്‍മ്മ എന്നിവരാണ് ഏകദിനത്തില്‍ 200 റണ്‍സ് തികച്ചത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ക്രിസ് ഗെയില്‍, ഫഖര്‍ സമ്മാന്‍ എന്നിവരാണ് ഇരട്ട സെഞ്ചുറി നേടിയ മറ്റുള്ളവര്‍.